ഡല്‍ഹി: ഓപ്പറേഷന്‍ സിന്ധു ദൗത്യത്തിന്റെ ഭാഗമായ നാലാമത്തെ വിമാനവും ഡല്‍ഹിയില്‍ എത്തി. വിമാനത്തില്‍ ഒരു മലയാളിയുമുണ്ട്. ടെഹറാന്‍ ഷാഹിദ് ബെഹ്ഷത്തി സര്‍വകലാശാല ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ മലപ്പുറം സ്വദേശി ഫാദിലയാണ് തിരികെയെത്തിയ വിമാനത്തിലുള്ളത്. നാലാമത്തെ വിമാനത്തില്‍ 256 പേരാണുള്ളത്. ഇതോടെ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 773 പേര്‍ നാട്ടിലെത്തി. ഇറാവിലെ എല്ലാ ഇന്ത്യാക്കാരെയും ഒഴിപ്പിക്കുകയാണെന്നും, വരും ദിവസങ്ങളിലും വിമാനങ്ങളെത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Also Read: പശ്ചിമ ബംഗാളിൽ ക്രൂഡ് ബോംബ് സ്ഫോടനം: രണ്ട് പേർ കൊല്ലപ്പെട്ടു
അതിനിടെ ഓപ്പറേഷന്‍ സിന്ധുവിലൂടെ അയല്‍ രാജ്യങ്ങള്‍ക്കും സഹായഹസ്തം നീട്ടുകയാണ് ഇന്ത്യ. ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ദൗത്യത്തിന്റെ ഭാഗമായി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന നേപ്പാള്‍, ശ്രീലങ്ക സ്വദേശികള്‍ക്ക് എംബസിയുമായി ബന്ധപ്പെടാനുള്ള അടിയന്തര കോൺടാക്റ്റ് നമ്പറുകൾ നൽകിയിട്ടുണ്ട്. ടെലിഗ്രാം വഴിയോ, ഫോൺ വിളിക്കുകയോ ചെയ്യാം. +989010144557, +989128109115, +989128109109 എംബസിയുടെ ഈ അടിയന്തര കോൺടാക്റ്റ് നമ്പറുകൾ എല്ലാ സമയവും പ്രവർത്തിക്കും.