കണ്ണൂർ: മട്ടന്നൂർ കോളാരിയിൽ അഞ്ചുവയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. കോളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. വീടിന്റെ വരാന്തയിലെ ഗ്രില്ലിൽ ഘടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്ന് ഷോക്കേറ്റാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇത്തരം വൈദ്യുത അലങ്കാരങ്ങൾ സ്ഥാപിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശം നൽകി.





