തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാലുവർഷ സംയോജിത ബിരുദ -ബി.എഡ് കോഴ്സ് നടപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട്. നിലവിലുള്ള ടീച്ചർ ട്രെയിനിങ് കോളേജുകളെ (ബി.എഡ്, ഡി.എൽ.എഡ് കോളേജുകൾ) മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസ സ്ഥാപനങ്ങളായി പരിഗണിച്ച് നാലു വർഷ ബിരുദ-ബി.എഡ് കോഴ്സ് അനുവദിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന ശിപാർശയും റിപ്പോർട്ടിലുണ്ട്.
നാലു വർഷ സംയോജിത ടീച്ചർ എജുക്കേഷൻ പ്രോഗ്രാം നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) നടപ്പാക്കുന്ന സാഹചര്യത്തിലാണ് മലേഷ്യൻ സർവകലാശാല മുൻ ഡെപ്യൂട്ടി വൈസ്ചാൻസലർ പ്രഫ. മോഹൻ ബി. മേനോൻ അധ്യക്ഷനും കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ടി. മുഹമ്മദ് സലീം കൺവീനറുമായി രൂപവത്കരിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചത്. നിലവിലുള്ള ടീച്ചർ എജുക്കേഷൻ കോളേജുകളെ സമീപത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളായി സഹകരിപ്പിച്ചോ (ട്വിന്നിങ്) ഇത്തരം കോളേജുകളുടെ ക്ലസ്റ്റർ രൂപവത്കരിച്ചോ നാലു വർഷ സംയോജിത കോഴ്സ് നടപ്പാക്കണമെന്നാണ് നിലവിൽ സമിതിയുടെ പ്രധാന ശുപാർശ.
Also Read : ലൈബ്രേറിയൻമാർക്കും ഇനി കോളേജിൽ പഠിപ്പിക്കാം
നാലു വർഷ കോഴ്സ് പ്രവേശനത്തിന് എൻ.ടി.എ നടത്തുന്ന പ്രവേശന പരീക്ഷക്ക് പുറമെ, സംസ്ഥാനതലത്തിലോ സർവകലാശാല തലത്തിലോ പ്രവേശനപരീക്ഷ നടത്താനുള്ള നിർദേശവും റിപ്പോർട്ടിൽ മുന്നോട്ടുവെക്കുന്നു. നാലു വർഷ സംയോജിത കോഴ്സ് നിലവിൽ വരുന്ന സാഹചര്യത്തിൽ ആർട്സ് ആൻഡ് സയൻസ് കോളേജുകൾ ഉൾപ്പെടെ നിലവിലുള്ള മൾട്ടി ഡിസിപ്ലിനറി ഹയർ എജുക്കേഷൻ സ്ഥാപനങ്ങളിൽ പുതിയ എജുക്കേഷൻ പഠനവകുപ്പ് ആരംഭിക്കുന്നത് സർക്കാർ നിരുത്സാഹപ്പെടുത്തണമെന്നും റിപ്പോർട്ടിലുണ്ട്. മികച്ച പഠനസൗകര്യങ്ങളുള്ള ടീച്ചർ എജുക്കേഷൻ കോളേജുകളും സ്വാശ്രയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നാലു വർഷ കോഴ്സ് നടത്താവുന്ന സ്ഥാപനങ്ങളാക്കി പരിവർത്തിപ്പിക്കാവുന്നതാണെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
ബി.എ -ബി.എഡ്, ബി.എസ്സി -ബി.എഡ്, ബി.കോം -ബി.എഡ് എന്നിങ്ങനെ മൂന്ന് രീതിയിലുള്ള സംയോജിത ടീച്ചർ എജുക്കേഷൻ കോഴ്സാണ് എൻ.സി.ടി.ഇ രൂപകൽപന ചെയ്തിട്ടുള്ളത്.