റിയാദിൽ ഭക്ഷ്യ വിഷബാധ; 35 പേർ ചികിത്സയിൽ

റിയാദിൽ ഭക്ഷ്യ വിഷബാധ; 35 പേർ ചികിത്സയിൽ

റിയാദ്: നഗരത്തിലെ റെസ്റ്റോറന്റിൽ നിന്ന് വിഷബാധയേറ്റ് നിരവധി പേർ ചികിത്സയിൽ. കഴിഞ്ഞ ആഴ്ചയിലാണ് റിയാദിലെ പ്രമുഖ ഹംബർഗിനി ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച ചിലരിൽ വിഷബാധയുണ്ടായതായി കണ്ടെത്തിയത്. ഇവരിൽ എട്ടു പേരുടെ ആരോഗ്യ നില തൃപ്തികരമാണ്. രണ്ട് പേർ സുഖം പ്രാപിച്ചു ആശുപത്രി വിട്ടു. 35 പേർ ആശുപത്രിയിൽ തുടരുകയാണ്. ഇവരിൽ 28 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ബോട്ടിലിസം എന്ന വിഷബാധയാണ് ആരോഗ്യപ്രശ്‌നം ഉണ്ടാക്കിയതെന്നാണ് കരുതുന്നത്. റെസ്റ്റോറന്റിന്റെ എല്ലാ ബ്രാഞ്ചുകളും റിയാദ് മുനിസിപ്പാലിറ്റി താൽകാലികമായി അടപ്പിച്ചു. വെള്ളിയാഴ്ച, ഹംബർഗിനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ നവാഫ് അൽ ഫോസാൻ റെസ്റ്റോറൻ്റിൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോയിലൂടെ വിശദീകരണം നൽകി. ഭക്ഷ്യ വിഷബാധയേറ്റത് തങ്ങളുടെ റെസ്റ്റോറന്റിൽ നിന്നാണെന്ന് അറിയിച്ച് വ്യാഴാഴ്ച രാത്രി 10 മണിക്ക് റിയാദ് മുനിസിപ്പാലിറ്റിയിൽ നിന്ന് ഫോൺ കാൾ വന്നു. ഉടൻ റിയാദ് നഗരത്തിലെ മുഴുവൻ ബ്രാഞ്ചുകളും അടക്കാൻ നിർദേശം നൽകി. ഉടൻ ബ്രാഞ്ചുകൾ അടക്കുകയും ഓൺലൈൻ ഡെലിവറി നിർത്തിവെക്കുകയും ചെയ്തു.

സെൻട്രൽ ലബോറട്ടറിയുടെ പരിശോധന ഫലം അറിയേണ്ടതുണ്ട്. അന്തർദേശീയ ഭക്ഷ്യ സുരക്ഷയും ക്വാളിറ്റിയും സംരക്ഷിക്കുന്ന സ്ഥാപനമാണ് തങ്ങളുടേത്. വിഷബാധയേറ്റവർക്കായി ദൈവത്തോട് പ്രാർത്ഥിക്കുന്നു. അധികാരികളുടെ നിർദേശം അനുസരിച്ചു അവരോട് ചേർന്ന് പ്രവർത്തിക്കുമെന്നും തുടർന്നുള്ള കാര്യങ്ങൾ കൃത്യസമയത്ത് അറിയിക്കുമെന്നും നവാഫ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Top