കോട്ടയം: എം.ജി. സർവകലാശാലയുടെ നാലുവർഷ ബിരുദ മൂല്യനിർണയ ക്യാമ്പുകൾ തുടങ്ങിയത് അധ്യാപകർക്ക് വേണ്ടത്ര പരിശീലനം നൽകാതെയാണെന്ന പരാതിയുമായി അധ്യാപക സംഘടന. ഇത്തവണത്തെ മൂല്യ നിർണയം ‘ഔട്ട് കം ബേസ്‌ഡ് എജുക്കേഷന്റെ’ ഭാഗമായാണ്. മൂല്യ നിർണയം ഇത്തരത്തിൽ സങ്കീർണമായ രീതിയിൽ നടത്തുമ്പോൾ കാര്യമായ പരിശീലനം ആവശ്യമാണ്. അതേസമയം, യാതൊരു പരിശീലനവും അധ്യാപകർക്ക് നൽകിയിട്ടില്ലെന്ന് കെ.പി.സി.ടി.എ. സംസ്ഥാന ട്രഷറർ റോണി ജോർജ് ആരോപിച്ചു.
കോളേജുകളിലാണ് ഇത്തവണ മൂല്യനിർണയക്യാമ്പ്. നേരത്തെ സർവകലാശാല കേന്ദ്രീകൃതമായായിരുന്നു നടത്തിയിരുന്നത്. സർവകലാശാല ജീവനക്കാർ ചെയ്തിരുന്ന ഉത്തരക്കടലാസ് വിതരണം, പോർട്ടലിൽ മാർക്ക് രേഖപ്പെടുത്തൽ, തുടങ്ങിയ ജോലികൾ ഇപ്പോൾ അധ്യാപകൻ ചെയ്യണം.പരീക്ഷയും മൂല്യനിർണയവുമായി ബന്ധപ്പെട്ട അധിക ക്ലെറിക്കൽ ചുമതലകളും ഒരേസമയം നടത്തേണ്ട അവസ്ഥയിലാണ് കോളേജുകൾ.
Also Read: യു.ജി, പി.ജി പ്രവേശന പരീക്ഷകൾ മാറ്റങ്ങൾക്ക് വിധേയമാകും: യു.ജി.സി ചെയർമാൻ
അതേസമയം, ആരോപണത്തിന് അടിസ്ഥാനമില്ലെന്നാണ് എം.ജി.സർവകലാശാലാ പരീക്ഷാ കൺട്രോളർ പറയുന്നത്. കോളേജുകളിലെ പ്രിൻസിപ്പൽമാർക്കും ഓരോ കോളേജിലും തിരഞ്ഞെടുത്ത നോഡൽ ഓഫീസർക്കും പരിശീലനം നൽകിയിരുന്നെന്നും കൺട്രോളർ പറഞ്ഞു.