ഭക്തിയുടെ മറവിൽ നടത്തിയ വൻ മോഷണമാണ് ഇപ്പോൾ ഗുജറാത്തിലെ അഹമ്മദാബാദിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തിൽ നിന്ന് വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പൂജാരി ഉൾപ്പെടെ അഞ്ച് പേരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. അഹമ്മദാബാദിലെ പാലാഡിയിലെ ശ്രീ ലക്ഷ്മി വർധ ജൈന സംഘ്- ജൈന ദെരാസർ ക്ഷേത്രത്തിൽ നിന്നാണ് കവർച്ച നടത്തിയത്. ഏകദേശം 1.64 കോടി രൂപയുടെ വെള്ളി ആഭരണങ്ങളാണ് ഇവർ കവർന്നത്. ക്ഷേത്ര പൂജാരി മെഹുൽ റാത്തോഡ്, ജീവനക്കാരി ഹേതൽബെൻ, ഭർത്താവ് കിരൺഭായ്, വെള്ളി വ്യാപാരികളായ സഞ്ജയ്, റൗനക് എന്നിവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.
അതേസമയം ഇവരിൽ നിന്ന് മോഷണം പോയ ആഭരങ്ങളും കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്ര സെക്രട്ടറി ഒക്ടോബർ 13 നാണ് പൊലീസിൽ പരാതി നൽക്കുന്നത്. അന്വേഷണത്തിൽ ക്ഷേത്രത്തിലെ രണ്ട് ശുചീകരണ തൊഴിലാളികളിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും, തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കൂട്ടാളികളുടെ വിവരം ലഭിക്കുകയുമായിരുന്നു. തുടർന്നാണ് ബാക്കി നാല് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.





