വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ നിർണായകമായ നാലാം പോരാട്ടത്തിന് മുൻപ് ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. നിലവിൽ പരമ്പരയിൽ 2-1ന് മുന്നിലുള്ള ഇന്ത്യ, ഇന്നത്തെ മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലാണ് ഇറങ്ങുന്നത്. അതേസമയം, പരമ്പര നഷ്ടപ്പെടാതിരിക്കാൻ വിൻഡീസിന് ജയം അനിവാര്യമാണ്.
നാലാം മത്സരത്തിൽ യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് ടീം മാനേജ്മെന്റ് ഒരു അവസരം കൂടി നൽകണമെന്ന് പൂജാര ജിയോ ഹോട്സ്റ്റാറിലെ ചർച്ചയിൽ അഭിപ്രായപ്പെട്ടു. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് 30 റൺസും രണ്ട് വിക്കറ്റുമാണ് താരം നേടിയത്. ബാറ്റിംഗ് നിരയിൽ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നും പൂജാര വ്യക്തമാക്കി. സഞ്ജു സാംസണും അഭിഷേക് ശർമ്മയും ഓപ്പൺ ചെയ്യണമെന്നും ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ്മ എന്നിങ്ങനെ ബാറ്റ് ചെയ്യണമെന്നും പുജാര പറഞ്ഞു. ബൗളിംഗ് നിരയിൽ അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, മയങ്ക് യാദവ് എന്നിവരെ ഉൾപ്പെടുത്തിയ പൂജാര ഹൈദരാബാദിലെ പിച്ചിന്റെ സാഹചര്യങ്ങൾ അനുസരിച്ച് അവസാന ബൗളിംഗ് സ്ലോട്ടിൽ പ്രിൻസ് യാദവ് അല്ലെങ്കിൽ കുൽദീപ് യാദവ് എന്നിവരിൽ ഒരാളെ പരിഗണിക്കാമെന്നും കൂട്ടിച്ചേർത്തു.






