മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. നാട്ടുകാരുടെ പ്രതിഷേധത്തെ മറികടന്നാണ് മന്ത്രി രാധയുടെ വീട്ടിലെത്തിയത്. രാധയുടെ മകന് താത്കാലിക നിയമന ഉത്തരവും മന്ത്രി കൈമാറി. രാധയുടെ കുടുംബാംഗങ്ങളെ കണ്ടശേഷം മന്ത്രി മടങ്ങി.
അതേസമയം, മന്ത്രി, രാധയുടെ വീട്ടിലേക്ക് എത്തുന്ന റോഡിൽ പ്രദേശവാസികൾ കുത്തിയിരുന്നും റോഡിൽ കിടന്നും പ്രതിഷേധിച്ചിരുന്നു. പഞ്ചാരക്കൊല്ലിക്ക് മുൻപുള്ള പിലാക്കാവിലാണ് പ്രതിഷേധം ഉണ്ടായത്. എന്തുകൊണ്ട് ജനങ്ങൾ ദുരിതത്തിലായിട്ടും മൂന്ന് ദിവസമായിട്ടും എത്തിയില്ലെന്നും ജനങ്ങൾ ചോദ്യമുയർത്തി.