തിരുവനന്തപുരത്തെ ഹൈലാൻഡ് ഹോട്ടലിൽ തീപിടിത്തം; താമസക്കാരെ ഒഴിപ്പിച്ചു

ചിമ്മിനിയിൽ നിന്നുണ്ടായ സ്പാർക്ക് തീയായി മാറുകയും, ഇതിൽ നിന്നുള്ള പുക കെട്ടിടത്തിന്റെ മറ്റ് നിലകളിലേക്ക് വ്യാപിക്കുകയും ചെയ്തതോടെ ഹോട്ടലിൽ വലിയ പരിഭ്രാന്തി സൃഷ്ടിക്കപ്പെട്ടു

തിരുവനന്തപുരത്തെ ഹൈലാൻഡ് ഹോട്ടലിൽ തീപിടിത്തം; താമസക്കാരെ ഒഴിപ്പിച്ചു
തിരുവനന്തപുരത്തെ ഹൈലാൻഡ് ഹോട്ടലിൽ തീപിടിത്തം; താമസക്കാരെ ഒഴിപ്പിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗമായ തമ്പാനൂരിലെ പ്രമുഖ ഹോട്ടലായ ഹൈലാൻഡ് ഹോട്ടലിൽ ജൂലൈ 10 വൈകുന്നേരം വൻ തീപിടിത്തം. ഹോട്ടലിന്റെ ഒന്നാം നിലയിലുള്ള റെസ്റ്റോറന്റിലെ ചിമ്മിനിയിൽ നിന്നുണ്ടായ തീയും പുകയും മുകളിലത്തെ നിലകളിലേക്ക് പടരുകയായിരുന്നു. തുടക്കത്തിൽ തീ ഹോട്ടലിന്റെ ആറാം നിലയിലാണ് പിടിച്ചതെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നെങ്കിലും, പിന്നീട് തീപിടിത്തം ഉണ്ടായത് ഒന്നാം നിലയിലെ അടുക്കളഭാഗത്താണെന്ന് സ്ഥിരീകരിച്ചു.

വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ചിമ്മിനിയിൽ നിന്നുണ്ടായ സ്പാർക്ക് തീയായി മാറുകയും, ഇതിൽ നിന്നുള്ള പുക കെട്ടിടത്തിന്റെ മറ്റ് നിലകളിലേക്ക് വ്യാപിക്കുകയും ചെയ്തതോടെ ഹോട്ടലിൽ വലിയ പരിഭ്രാന്തി സൃഷ്ടിക്കപ്പെട്ടു. എന്നാൽ, ഹോട്ടൽ അധികൃതരും ജീവനക്കാരും കൃത്യസമയത്ത് ഇടപെട്ടതുകൊണ്ട് തന്നെ താമസക്കാരെയും ജീവനക്കാരെയും അതിവേഗം സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചു. സ്ത്രീകളും കുട്ടികളും അടക്കം ഹോട്ടലിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും സുരക്ഷിതരാക്കിയതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.

Also Read: അയ്യപ്പന് പബ്ലിസിറ്റി വേണ്ട; പുതിയ ‘സംഗമങ്ങൾ’ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് കെ. ജയകുമാർ

വിവരമറിഞ്ഞയുടൻ തന്നെ ഫയർഫോഴ്സിന്റെ മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. ഫയർഫോഴ്സിന്റെ കൃത്യസമയത്തെ ഇടപെടലിനെത്തുടർന്ന് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. നിലവിൽ അപകടസാധ്യതകൾ ഒന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. പുറത്തിറക്കിയ താമസക്കാരെ പിന്നീട് ഹോട്ടലിലേക്ക് തിരികെ പ്രവേശിപ്പിച്ചു. തീപിടിത്തമുണ്ടായ സമയത്ത് ഹോട്ടലിലെ സുരക്ഷാ അലാറം സംവിധാനങ്ങൾ പ്രവർത്തിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Share Email
Top