ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് കളമൊരുങ്ങവേ ഫുട്‌ബോള്‍ ലോകത്ത് കനത്ത പ്രതിഷേധം. ഇംഗ്ലീഷ് പ്രതിരോധ താരം ജറെൽ ക്വാൻസയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ ഫിഫയുടെ നടപടി വലിയൊരു വിവാദത്തിന് തിരിതെളിച്ചിരിക്കുകയാണ്. മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ടതിനെത്തുടര്‍ന്നാണ് ക്വാന്‍സയ്ക്ക് വിലക്ക് ലഭിച്ചത്. എന്നാല്‍ സമാനമായ കുറ്റകൃത്യത്തിന് പുറത്തായ അമേരിക്കൻ താരം ഫൊളാരിന്‍ ബലോഗന്റെ കാര്യത്തില്‍ ഫിഫ കാണിച്ച ‘ഉദാരത’യാണ് കായികലോകത്ത് ചോദ്യചിഹ്നമാകുന്നത്.
ക്വാന്‍സയുടെ ടാക്കിളിനെ ‘സീരിയസ് ഫൗള്‍ പ്ലേ’ ആയി കണ്ട് ഫിഫ അച്ചടക്ക സമിതി രണ്ട് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍, ബലോഗന്റെ കാര്യത്തില്‍ ഫിഫയുടെ നിലപാട് മറ്റൊന്നായിരുന്നു. ഫിഫ അച്ചടക്ക കോഡിലെ ആര്‍ട്ടിക്കിള്‍ 27 ഉപയോഗിച്ച് ബലോഗന്റെ ഒരു മത്സര വിലക്ക് ഒരു വര്‍ഷത്തെ പ്രൊബേഷനിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ബെല്‍ജിയത്തിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ബലോഗന് കളിക്കാന്‍ അവസരം ലഭിച്ചു.
എന്തുകൊണ്ടാണ് രണ്ട് താരങ്ങള്‍ക്കും വ്യത്യസ്തമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചതെന്ന് ഫിഫ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ബലോഗന്റെ വിലക്ക് പുനഃപരിശോധിക്കാന്‍ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുമായി സംസാരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിതി വഷളാക്കിയിട്ടുണ്ട്. ഇത്തരം ഇടപെടലുകള്‍ കളിയുടെ അന്തസ്സ് കെടുത്തുന്നതാണെന്നും സുതാര്യത ചോദ്യം ചെയ്യപ്പെടുകയാണെന്നും മുന്‍ ഫിഫ റഫറി കീത്ത് ഹാക്കറ്റ് തുറന്നടിച്ചു. ക്വാന്‍സയും ബലോഗനും ചെയ്തത് സമാനമായ കുറ്റമാണെന്നും, വിവേചനം അനുവദിക്കാനാകില്ലെന്നും മുന്‍ റഫറി ജോനാസ് എറിക്‌സണും അഭിപ്രായപ്പെട്ടു.






