അമേരിക്കയിലെ ഡാളസ് നഗരം മുതൽ ചൈനയിലെ ഷാങ്ഹായ് നഗരം വരെ വരൾച്ചയ്ക്കും വെള്ളപ്പൊക്കത്തിനും ഇടയിൽ നിലനിൽപിനായി പാടുപെടുകയാണ്. അതേസമയം സ്‌പെയിനിലെ മാഡ്രിഡും ഈജിപ്തിന്റെ കെയ്‌റോയും ആകട്ടെ കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തര ഫലങ്ങളിൽ പെട്ട് ഉഴലുകയാണ്. കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമാകുന്നതിനനുസരിച്ച്, ലോകമെമ്പാടുമുള്ള പ്രധാന നഗരങ്ങളെല്ലാം പ്രകൃതി ദുരന്തങ്ങൾ നാശം വിതച്ച് മുന്നേറുകയും, മറ്റുള്ളവ തങ്ങളുടെ ഊഴത്തിനായി കാത്തു കിടക്കുകയും ആണ്.
കാലാവസ്ഥാ വ്യതിയാനം ലോകത്തെ ഏതാണ്ട് പൂർണമായും വിഴുങ്ങി കഴിഞ്ഞതായാണ് പുതിയ പഠന റിപ്പോർട്ടുകളും വെളിപ്പെടുത്തുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ ലഖ്‌നൗ, മാഡ്രിഡ്, റിയാദ് എന്നിവയുൾപ്പെടെ ഡസൻ കണക്കിന് നഗരങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന് ഇരയായിട്ടുണ്ട്. വരണ്ട കാലാവസ്ഥയിൽ നിന്ന് തുടങ്ങി അതി ശൈത്യത്തിന്റെ പിടിയിലേക്കോ, പ്രളയം, വരൾച്ച, ചുഴലിക്കാറ്റ്, ഉഷ്ണതരംഗം, മഞ്ഞുരുക്കം, കാട്ടുതീ തുടങ്ങി എന്നിങ്ങനെ പ്രകൃതിയുടെ ഭാവമാറ്റം മുൻപെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ജനസംഖ്യയുള്ള 100 നഗരങ്ങളിലും തിരഞ്ഞെടുത്ത 12 നഗരങ്ങളിലും നടത്തിയ അവലോകനത്തിന്റെ അടിസ്ഥാനത്തിൽ 95% നഗരങ്ങളും അതിശൈത്യമോ വരണ്ടതോ ആയ കാലാവസ്ഥയിലേക്ക് മാറുകയാണ് എന്ന് കണ്ടെത്തിക്കഴിഞ്ഞു.
നഗരങ്ങളിലെ കാലാവസ്ഥയുടെ താളക്രമം പിഴയ്ക്കുന്നത് വെള്ളപ്പൊക്കത്തിനും വരൾച്ചയ്ക്കും കാരണമാകും. ശുദ്ധജലം, ശുചിത്വം, ഭക്ഷണം എന്നിവയെ താറുമാറാക്കും, സാമൂഹിക സുസ്ഥിരതയെ തച്ചുടക്കും , രോഗങ്ങൾ പടർത്തും. കറാച്ചി, കാർട്ടൂം പോലുള്ള ജല അടിസ്ഥാന സൗകര്യങ്ങൾ ഇതിനകം തന്നെ മോശമായ നഗരങ്ങളാണ്, ഇതിന്റെ ഭവിഷത്ത് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് എന്ന് പഠനം പറയുന്നു. ലോകമെമ്പാടുമുള്ള നഗരങ്ങളെ കാലാവസ്ഥ വ്യതിയാനം ബാധിച്ചിട്ടുണ്ടെങ്കിലും വെള്ളത്തിൽ മുങ്ങിയ യൂറോപ്പ്, ഇതിനകം വരണ്ടുണങ്ങിയ അറേബ്യൻ ഉപദ്വീപ്, അമേരിക്കയുടെ ഭൂരിഭാഗവും വിഴുങ്ങിയ കാട്ടുതീ എന്നിവിടങ്ങൾ ഗുരുതര പ്രതിസന്ധിയിലാണ് നിലവിലുള്ളത്. അതേസമയം തെക്ക്, തെക്കുകിഴക്കൻ ഏഷ്യയിലെ നഗരങ്ങളിൽ വലിയ തോതിൽ മഴ ലഭിക്കുന്നുമുണ്ട്.
മനുഷ്യർ മൂലമുണ്ടാകുന്ന ആഗോള താപനം നഗരപ്രദേശങ്ങളിൽ വരുത്തുന്ന കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചും പഠനം ആഴത്തിൽ പരിശോധിച്ചു. ജലദൗർബല്യമോ അല്ലെങ്കിൽ അധിക ജലമോ ആണ് 90% കാലാവസ്ഥാ ദുരന്തങ്ങൾക്കും കാരണം. 4.4 ബില്യണിലധികം മനുഷ്യർ നഗരങ്ങളിലാണ് താമസിക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധി ഭൂമിയിലുടനീളം തീവ്ര കാലാവസ്ഥാ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് ഇതിനകം തന്നെ അറിയപ്പെട്ടിരുന്നു. ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനം വ്യത്യസ്ത തരത്തിലാണ് അനുഭവപ്പെടുക എന്നാണ് ബ്രിട്ടനിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ പ്രൊഫസർ കാറ്റെറിന മൈക്കിളിഡ്സ് പറയുന്നത്. ‘ആഗോള വിചിത്രത’ എന്നാണ് ഗവേഷകർ ഈ രീതിയെ വിശേഷിപ്പിക്കുന്നത്. പഠനത്തിൽ പരിശോധിച്ച പ്രാദേശങ്ങളിലെല്ലാം പ്രവചിക്കാൻ കഴിയാത്ത വിധത്തിലാണ് മാറ്റങ്ങൾ സംഭവിക്കുന്നതെന്നും പഠനം പറയുന്നു.
Also Read: മുസ്ലീം ലീഗിന് വഴിയൊരുക്കാൻ സി.പി.ഐയും, മാറുമോ കേരളത്തിലെ മുന്നണി സമവാക്യങ്ങൾ ?
നഗരങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങളെയും തിരിച്ചടികളെയും നേരിടുക എന്നത് വളരെ ബുദ്ധിമുട്ടാണെന്ന് പഠനം പറയുന്നു. ജനസംഖ്യ അതിവേഗം വർദ്ധിക്കുന്നതിനാൽ പല നഗരങ്ങളും ഇതിനകം തന്നെ ജലവിതരണം, മലിനജലം, വെള്ളപ്പൊക്ക സംരക്ഷണ പ്രശ്നങ്ങൾ എന്നിവ നേരിടുന്നുണ്ട്. എന്നാൽ ആഗോള താപനം ഇതിനെ കൂടുതൽ രൂക്ഷമാക്കുന്നു. സമ്പന്ന രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ഇതുവരേക്കും നിലവിലില്ലാത്ത ഒരു കാലാവസ്ഥയ്ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. എന്നാൽ കൂടുതൽ കാലാവസ്ഥാ മാറ്റങ്ങൾ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നത് പോലും കൂടുതൽ ബുദ്ധിമുട്ടാക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ദുരിതമനുഭവിക്കുന്ന നഗരങ്ങളിലൊന്നായ കെനിയയിലെ നെയ്‌റോബിയിൽ സ്ഥിതി അതീവ ഗുരുതരമാണ്.

വർഷങ്ങളായി ബാധിച്ച വരൾച്ച അവിടുത്തെ ജനങ്ങളുടെ ഉപജീവനമാർഗ്ഗത്തെയും ജീവിതത്തെയും കശക്കിയെറിഞ്ഞു. ജനുവരിയിൽ ലോസ് ഏഞ്ചൽസിൽ ഉണ്ടായ കാട്ടുതീ മറ്റൊരു ഉദാഹരണമായിരുന്നു. മഴക്കാലം സസ്യജാലങ്ങളുടെ വളർച്ചയെ ഉത്തേജിപ്പിച്ചു. എന്നാൽ പിന്നീട് വന്ന ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ തീപിടുത്തങ്ങൾക്ക് കാരണമായി. ലോകമെമ്പാടുമുള്ള 17 നഗരങ്ങൾ കാലാവസ്ഥാ വ്യതിയാനത്താൽ ബാധിക്കപ്പെട്ടിട്ടുണ്ടെന്നും, ഈർപ്പവും വരണ്ടതുമായ കാലാവസ്ഥയുടെ തീവ്രതകൾ കൂടുതലായി അനുഭവപ്പെടുന്നുണ്ടെന്നും കണ്ടെത്തി. ലോകത്തിലെ 8 ബില്യൺ ജനങ്ങളിൽ പകുതിയിലധികം പേരും താമസിക്കുന്ന നഗരപ്രദേശങ്ങൾ ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് വേഗത്തിൽ ചൂടാകുന്നതായി പറയപ്പെടുന്നു. അന്താരാഷ്ട്ര ചാരിറ്റിയായ വാട്ടർ എയ്ഡിന്റെ പുതിയ ഗവേഷണമനുസരിച്ച്, ജലവുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്തങ്ങളുടെ അപകടസാധ്യതയും ഇവയിലുണ്ട്. ബാഗ്ദാദ്, ബാങ്കോക്ക്, മെൽബൺ, നെയ്‌റോബി എന്നിവയാണ് മറ്റ് ആഘാത നഗരങ്ങൾ. ഈർപ്പവും വരണ്ടതുമായ തീവ്രതകൾ തമ്മിലുള്ള ദ്രുതഗതിയിലുള്ള മാറ്റം നഗരങ്ങൾക്ക് തയ്യാറെടുപ്പുകളും വീണ്ടെടുക്കലും ബുദ്ധിമുട്ടാക്കുന്നു. ഇത് ജീവിതത്തെയും ഉപജീവനമാർഗ്ഗത്തെയും നശിപ്പിക്കുന്നു.
ഒരുകാലത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള കെയ്‌റോ, മാഡ്രിഡ്, ഹോങ്കോംഗ്, സൗദി നഗരങ്ങളായ റിയാദ്, ജിദ്ദ തുടങ്ങിയ നഗരങ്ങൾ ഇപ്പോൾ വരൾച്ചയുടെ പിടിയിലാണ്. അതേസമയം, ഇന്ത്യ, കൊളംബിയ, നൈജീരിയ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലെ പരമ്പരാഗതമായി വരണ്ട നഗരങ്ങളിൽ ഇപ്പോൾ വെള്ളപ്പൊക്കം അനുഭവപ്പെടാൻ സാധ്യതയുണ്ട്. യൂറോപ്പ്, വടക്കേ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ വരൾച്ച അനുഭവപ്പെടുന്നത്. ഈ നൂറ്റാണ്ടിൽ 24 നഗരങ്ങളിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വിശകലനം കണ്ടെത്തി. കെയ്‌റോ, മാഡ്രിഡ്, റിയാദ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴയിൽ നിന്ന് വരണ്ട അവസ്ഥയിലേക്ക് മാറിയത്. കാലിഫോർണിയയിലെ ഹോങ്കോങ്ങും സാൻ ജോസും ആദ്യ പത്തിൽ ഇടം നേടിയിട്ടുമുണ്ട്. നീണ്ടുനിൽക്കുന്ന വരൾച്ച ജലക്ഷാമത്തിനും ഭക്ഷ്യവിതരണ തടസ്സങ്ങൾക്കും ജലവൈദ്യുതിയെ ആശ്രയിക്കുന്ന സ്ഥലങ്ങളിൽ വൈദ്യുതി തടസ്സത്തിനും കാരണമാകും.