മഹാരാഷ്ട്രയിലെ പാൽഗറിൽ കായികരംഗത്ത് വലിയ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ ഫുട്ബോൾ കോച്ച് പിടിയിലായി. വസായിലെ പ്രമുഖ ഫുട്ബോൾ ട്രെയിനിങ് അക്കാദമിയിലെ കോച്ചായ അഭിജിത് മെണ്ഡാൾ (36) എന്നയാളെയാണ് മാണികപുർ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ പെൺകുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
2023-ലാണ് പതിനേഴുകാരിയായ പെൺകുട്ടി വസായിലെ ഫുട്ബോൾ അക്കാദമിയിൽ പരിശീലനത്തിനായി ചേരുന്നത്. മികച്ച കരിയറും വലിയ അവസരങ്ങളും വാഗ്ദാനം ചെയ്ത് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, പിന്നീട് ഈ ബന്ധം മുതലെടുത്ത് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പീഡന ദൃശ്യങ്ങൾ രഹസ്യമായി മൊബൈലിൽ പകർത്തിയ കോച്ച്, ഇത് കാണിച്ച് പിന്നീട് പെൺകുട്ടിയെ നിരന്തരം ബ്ലാക്ക്മെയിൽ ചെയ്തതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പ്രതിയുടെ ചൂഷണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടി പലതവണ ശ്രമിച്ചെങ്കിലും, കൈവശമുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പീഡനം തുടരുകയായിരുന്നു. ഒടുവിൽ ഭീഷണി സഹിക്കവയ്യാതെ പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉടനടി ഇടപെട്ട മാണികപുർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





