പാരിസ്: റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കെതിരെ ചൈന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ഫ്രാന്‍സ്. റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്ന രാജ്യങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ചൈനയുടെ ശ്രമമെന്ന് റിപ്പോര്‍ട്ട്. ചൈനീസ് എംബസികളിലെ അറ്റാഷെമാരുടെ നേതൃത്വത്തിലാണ് ശ്രമംനടത്തുന്നതെന്ന് ഫ്രഞ്ച് സൈനിക- രഹസ്യാന്വേഷണവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. മേയ് മാസത്തില്‍ പാകിസ്ഥാനുമായി നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു.
റഫാല്‍ യുദ്ധവിമാനം വാങ്ങാന്‍ താല്‍പര്യപ്പെടുന്നവരെ, പ്രത്യേകിച്ച് ഇന്‍ഡൊനീഷ്യയെ ഇടപാടില്‍ നിന്ന് പിന്തിരിപ്പിക്കാനും ചൈനീസ് നിര്‍മിത യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ചൈനയുടെ നീക്കമെന്ന് പേരു വെളിപ്പെടുത്താത്ത ഫ്രഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തെറ്റിദ്ധരിപ്പിക്കുന്ന സാമൂഹിക മാധ്യമ പോസ്റ്റുകള്‍, തകര്‍ന്ന റഫാലിന്റേതെന്ന് ആരോപിച്ചുള്ള ചിത്രങ്ങള്‍, എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ തുടങ്ങിയവയിലൂടെയായിരുന്നു റഫാലിന് ‘ചീത്തപ്പേരു’ണ്ടാക്കാനുള്ള ചൈനീസ് നീക്കമെന്നാണ് വിവരം. ചൈനീസ് സാങ്കേതിക വിദ്യയുടെ മേന്മയെക്കുറിച്ചുള്ള പ്രചാരണത്തിന് ആയിരത്തിലധികം പുതിയ സാമൂഹികമാധ്യമ അക്കൗണ്ടുകളാണ് സൃഷ്ടിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.