ദുബായിൽ നിന്ന് ഇസ്രയേലിലേക്ക് പറന്ന ഫ്‌ളൈ ദുബായ് വിമാനത്തിൽ കോ-പൈലറ്റ് നടത്തിയത് ഭീകരാക്രമണ ശ്രമമാണെന്ന് യുഎഇ അധികൃതർ സ്ഥിരീകരിച്ചു. വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനായി കോക്പിറ്റിലെ ക്രാഷ് ആക്സ് ഉപയോഗിച്ച് സഹപൈലറ്റായ ഹമാം അൽ ഹമാമി ക്യാപ്റ്റനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നിലെ ഭീകരവാദ ബന്ധത്തെക്കുറിച്ചും അക്രമിയുടെ പശ്ചാത്തലത്തെക്കുറിച്ചും ഉള്ള സമഗ്ര അന്വേഷണം യുഎഇ അറ്റോർണി ജനറലിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
ഒമാൻ എയറിൽ മുൻപ് ജോലി ചെയ്തിരുന്ന ഹമാമി മതമൗലിക ആശയങ്ങൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകൾ സന്ദർശിച്ചതിനെ തുടർന്ന് ഓഫീസ് ജോലികളിലേക്ക് മാറ്റപ്പെടുകയും പിന്നീട് 2024-ൽ ജോലി രാജി വെക്കുകയുമായിരുന്നു. അതിനുശേഷമാണ് ഫ്‌ളൈ ദുബായിൽ ജോലിക്കെത്തിയത്. ആക്രമണത്തിൽ ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഗുരുതരമായി പരിക്കേറ്റെങ്കിലും, സാഹസികമായി അദ്ദേഹം പൊരുതുകയും കോക്പിറ്റ് വാതിൽ തുറന്ന് ജീവനക്കാരുടെയും യാത്രക്കാരുടെയും സഹായം തേടുകയും ചെയ്തു.
Also Read: ദുബായ്-അബുദാബി ഇത്തിഹാദ് റെയിലിൽ വൻ തിരക്ക്; വാരാന്ത്യത്തിൽ 6 അധിക സർവീസുകളുമായി അധികൃതർ
തുടർന്ന് സൗദി അറേബ്യയിലെ തബൂക്കിൽ വിമാനം സുരക്ഷിതമായി അടിയന്തര ലാൻഡിംഗ് നടത്തി വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു. പരിക്കേറ്റ ക്യാപ്റ്റനെ ആദ്യം തബൂക്കിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്കും മാറ്റി. ഈ അപ്രതീക്ഷിത സംഭവവികാസങ്ങൾ വ്യോമയാന മേഖലയിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.






