ഇന്ത്യയുടെ ‘ടാക്‌സി റോക്കറ്റ്’ ആര്‍എല്‍വിയുടെ അവസാന ലാന്‍ഡിങ് പരീക്ഷണം വിജയകരം

ഇന്ത്യയുടെ ‘ടാക്‌സി റോക്കറ്റ്’ ആര്‍എല്‍വിയുടെ അവസാന ലാന്‍ഡിങ് പരീക്ഷണം വിജയകരം
ഇന്ത്യയുടെ ‘ടാക്‌സി റോക്കറ്റ്’ ആര്‍എല്‍വിയുടെ അവസാന ലാന്‍ഡിങ് പരീക്ഷണം വിജയകരം

ബെംഗളൂരു: ബഹിരാകാശത്തു പോയി വരാനുള്ള ഇന്ത്യയുടെ ‘ടാക്‌സി റോക്കറ്റ്’ ആര്‍എല്‍വിയുടെ അവസാന ലാന്‍ഡിങ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ ആദ്യ രണ്ടു പരീക്ഷണങ്ങളും വിജയകരമായിരുന്നു. മൂന്നാം പരീക്ഷണമാണ് (ആര്‍എല്‍വി ലെക്‌സ്-03) ഇന്നു കര്‍ണാടകയിലെ ചിത്രദുര്‍ഗ എയ്‌റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ നടന്നത്.

അടുത്ത ഘട്ടം ബഹിരാകാശത്തു പോയി മടങ്ങിയെത്തുന്ന വാഹനത്തെ (ഓര്‍ബിറ്റല്‍ റീ എന്‍ട്രി വെഹിക്കിള്‍ – ഒആര്‍വി) ഭൂമിയിലിറക്കുന്ന പരീക്ഷണങ്ങളാണ്. വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാവുന്ന വാഹനം എന്ന പേര് നിലനിര്‍ത്തി, ആദ്യതവണ മുതല്‍ ഒരേ വാഹനം തന്നെയാണ് ലാന്‍ഡിങ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററിലാണ് ‘പുഷ്പക്’ എന്നു പേരിട്ടിരിക്കുന്ന ആര്‍എല്‍വിയെ ലാന്‍ഡിങ് പരീക്ഷണം തുടങ്ങുന്ന അന്തരീക്ഷത്തിലേക്കു കൊണ്ടു പോയത്. തുടര്‍ന്ന്, തറനിരപ്പില്‍ നിന്ന് 4.5 കിലോമീറ്റര്‍ ഉയരത്തിലും ഇറങ്ങേണ്ട റണ്‍വേയില്‍ നിന്ന് 4 കിലോമീറ്റര്‍ ദൂരത്തിലും ആര്‍എല്‍വിയെ ഹെലികോപ്റ്റര്‍ വിട്ടയച്ചു. അവിടെ നിന്ന് 500 മീറ്റര്‍ ദൂരം മാറി സഞ്ചരിച്ച് ആര്‍എല്‍വി റണ്‍വേയിലേക്ക് നേരിട്ട് ഇറങ്ങാവുന്ന ദിശയിലേക്കെത്തി. ദിശ കൃത്യമായി കണ്ടെത്താന്‍ സഹായിക്കുന്ന പുതിയ ദിശാ സൂചക (ഗൈഡന്‍സ്) ആല്‍ഗരിതം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ വികസിപ്പിച്ചിട്ടുണ്ട്.

ജെ.മുത്തു പാണ്ഡ്യനാണ് മിഷന്‍ ഡയറക്ടര്‍. വെഹിക്കിള്‍ ഡയറക്ടര്‍ ബി.കാര്‍ത്തിക്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്, വിഎസ്എസ്സി ഡയറക്ടര്‍ ഡോ.എസ്.ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ ദൗത്യം നിറവേറ്റിയ ടീമിനെ അഭിനന്ദിച്ചു.

Top