ഗാസയിൽ മുൻ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ട സംഭവം: പിന്നിൽ ഇസ്രായേലെന്ന് യുഎൻ

ഗാസയിൽ മുൻ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ട സംഭവം: പിന്നിൽ ഇസ്രായേലെന്ന് യുഎൻ

തെക്കൻ ഗാസയിൽ യുഎന്നിൻറെ വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ വൈഭവ് അനിൽ കൊല്ലപ്പെട്ടതിനു പിന്നിൽ ഇസ്രയേലാണെന്ന സൂചന നൽകി യുഎൻ. ‘സൈനിക ടാങ്കിൽ’ നിന്നാണ് യുഎൻ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ ആക്രമണമുണ്ടായതെന്നാണ് യുഎന്നിൻറെ വിശദീകരണം.

സാധാരണഗതിയിൽ ഗാസയിൽ ടാങ്കുകൾ ഉപയോഗിക്കുന്നത് ഇസ്രായേൽ സൈന്യമാണ്.

ഇന്ത്യൻ സൈന്യത്തിൽനിന്ന് വിരമിച്ച് ഏഴുമാസം മുൻപ് ഗാസയിലെ യുഎന്നിൻറെ സുരക്ഷാ സേവന കോഡിനേറ്ററായി പ്രവർത്തിക്കവെയാണ് വൈഭവ് അനിൽ തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

റാഫയിൽനിന്ന് ഖാൻ യൂനുസിലെ യൂറോപ്യൻ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് യുഎന്നിൻറെ പതാകയും സ്റ്റിക്കറുകളും വ്യക്തമായി ശ്രദ്ധയിൽപ്പെടുന്ന വാഹനം ആക്രമിക്കപ്പെടുന്നത്. കാറിലുണ്ടായിരുന്ന വൈഭവ് അനിൽ കാലെ കൊല്ലപ്പെടുകയും കൂടെയുണ്ടായിരുന്ന മറ്റൊരു ജോർദിയൻ ജീവനക്കാരന് പരുക്കേൽക്കുകയും ചെയ്തു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൻറെ റൂട്ട് അധികൃതർക്ക് കൈമാറിയിരുന്നില്ലെന്നായിരുന്നു ഇസ്രായേൽ നടത്തിയ വിശദീകരണം. എന്നാൽ റൂട്ട് മാപ്പ് കൃത്യമായി അധികൃതർക്ക് കൈമാറിയിരുന്നതായി യുഎൻ വക്താവ് റോലാൻഡോ ഗോമസ് അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ എല്ലാ വാഹന വ്യൂഹങ്ങളുടെയും റൂട്ടുകൾ ഇസ്രായേൽ അധികാരികളെ അറിയിക്കാറുണ്ടായിരുന്നുവെന്ന് വിശദീകരിച്ചിരുന്നു. വൈഭവും സഹജീവനക്കാരനും സഞ്ചരിച്ചിരുന്ന വാഹനത്തിൻറെ വിവരങ്ങളും കൈമാറിയിരുന്നു. കൂടാതെ യു.എന്നിൻറെ വാഹനമാണെന്ന് കാണിക്കാനുള്ള എല്ലാ അടയാളങ്ങളും പതിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവം വ്യക്തമാക്കുന്നത് ഗാസയിൽ ഒരിടവും സുരക്ഷിതമല്ലെന്നാണെന്നും യുഎൻ വക്താവ് പറഞ്ഞു.

ലെവൽ 6 ബുള്ളറ്റ് പ്രൂഫ് വാഹനത്തിലായിരുന്നു ഇരുവരുടെയും സഞ്ചാരം. 7.62 എംഎം വരെയുള്ള ആക്രമണങ്ങൾ തടുക്കാൻ ഇതിനാകും. എന്നാൽ കാലെയുടെ പരുക്കുകൾ പരിശോധിക്കുമ്പോൾ അതിലും പ്രഹരശേഷിയുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമാകും. ഈ തെളിവുകളും വിരൽചൂണ്ടുന്നത് ഇസ്രയേലിനു നേരെയാണ്.

ഒക്ടോബർ ഏഴിനുശേഷം ഗാസയിൽ കൊല്ലപ്പെടുന്ന യുഎന്നിൻറെ ആദ്യ വിദേശി പൗരനാണ് വൈഭവ്. കേണലായിരുന്ന വൈഭവ് 2022 ലാണ് ഇന്ത്യൻ സൈന്യത്തിൽനിന്ന് വിരമിച്ചത്. തുടർന്ന് അദ്ദേഹം യുഎന്നിൻറെ ഭാഗമാവുകയായിരുന്നു. കുറച്ചുമാസങ്ങൾക്ക് മുൻപാണ് ഗാസയിൽ എത്തിയത്.

Top