ഫോർഡ് ഇന്ത്യയിലേക്ക് മടങ്ങുന്നു! ചെന്നൈ പ്ലാന്റ് വീണ്ടും തുറക്കും; ലക്ഷ്യം ആഗോള വിപണിയിലേക്കുള്ള എൻജിൻ നിർമ്മാണം

ഗുജറാത്തിലെ പ്ലാന്റ് നേരത്തെ ടാറ്റ മോട്ടോഴ്‌സിന് കൈമാറിയെങ്കിലും ചെന്നൈയിലെ പ്ലാന്റ് ഫോർഡ് നിലനിർത്തിയിരുന്നു

ഫോർഡ് ഇന്ത്യയിലേക്ക് മടങ്ങുന്നു! ചെന്നൈ പ്ലാന്റ് വീണ്ടും തുറക്കും; ലക്ഷ്യം ആഗോള വിപണിയിലേക്കുള്ള എൻജിൻ നിർമ്മാണം
ഫോർഡ് ഇന്ത്യയിലേക്ക് മടങ്ങുന്നു! ചെന്നൈ പ്ലാന്റ് വീണ്ടും തുറക്കും; ലക്ഷ്യം ആഗോള വിപണിയിലേക്കുള്ള എൻജിൻ നിർമ്മാണം

ന്ത്യൻ വാഹന വിപണിയിൽ നിന്ന് അപ്രതീക്ഷിതമായി പടിയിറങ്ങിയ അമേരിക്കൻ വാഹന ഭീമനായ ഫോർഡ് വീണ്ടും സജീവമാകുന്നു. 2021-ൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച ഫോർഡ്, ചെന്നൈ മരൈമലൈ നഗറിലെ പ്ലാന്റ് പുനരാരംഭിക്കാനൊരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. 2026 ജൂൺ മാസത്തോടെ പ്ലാന്റിലെ പ്രവർത്തനങ്ങൾ പൂർണ്ണതോതിൽ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം. എന്നാൽ മുമ്പ് ചെയ്തിരുന്നതുപോലെ വാഹനങ്ങൾ പൂർണ്ണരൂപത്തിൽ നിർമ്മിക്കുന്നതിന് പകരം, ആഗോള വിപണികളിലേക്കുള്ള പുതുതലമുറ വാഹനങ്ങളുടെ പവർട്രെയിനുകൾ (എൻജിനുകൾ) നിർമ്മിക്കുന്ന കേന്ദ്രമായിട്ടായിരിക്കും ചെന്നൈ പ്ലാന്റ് പ്രവർത്തിക്കുക.

ഏകദേശം 3250 കോടി രൂപയുടെ ഭീമമായ നിക്ഷേപമാണ് പ്ലാന്റിന്റെ നവീകരണത്തിനായി ഫോർഡ് ഇന്ത്യയിൽ എത്തിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ പ്രിയപ്പെട്ട ഫോർഡ് എവറെസ്റ്റ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ എൻജിനുകൾ ഇവിടെ നിർമ്മിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് പദ്ധതി. പ്രതിവർഷം 2.35 ലക്ഷം എൻജിനുകൾ നിർമ്മിക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പ്ലാന്റ് സജീവമാകുന്നതോടെ നേരിട്ട് 600 പേർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. ഇതുസംബന്ധിച്ച് തമിഴ്‌നാട് സർക്കാരുമായി 2024 സെപ്റ്റംബറിൽ തന്നെ കമ്പനി ധാരണയിലെത്തിയിരുന്നു.

Also Read:ഫാസ്‌ടാഗ് വാർഷിക പാസിന് വൻ സ്വീകാര്യത; ഉപയോക്താക്കൾ 50 ലക്ഷം കടന്നു, ആറ് മാസത്തിനുള്ളിൽ 26 കോടി ഇടപാടുകൾ!

ഗുജറാത്തിലെ പ്ലാന്റ് നേരത്തെ ടാറ്റ മോട്ടോഴ്‌സിന് കൈമാറിയെങ്കിലും ചെന്നൈയിലെ പ്ലാന്റ് ഫോർഡ് നിലനിർത്തിയിരുന്നു. ഇത് കമ്പനിയുടെ മടങ്ങിവരവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. എൻജിൻ നിർമ്മാണത്തിലൂടെ ഇന്ത്യയെ ഒരു പ്രധാന നിർമ്മാണ കേന്ദ്രമായി നിലനിർത്താനാണ് ഇപ്പോൾ ഫോർഡ് ആലോചിക്കുന്നത്. എന്നിരുന്നാലും, ഇന്ത്യയിൽ വാഹനങ്ങൾ നേരിട്ട് വിൽപനയ്ക്ക് എത്തിക്കുന്ന കാര്യത്തിൽ കമ്പനി ഇതുവരെ ഔദ്യോഗികമായി വ്യക്തത വരുത്തിയിട്ടില്ല. എങ്കിലും ഫോർഡിന്റെ ഈ തിരിച്ചുവരവ് ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലയ്ക്കും വാഹന പ്രേമികൾക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Share Email
Top