കര്‍ണാടക മുന്‍ മുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ബിജെപി

കര്‍ണാടക മുന്‍ മുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ബിജെപി

ബെംഗളൂരു: കര്‍ണാടക മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ശിവമോഗയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ഈശ്വരപ്പയെ ആറ് വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുള്ളത്. ശിവമൊഗ്ഗയില്‍ യെദിയൂരപ്പയുടെ മകനും സിറ്റിംഗ് എംപിയുമായ രാഘവേന്ദ്രയ്ക്ക് എതിരെ ഈശ്വരപ്പ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരുന്നു. തന്റെ മകന്‍ കെ ഇ കാന്തേഷിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഈശ്വരപ്പ മത്സരിക്കാന്‍ തീരുമാനിച്ചത്.

വിമത നീക്കത്തില്‍ നിന്ന് അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് അച്ചടക്ക നടപടിയെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈശ്വരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചതും വിവാദമായിരുന്നു. കര്‍ണാടക ബിജെപിയില്‍ യെദ്യൂരപ്പ വിഭാഗം വീണ്ടും പിടിമുറുക്കിയതില്‍ ഈശ്വരപ്പ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈശ്വരപ്പയ്ക്ക് ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മകന് സീറ്റ് നല്‍കുമെന്ന് തനിക്ക് ഉറപ്പ് ലഭിച്ചിരുന്നതായും ഈശ്വരപ്പ പറഞ്ഞിരുന്നു. എന്നാല്‍ ഹവേരിയില്‍ മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ആണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. മകനെ തഴഞ്ഞത് യെദ്യൂരപ്പയുടെ ചരടുവലിയാണെന്ന് ഈശ്വരപ്പ ആരോപിക്കുന്നു

ബിജെപി വിമതനായി ഈശ്വരപ്പ എത്തിയതോടെ ശിവമോഗയില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ മകളും കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാറിന്റെ ഭാര്യയുമായ ഗീതാ ശിവരാജ്കുമാറാണ് കോണ്‍ഗ്രസിന് വേണ്ടി ശിവമോഗ മണ്ഡലത്തില്‍ വോട്ട് തേടുന്നത്.

Top