മധ്യപ്രദേശിലെ ഭോപ്പാലിൽ അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 75 വയസ്സുള്ള അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ ഹബീബ്ഗഞ്ചിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. പ്രതിയുടെ പേരക്കുട്ടിക്കൊപ്പം കളിക്കാൻ വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി. കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ, പെൺകുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ഇയാൾ അതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
കളി കഴിഞ്ഞ് വീട്ടിലെത്തിയ പെൺകുട്ടി സ്വകാര്യ ഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നതായി അമ്മയോട് പറഞ്ഞതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്. കുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടതിനെത്തുടർന്ന് മാതാപിതാക്കൾ ഉടൻ തന്നെ ഡോക്ടറുടെ പക്കലെത്തിക്കുകയും പീഡനവിവരം സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൗൺസിലിങ്ങിനിടെ കുട്ടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയതോടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.






