സമസ്തയ്ക്ക് കാര്യം മനസ്സിലായി ലീഗിന് പിടികിട്ടിയിട്ടില്ല, ‘മതന്യൂനപക്ഷങ്ങൾക്ക് കോൺഗ്രസ്സിൽ വിശ്വാസം നഷ്ടപ്പെട്ടു’

സമസ്തയ്ക്ക് കാര്യം മനസ്സിലായി ലീഗിന് പിടികിട്ടിയിട്ടില്ല, ‘മതന്യൂനപക്ഷങ്ങൾക്ക് കോൺഗ്രസ്സിൽ വിശ്വാസം നഷ്ടപ്പെട്ടു’

മുസ്ലീം മതന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസ്സിലുള്ള വിശ്വാസം നഷ്ടമായെന്ന് മുന്‍ ഗുരുവായൂര്‍ എം.എല്‍.എയും സി.പി.എം നേതാവുമായ കെ.വി അബ്ദുള്‍ഖാദര്‍. മുസ്ലിം ലീഗിനേക്കാള്‍ ഇക്കാര്യം സമസ്തയ്ക്ക് അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എക്‌സ്പ്രസ്സ് കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം.

മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ വ്യാപകമായാണ് ബി.ജെ.പിയില്‍ ചേരുന്നത്. കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ പോലും തനക്ക് തോന്നുമ്പോള്‍ ബി.ജെ.പിയില്‍ പോകുമെന്ന് പറഞ്ഞ നേതാവാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരും പോകില്ല എന്നത് കോണ്‍ഗ്രസ്സ് നേതൃത്വത്തിനു തന്നെ ഉറപ്പിച്ച് പറയാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്നും അബ്ദുള്‍ഖാദര്‍ ചൂണ്ടിക്കാട്ടി.

മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള തൃശൂരിലെ ജനങ്ങളും വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ഇടതുപക്ഷത്തെ മാത്രമാണ്. നാല് വോട്ടിനു വേണ്ടി തങ്ങളുടെ നിലപാട് ഇടതുപക്ഷം മാറ്റില്ലെന്ന നല്ലബോധ്യം ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്കുമുണ്ട്.

ഏത് വിഷയങ്ങള്‍ എടുത്ത് നോക്കിയാലും ആ വിഷയങ്ങളില്‍ എല്ലാം തന്നെ, ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാട് കാണാന്‍ സാധിക്കും. ഉത്തരേന്ത്യയില്‍ ഒരു നിലപാട് ഇവിടെ വേറൊരു നിലപാട് എന്നൊന്നും ഇടതുപക്ഷത്തിനില്ല. അതെല്ലാം തന്നെ ജനങ്ങള്‍ കാണുന്നുമുണ്ട്.

ബുള്‍ഡോസര്‍രാജ് ഇല്ലാത്ത… മതന്യൂനപക്ഷങ്ങള്‍ക്കെതിരായ കടനാക്രമണങ്ങള്‍ ഇല്ലാത്ത സംസ്ഥാനമാണ് കേരളം. ഇവിടെ വര്‍ഗ്ഗീയ-തീവ്രവാദ ശക്തികള്‍ കോട്ടമുണ്ടാക്കാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ടെങ്കിലും, അതിനെയെല്ലാം രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ ഇടതുപക്ഷം ഉണ്ടായിട്ടുണ്ടെന്നും കെ.വി അബുദുള്‍ഖാദര്‍ വ്യക്തമാക്കി. (എക്‌സ്പ്രസ്സ് കേരള പ്രതിനിധി ശബരിനാഥുമായുള്ള അഭിമുഖത്തില്‍ നിന്ന് …)

തൃശൂരിലെ ഇടതുപക്ഷത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് ‘ആയുധം’ എന്താണ് ?

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ രണ്ട കാര്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. ഒന്ന് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സാഹചര്യങ്ങള്‍, എല്‍ ഡി എഫ് നടപ്പിലാക്കിയ ഗുരുവായൂര്‍ വികസന പ്രവര്‍ത്തനങ്ങള്‍. മറ്റൊന്ന്, ഇതൊരു പാര്‍ലിമെന്റ് തിരഞ്ഞെടുപ്പായതുകൊണ്ട് തന്നെ ജനാധിപത്യ മതനിരപേക്ഷത നിലനിന്നു പോകുന്നുണ്ടോയെന്നാണ് ജനങ്ങള്‍ നോക്കി കാണുന്നത്. ഇതിനെതിരെയുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നടപടികള്‍ ഈ നാട്ടിലെ മനുഷ്യരെ ബാധിക്കും എന്നുള്ളതുറപ്പാണ്. കേന്ദ്ര ഭരണകൂടം ഇവിടുത്തെ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരാണ്. അവരെ പൗരന്മാരായി പരിഗണിക്കില്ല. കേന്ദ്ര ഗവണ്‍മെന്റിന്റെ മതനിരപേക്ഷക്കെതിരായുള്ള കടന്നാക്രമണങ്ങള്‍, സാമ്പത്തിക നയങ്ങള്‍ ഇതെല്ലം ഞങ്ങളുടെ പ്രചാരണായുധമാണ്.

ടി.എന്‍ പ്രതാപനെ മാറ്റി കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായത് കോണ്‍ഗ്രസ്സിന് നേട്ടമാകില്ലേ ?

പ്രതാപനെ മാറ്റിയതിലൂടെ കോണ്‍ഗ്രസ് നല്‍കുന്ന സന്ദേശമെന്തെന്ന് അവര്‍ കൃത്യമായി വിശദീകരിച്ചിട്ടില്ല. കെ മുരളീധരന്‍ എന്ന സ്ഥാനാര്‍ഥി തൃശൂരില്‍ രണ്ടു പ്രാവശ്യം തോറ്റയാളാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമായ നിലപാടില്ലായ്മ പലപ്പോഴുമുള്ള ചാഞ്ചാട്ടം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണ്. അത്തരമൊരാളെ വോട്ടര്‍മാര്‍ സ്വീകരിക്കില്ല. മുരളീധരന്‍ സംസ്ഥാന തലത്തില്‍ നേതാവാണെങ്കിലും മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നേരിട്ടറിയില്ല. തിരിച്ചും അങ്ങനെയാണ്. അതുകൊണ്ട് ജനങ്ങള്‍ക്ക് സ്വീകാര്യനും അവരുടെ മുന്‍പില്‍ എപ്പോഴുമുള്ള വി എസ് സുനില്‍കുമാര്‍ എന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെയാണ് പ്രതീക്ഷാപൂര്‍വ്വം കാണുന്നത്.

പത്മജയുടെ ബി.ജെ.പി പ്രവേശനം മുരളീധരനെയും കോണ്‍ഗ്രസ്സിനെയും എങ്ങനെയാണ് ബാധിക്കുക ?

പത്മജ ബിജെപിയിലേക്ക് പോയി എന്നതാണ് യാഥാര്‍ഥ്യം. കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസ്യത അണികള്‍ക്കിടയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പദ്മജയ്ക്ക് എത്രത്തോളം ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നു എന്നത് രണ്ടാമത്തെ കാര്യമാണ്. ഇന്നലെ വരെ പറഞ്ഞത് ഒരു സുപ്രഭാതത്തില്‍ മാറ്റിപ്പറയാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് മടിയില്ല. കോണ്‍ഗ്രസിന്റെ 12 മുന്‍ മുഖ്യമന്ത്രിമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതെല്ലം കോണ്‍ഗ്രസിന്റെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇത്തവണയും ഇടതുപക്ഷത്തിന് വെല്ലുവിളിയാകുമോ ?

ഒരിക്കലുമില്ല. കോണ്‍ഗ്രസ്സ് കേന്ദ്രഭരണകക്ഷിയാകുവാന്‍ പോകുന്നു, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍ഗാന്ധി എന്ന രീതിയിലായിരുന്നു കഴിഞ്ഞ തവണത്തെ പ്രചരണം. ഇതെല്ലം കബളിപ്പിക്കലായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലായി. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പാര്‍ലിമെന്റിലെ പ്രകടനം ജനങ്ങള്‍ കൃത്യമായി നോക്കികാണുന്നുണ്ട്. കര്‍ഷക നിയമങ്ങള്‍ ഭേദഗതി ചെയ്തപ്പോള്‍ ശക്തമായി കോണ്‍ഗ്രസ് പ്രതികരിച്ചോ? ജനവിരുദ്ധമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചപ്പോള്‍ പ്രതിപക്ഷം എന്ന നിലയിലുള്ള പ്രതികരണം എന്തായിരുന്നുവെന്നെല്ലാം ജനങ്ങള്‍ വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് രാഹുല്‍ ഗാന്ധി ഇത്തവണ മത്സരിക്കുമ്പോള്‍ അത് സംസ്ഥാനത്തെ വോട്ടര്‍മാരെ ഒരിക്കലും സ്വാധീനിക്കില്ല. (കൂടുതല്‍ വിശദാംശങ്ങള്‍ എക്‌സ്പ്രസ്സ് കേരള വീഡിയോയില്‍ കാണുക )

Top