അബുദബി: ക്ലാസ് മുറിയിൽ അച്ചടക്കം പാലിപ്പിക്കാനെന്ന പേരിൽ നാല് വിദ്യാർഥികളെ ക്രൂരമായി മർദിച്ച അധ്യാപകന് കർശന ശിക്ഷ വിധിച്ച് അബുദബി ക്രിമിനൽ കോടതി. സ്വകാര്യ സ്‌കൂളിൽ നടന്ന സംഭവത്തിൽ പ്രതിക്ക് രണ്ടു വർഷം തടവും ശിക്ഷാകാലാവധി പൂർത്തിയാക്കിയശേഷം രാജ്യത്തുനിന്ന് നാടുകടത്തലുമാണ് വിധിച്ചത്. കോടതിച്ചെലവുകൾ മുഴുവൻ പ്രതി തന്നെ വഹിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മർദനത്തിൽ പരിക്കേറ്റ വിദ്യാർഥികൾക്ക് ഏകദേശം 20 ദിവസത്തോളം ദൈനംദിന കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
അന്വേഷണത്തിനിടയിലും കോടതിയിലും അധ്യാപകൻ കുറ്റം സമ്മതിച്ചിരുന്നു. ക്ലാസിനിടെ കുട്ടികൾ ബഹളമുണ്ടാക്കുകയും പഠനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നത് ഒഴിവാക്കി അച്ചടക്കം പഠിപ്പിക്കാനാണ് മർദിച്ചതെന്നായിരുന്നു പ്രതിയുടെ വിശദീകരണം. എന്നാൽ, സ്‌കൂളിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ഈ വാദം അംഗീകരിച്ചില്ല. ന്യായീകരണമില്ലാതെ വിദ്യാർഥികൾക്കുനേരെ അതിക്രൂരവും കഠിനവുമായ ആക്രമണം നടത്തിയതായി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
Also Read: ഏഴ് ദുരൂഹമരണങ്ങൾ, ഒമ്പതുവർഷത്തെ അന്വേഷണം! കൂടത്തിൽ ജയമാധവൻ നായർ കേസിൽ കാര്യസ്ഥൻ അറസ്റ്റിൽ
സ്‌കൂളിലും അധ്യയന സമയത്തും ഇത്തരം അതിക്രമങ്ങൾ നടക്കുന്നത് വ്യക്തികളുടെ സുരക്ഷയെ ബാധിക്കുന്നതും ക്രമസമാധാനത്തിന് ഭീഷണിയാകുന്നതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിയമത്തോടുള്ള ആദരവ് നിലനിർത്താനും പൊതുക്രമസമാധാനം അനിവാര്യമാണെന്നും വിധിന്യായത്തിൽ വ്യക്തമാക്കി.
നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും വ്യക്തമായ ലംഘനമാണ് അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കോടതി വിലയിരുത്തി. പൊതുസുരക്ഷ സംരക്ഷിക്കാനും വ്യക്തികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും ആളുകൾക്കെതിരായ അതിക്രമങ്ങൾ തടയാനും കർശനമായ നിയമനടപടികൾ ആവശ്യമാണ്. വിദ്യാർഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ നിലപാടാണ് കോടതി വിധിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.






