കൊച്ചി: വിവാഹ റിസപ്ഷനെത്തിയ യുവാവിനെ തിരക്കിയെത്തി വീടിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അഞ്ച് യുവാക്കളെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന്റെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ സ്റ്റീൽ ബേർഡ് പരിശോധനയുടെ ഭാഗമായാണ് പ്രതികൾ പിടിയിലായത്.
കാലടി മറ്റൂർ, കല്ലുങ്ങൽ വീട്ടിൽ അലക്സ് ( 24), മറ്റൂർ ഐശ്വര്യ നഗറിൽ കൈതാരത്ത് വീട്ടിൽ അമോസ് ബാബു (27), ആൻ്റോപുരം പടയത്ത് കുടി വീട്ടിൽ അമൽ (27), ആൻ്റോപുരം പാലൈക്കപ്പാടം വീട്ടിൽ ബിബിൻ (30), ആൻ്റോപുരം പാറമാലിൽ വീട്ടിൽ രാഹുൽ (28) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഒക്കലിൽ നടന്ന വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനെത്തിയ ഒരു യുവാവിനെ അന്വേഷിച്ചാണ് അക്രമി സംഘം വീട്ടിലെത്തിയത്. തുടർന്ന് ആയുധങ്ങൾ കാട്ടി വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ ശേഷം സംഘം ഒളിവിൽ പോവുകയായിരുന്നു. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെല്ലാം വലയിലായത്.
Also Read: പയ്യന്നൂരിൽ വൻ സ്പിരിറ്റ് വേട്ട; ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 7000 ലിറ്റർ പിടികൂടി
ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാർച്ചിലാണ് ഓപ്പറേഷൻ സ്റ്റീൽ ബേർഡ് ആരംഭിച്ചത്. ഇതുവരെ 30-ഓളം കുറ്റവാളികൾക്കെതിരെ ഈ ദൗത്യത്തിലൂടെ നടപടി സ്വീകരിച്ചിട്ടുണ്ട്. പെരുമ്പാവൂർ ഇൻസ്‌പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്, ആദർശ്, സുഭാഷ് തങ്കപ്പൻ, സീനിയർ സി.പി.ഒമാരായ സിജോ പോൾ, ഷാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.






