കോണ്‍ഗ്രസ് പാകിസ്താന്റെ അനുയായികള്‍; നരേന്ദ്ര മോദി

കോണ്‍ഗ്രസ് പാകിസ്താന്റെ അനുയായികള്‍; നരേന്ദ്ര മോദി

ഡല്‍ഹി: കോൺഗ്രസിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി. കോണ്‍ഗ്രസ് പാകിസ്താന്റെ അനുയായികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് ദുര്‍ബലമാകുന്നതില്‍ ദുഃഖം പാകിസ്താനാണ്. കോണ്‍ഗ്രസിനായി പ്രാര്‍ഥിക്കുകയാണ് പാകിസ്താന്‍ നേതാക്കള്‍. വോട്ട് ജിഹാദിനായി മുസ്ലീങ്ങളോട് ആഹ്വാനം ചെയ്യുകയാണ് ഇന്‍ഡ്യ മുന്നണി. കോണ്‍ഗ്രസിന്റെ ലക്ഷ്യങ്ങള്‍ അപകടകരമാണെന്നും ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി ആരോപിച്ചു .

കോണ്‍ഗ്രസിനെയും പാകിസ്താനെയും ബന്ധിപ്പിച്ചുകൊണ്ട് ശക്തമായ വിമര്‍ശനമാണ് മോദി നടത്തിയത്. കോണ്‍ഗ്രസും പാകിസ്താനും തമ്മിലുള്ള രഹസ്യ ബന്ധം പരസ്യമായെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസ് ഭരണ കാലത്ത് ഭീകരവാദികള്‍ക്കുള്‍പ്പടെ സ്ഥാനമുണ്ടായിരുന്നു. ബിജെപി സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം ഭീകരവാദത്തെ പൂര്‍ണ്ണമായും തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും മോദി പറഞ്ഞു.

നേരത്തെ പാകിസ്താന്‍ മുന്‍ മന്ത്രിയായ ഫവാദ് ചൗധരി രാഹുല്‍ ഗാന്ധിയുമായി ബന്ധിപ്പിച്ച് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ആ വീഡിയോ ഉള്‍പ്പെടയുള്ള കാര്യങ്ങളും മോദി പരാമര്‍ശിച്ചു. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ മരുമകള്‍ മരിയ ആലമിന്റെ ‘വോട്ട് ജിഹാദ്’ ആഹ്വാനത്തിന്റെ പേരിലും മോദി കോണ്‍ഗ്രസ് പാര്‍ട്ടിയെ വിമര്‍ശിച്ചു.

പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളെ (ഒബിസി) സമുദായങ്ങളില്‍ നിന്ന് ഒഴിവാക്കി മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനായി രാജ്യത്തിന്റെ ഭരണഘടന ഭേദഗതി ചെയ്യാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ബിജെപിയും അവരുടെ സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാനോ മുസ്ലീങ്ങള്‍ക്ക് പിന്‍വാതില്‍ ക്വോട്ട നല്‍കാനോ ഭരണഘടനയില്‍ മാറ്റം വരുത്തില്ലെന്നും കോണ്‍ഗ്രസിനെ വെല്ലുവിളിച്ചുകൊണ്ട് മോദി വ്യക്തമാക്കി.

Top