കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ പോസ്റ്റ് ഓഫീസ് നടപ്പിലാക്കുന്ന സുരക്ഷിതമായ ലഘുസമ്പാദ്യ പദ്ധതികളിൽ ഒന്നാണ് പ്രതിമാസ വരുമാന പദ്ധതി. നിക്ഷേപിക്കുന്ന തുകയുടെ പലിശ പ്രതിമാസം വരുമാനമായി ലഭിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം. കേന്ദ്ര സർക്കാരിന്റെ പൂർണ്ണ ഗ്യാരണ്ടി ഉള്ളതിനാൽ നിക്ഷേപകർക്ക് യാതൊരുവിധ സാമ്പത്തിക റിസ്കും ഇല്ലാതെ പണം സുരക്ഷിതമായി നിക്ഷേപിക്കാം.
ഈ പദ്ധതിയുടെ കാലാവധി അഞ്ച് വർഷമാണ്. നിലവിൽ 7.4 ശതമാനം വാർഷിക പലിശനിരക്കാണ് പോസ്റ്റ് ഓഫീസ് ഈ പദ്ധതിക്ക് വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞത് 1,000 രൂപ നൽകി ആർക്കും അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. വ്യക്തിഗത അക്കൗണ്ടുകളിൽ പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. അതേസമയം ജോയിന്റ് അക്കൗണ്ടുകളിൽ പരമാവധി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാനുള്ള സൗകര്യവുമുണ്ട്. പ്രായപൂർത്തിയായ മൂന്ന് പേർക്ക് വരെ ചേർന്ന് ജോയിന്റ് അക്കൗണ്ട് തുറക്കാവുന്നതാണ്.
പത്ത് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്കും ഈ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും. നിക്ഷേപ തുക അനുസരിച്ച് പ്രതിമാസം കൃത്യമായ തുക പലിശയായി ലഭിക്കും. ഉദാഹരണത്തിന് 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 3,083 രൂപയും, 9 ലക്ഷം രൂപ നിക്ഷേപിച്ചാൽ 5,550 രൂപയും പലിശയായി ലഭിക്കും. പരമാവധി നിക്ഷേപ പരിധിയായ 15 ലക്ഷം രൂപ ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കുകയാണെങ്കിൽ പ്രതിമാസം 9,250 രൂപ വരെ നിശ്ചിത വരുമാനം ഉറപ്പാക്കാൻ സാധിക്കും.
Also Read; സ്റ്റാർട്ടപ്പുകളും കൃത്രിമബുദ്ധിയും ഇനി സ്കൂൾ പാഠ്യപദ്ധതിയിൽ; എൻസിഇആർടിയുടെ നിർണായക നീക്കം!
അക്കൗണ്ട് ഉടമകൾക്ക് നിക്ഷേപം നടത്തി ഒരു വർഷത്തിനു ശേഷം ആവശ്യമാണെങ്കിൽ പണം പിൻവലിക്കാവുന്നതാണ്. എന്നാൽ ഒരു വർഷത്തിനും മൂന്ന് വർഷത്തിനും ഇടയിൽ പണം പിൻവലിക്കുകയാണെങ്കിൽ നിക്ഷേപത്തുകയുടെ 2 ശതമാനവും, മൂന്ന് വർഷത്തിന് ശേഷമാണെങ്കിൽ 1 ശതമാനവും കിഴിവ് വരുത്തും. കൂടാതെ, പ്രതിമാസം ലഭിക്കുന്ന പലിശ തുക പോസ്റ്റ് ഓഫീസിന്റെ തന്നെ റെക്കറിംഗ് ഡെപ്പോസിറ്റിലേക്ക് മാറ്റി നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ വലിയൊരു തുക സമ്പാദ്യമായി നേടിയെടുക്കാനും സാധിക്കും. ഈ പദ്ധതിയിലൂടെ ലഭിക്കുന്ന പലിശ തുക നികുതിവിധേയമാണ്.






