ആലപ്പുഴ അപകടം; കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആര്‍

കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് ആദ്യം ലഭിച്ച വിവരം

ആലപ്പുഴ അപകടം; കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആര്‍
ആലപ്പുഴ അപകടം; കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആര്‍

ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആര്‍. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ആദ്യ വിവരപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസിന്റെ വിശദീകരണം. കെഎസ്ആര്‍ടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് ആദ്യം ലഭിച്ച വിവരം. സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടേയും അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം വരുമെന്നും പൊലീസ് വിശദീകരിച്ചു.

ഇന്നലെ രാത്രിയായിരുന്നു ദാരുണമായ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രണ്ട് മാസം മുമ്പാണ് അഞ്ച് പേരും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് ചേര്‍ന്നത്.

Also Read: ‘ക്രിമിനലുകളുടെ കേന്ദ്രമാക്കി ശിശുക്ഷേമ സമതിയെ സര്‍ക്കാര്‍ മാറ്റി’; വി ഡി സതീശന്‍

കാറില്‍ 11 പേരുണ്ടായിരുന്നു ഉണ്ടായിരുന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു യുവാക്കള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്ത് എടുത്തത്. കാറിലുണ്ടായിരുന്ന മറ്റ് ആറ് പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.

വാഹനാപകടത്തിലേക്ക് നയിച്ചത് പ്രതികൂല കാലാവസ്ഥയും ഡ്രൈവിങ്ങിലെ പരിചയക്കുറവുമാണെന്നാണ് ഗതാഗത വകുപ്പിന്റെ കണ്ടെത്തല്‍. കനത്ത മഴയും, വാഹനം ഓടിച്ച ആളുടെ പരിചയകുറവും, ഓവര്‍ ലോഡും, വാഹനത്തിന്റെ കാലപ്പഴക്കവുമാണ് അപകടത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു.

Share Email
Top