2025 ജൂലൈ 5ന് ജപ്പാനില്‍ സുനാമി ഉണ്ടാകുമെന്ന റിയോ തത്സുകിയുടെ പ്രവചനം, യഥാർത്ഥത്തിൽ ബാധിച്ചിരിക്കുന്നത് ഇപ്പോൾ അമേരിക്കയെയാണ്. ഭയാനകമായ സുനാമിയാണ് റിയോ തത്സുകി പ്രവചിച്ചതെങ്കിൽ, അമേരിക്കയിലെ ടെക്സസിൽ നടന്നിരിക്കുന്നത് മിന്നൽ പ്രളയമാണ്. 24 പേർ മരണപ്പെടുകയും അനവധി പേരെ കാണാതാവുകയും ചെയ്ത ഈ പ്രളയത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സമ്മർ ക്യാംപിൽ പങ്കെടുക്കാനെത്തിയ 25 പെൺകുട്ടികളെ കാണാതായതായ റിപ്പോർട്ടുകളും പുറത്ത് വന്നു കഴിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അമേരിക്കൻ പ്രസിഡൻ്റ് ഉൾപ്പെടെ നടുക്കം പ്രകടിപ്പിച്ചിരിക്കുകയാണ്. ദുരന്തത്തെ തുടർന്ന് ടെക്സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
ടെക്സസിന്റെ പടിഞ്ഞാറും മധ്യഭാഗത്തുമായി വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന്, ഇതിനകം തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കാണാതായവരെ സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചും ആശങ്ക രേഖപ്പെടുത്തിയും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിടുന്നത്. റിയോ തത്സുകിയുടെ പ്രവചനം ടെക്സസിൽ സംഭവിച്ചതായാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്.
Also Read: F35 ന് ഇന്ത്യൻ റഡാറിൽ കുടുങ്ങിയപ്പോൾ കിട്ടിയ പണിയോ ഇത് ? ആയുധ വിപണിയിലും യു.എസിന് തിരിച്ചടി

അതേസമയം, ടെക്സസിലെ ജനപ്രതിനിധികൾ ഉൾപ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. നിരവധി ഹെലികോപ്റ്ററുകളും അഞ്ഞൂറോളം രക്ഷാപ്രവർത്തകരും രക്ഷാദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. സേനാവിഭാഗങ്ങളും സജീവമാണ്. മരണ സംഖ്യ കൂടുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജപ്പാന്റെ ടൂറിസം മേഖലയെയും ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കിയും ആശങ്കപ്പെടുത്തിയുമാണ്, റിയോ തത്സുകി നേരത്തെ വൻ ദുരന്തം സംബന്ധിച്ച പ്രവചനം നടത്തിയിരുന്നത്. ഇത് മൂലം വിനോദ സഞ്ചാരികൾ ഉൾപ്പെടെ വൻതോതിലാണ് യാത്രകൾ ഒഴിവാക്കിയിരുന്നത്. വിമാനകമ്പനികളുടേയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും കണക്കനുസരിച്ച് അന്‍പത് ശതമാനത്തിലധികം ബുക്കിങ്ങുകള്‍ കുറഞ്ഞിട്ടുണ്ട്. സുനാമി ഉണ്ടാകുമെന്ന ഭയത്താലാണ് പലരും യാത്രകള്‍ ഒഴിവാക്കിയിരുന്നത്. 2025 ജൂലൈ 5ന് ജപ്പാനില്‍ സുനാമി ഉണ്ടാകുമെന്നായിരുന്നു ജാപ്പനീസ് മാംഗ ആര്‍ട്ടിസ്റ്റായ 70 വയസുകാരി റിയോ തത്സുകി പ്രവചനം നടത്തിയിരുന്നത്.
Also Read: അതിർത്തികളില്ലാത്ത ആകാശം: ലോകം ചുറ്റുന്ന ദേശാടനപ്പക്ഷികളുടെ വിസ്മയയാത്രകൾ
2011ല്‍ ജപ്പാനിലുണ്ടായ സുനാമി മുതല്‍ ഗായകന്‍ ഫ്രെഡി മെര്‍ക്കുറിയുടെ മരണം വരെ പല കാര്യങ്ങളിലും റിയോ തത്സുകി കൃത്യമായ പ്രവചനങ്ങള്‍ നടത്തിയതായി ജപ്പാൻ ജനത വിശ്വസിക്കുന്നതിനാൽ, ഭയം ഭരണകൂടത്തിൽ പോലും പ്രകടമായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ വളരെ പ്രാധാന്യത്തോടെ ആയിരുന്നു ഈ പ്രവചനം റിപ്പോർട്ട് ചെയ്തിരുന്നത്. റിയോ തത്സുകി കണ്ട സ്വപ്നം സ്ഥലം മാറി ടെക്സസിൽ സംഭവിച്ചതായ രൂപത്തിലാണ് ഇപ്പോൾ പല മാധ്യമങ്ങളും റിപ്പോർട്ടുകൾ നൽകി കൊണ്ടിരിക്കുന്നത്.