നാട്ടിൻപുറത്തെ ചായക്കടകളിലെ ചില്ലലമാരകളിൽ മഞ്ഞ വെളിച്ചമേറ്റ് ഇരുന്നിരുന്ന ആ ‘വെട്ടുകാരൻ’ ഇന്ന് ഗമയിലാണ്. പേരിൽ ഒരൽപ്പം ഭീകരതയുണ്ടെങ്കിലും മലയാളിയുടെ മധുര സ്മരണകളിൽ ഇന്നും മായാതെ നിൽക്കുന്ന വെട്ടുകേക്ക് എന്ന നാടൻ പലഹാരം ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ മെനു കാർഡുകളിലും ഇടംപിടിച്ചിരിക്കുന്നു. പഴയ തലമുറയുടെ നൊസ്റ്റാൾജിയയും പുതിയ തലമുറയുടെ ക്യൂരിയോസിറ്റിയുമായി വെട്ടുകേക്ക് അതിന്റെ ജൈത്രയാത്ര തുടരുകയാണ്.
മൈദയും മുട്ടയും പഞ്ചസാരയും ചേർത്ത് എണ്ണയിൽ പൊരിച്ചെടുക്കുന്ന ഈ പലഹാരം, ‘പൂ കേക്ക്’ എന്നും അറിയപ്പെടുന്നു. ഓവനുകൾ അടുക്കളകളിൽ എത്തുന്നതിനും മുൻപേ ബേക്കിംഗിന്റെ രുചി മലയാളിയെ അറിയിച്ച ക്ലാസിക് വിഭവമാണിത്. സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് നൽകാൻ ഇതിലും മികച്ച മറ്റൊരു നാലുമണിപ്പലഹാരം അന്നുമില്ല ഇന്നുമില്ല.
Also Read: പ്രമേഹമുണ്ടോ? വേനൽക്കാല പാനീയങ്ങളുടെ കാര്യത്തിൽ കൺഫ്യൂഷൻ വേണ്ട; സംഭാരം തന്നെ താരം!
തയാറാക്കുന്ന വിധം
അരക്കിലോ മൈദയിലേക്ക് 100 ഗ്രാം റവയും അല്പം സോഡാപ്പൊടിയും ചേർത്ത് യോജിപ്പിക്കുക. മൂന്ന് മുട്ടയും രണ്ട് കപ്പ് പൊടിച്ച പഞ്ചസാരയും പാലും നെയ്യും വാനില എസൻസും ഏലയ്ക്കാപ്പൊടിയും ചേർത്ത് അടിച്ചെടുത്ത മിശ്രിതം മൈദയിൽ ചേർത്ത് കുഴയ്ക്കുക. ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ച ശേഷം രണ്ടു മണിക്കൂർ നനഞ്ഞ തുണികൊണ്ട് മൂടി വെക്കണം.
തുടർന്ന് മാവ് അരയിഞ്ച് കനത്തിൽ പരത്തി ചതുരക്കഷ്ണങ്ങളായി മുറിക്കുക. ഓരോ കഷ്ണത്തിന്റെയും ഓരോ മൂലയിൽ നിന്നും താഴേക്ക് മുറിച്ച് പൂവിന്റെ ഇതൾ പോലെയാക്കി തിളച്ച എണ്ണയിൽ വറുത്തെടുക്കുന്നതോടെ രുചിയേറിയ വെട്ടുകേക്ക് റെഡി. വാനില എസൻസും ഏലയ്ക്കയും ചേരുന്നതോടെ എണ്ണപ്പലഹാരത്തിന്റെ മണമില്ലാത്ത, ഉള്ളുപൊള്ളയായ ഈ കേക്ക് ഏത് പ്രായക്കാരെയും ആകർഷിക്കും.






