അഞ്ചാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് മെയ് 20ന്; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളില്‍ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

അഞ്ചാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് മെയ് 20ന്; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളില്‍ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

ഡല്‍ഹി: അഞ്ചാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പ് മെയ് 20ന്. തിങ്കളാഴ്ച നടക്കുന്ന അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ 428 ലോക്സഭാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പാണ് പൂര്‍ത്തിയാവുന്നത്. അഞ്ചാംഘട്ടത്തില്‍ ഉള്‍പ്പെട്ട 13 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയാകുമ്പോള്‍ മഹാരാഷ്ട്രയിലെ 48 മണ്ഡലങ്ങളിലും വിധിയെഴുത്ത് അവസാനിക്കും. അഞ്ചാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 49 മണ്ഡലങ്ങളില്‍ 2019ലെ തിരഞ്ഞെടുപ്പില്‍ 32ലും വിജയിച്ചത് ബിജെപിയായിരുന്നു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്. അവിഭക്ത ശിവസേന ഏഴ് സീറ്റുകളിലും ബിജു ജനതാദള്‍ രണ്ട് സീറ്റിലും വിജയിച്ചിരുന്നു.

അഞ്ചാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 49 ലോക്സഭാ മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 695 സ്ഥാനാര്‍ത്ഥികളാണ്. ബിഎസ്പിയാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്. 46 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. കോണ്‍ഗ്രസ് 18 സീറ്റുകളിലാണ് മത്സരരംഗത്തുള്ളത്. 13 സീറ്റുകളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുള്ളത്. 264 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ മത്സരിക്കുന്നത്. ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങളിലായി 144 സ്ഥാനാര്‍ത്ഥികളും ബംഗാളിലെ ഏഴ് മണ്ഡലങ്ങളിലായി 88 സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ട്.

അഞ്ചാംഘട്ടത്തില്‍ ക്രമിനല്‍ കേസുള്ള 159 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുമ്പോള്‍ 227 കോടിപതികളാണ് മത്സരരംഗത്തുള്ളത്. 82 വനിതാ സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുമ്പോള്‍ ബിരുദത്തിന് മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ള 349 സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നു. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ശരാശരി ആസ്തി 3.56 കോടി രൂപയാണ്. സ്ഥാനാര്‍ത്ഥികളുടെ ശരാശരി പ്രായം 48 വയസാണ്. കോടിപതികളായ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും മുന്നില്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നിന്നും മത്സരിക്കുന്ന അനുരാഗ് ശര്‍മ്മയാണ്. 202.08 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. മഹാരാഷ്ട്രയിലെ ബിവാന്‍ഡിയില്‍ നിന്നും മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥി നിലേഷ് ഭഗ്വാന്‍ സാംബരെയാണ് കോടിപതികളില്‍ രണ്ടാമന്‍. മഹാരാഷ്ട്രയിലെ മുംബൈ നേര്‍ത്തില്‍ മത്സരിക്കുന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് പട്ടികയിലെ മൂന്നാമന്‍. 110.95 കോടി രൂപയാണ് പിയൂഷ് ഗോയലിന്റെ ആസ്തി.

Top