ഇത്തരം ഒരു വ്യൂ ഇപ്പോൾ ഇവിടെ പറയേണ്ടി വരുന്നത് സ്പെയിൻ ലോകകപ്പ് നേടിയ പശ്ചാത്തലത്തിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ ഇകഴ്ത്തി കാട്ടാൻ ഒരു വിഭാഗം ശ്രമിക്കുന്നത് കൊണ്ട് മാത്രമാണ്. സ്പെയിൻ കളിച്ച കളിയുടെ അടിസ്ഥാനത്തിൽ അവർ 100 ശതമാനവും ലോകകപ്പ് നേടാൻ അർഹരാണ് എന്ന കാര്യത്തിൽ അർജൻ്റീനയുടെ കടുത്ത ആരാധകർക്ക് പോലും സംശയം ഉണ്ടാവുകയില്ല. എന്നാൽ, അത് ഇപ്പോൾ അർജൻ്റീന വിരുദ്ധർ ഒറ്റക്കെട്ടായി നിന്ന് കൊട്ടിഘോഷിക്കുന്നത് പോലെ ചരിത്ര സംഭവമോ അപൂർവ്വ നേട്ടമോ അല്ലെന്നതും പറയാതിരിക്കാൻ കഴിയുകയില്ല.
എക്സ്ട്രാ ടൈമിൽ 10 പേരെ വച്ച് കളിച്ച അർജൻ്റീന പ്രതിരോധത്തിലായി പോവുക സ്വാഭാവികമാണ്. അതു കൊണ്ടു കൂടിയാണ് ഒരു ഗോളിൻ്റെ കഷ്ടിച്ച വിജയം സ്പെയിനിന് നേടാനായിരിക്കുന്നത്. അവസാന പത്ത് മിനുട്ടിൽ അർജൻ്റീന കളിച്ച കളി അവസാന 30 മിനുട്ടിൽ ആ ടീം കളിച്ചിരുന്നു എങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു എന്നതും സോഷ്യൽ മീഡിയകളിൽ അർജൻ്റീന ടീമിനെയും മെസിയെയും കൊത്തിപ്പറിക്കുന്നവർ ഓർക്കുന്നത് നല്ലതാണ്. അവസാന 5 മിനുട്ടിൽ ലയണൽ മെസി നൽകിയ രണ്ട് പാസുകളിൽ ഒന്ന് വലയിലാക്കാൻ അർജൻ്റീനൻ താരങ്ങൾക്ക് കഴിയാതിരുന്നത് കൊണ്ടു മാത്രമാണ് ഇപ്പോൾ ലോകകപ്പ് സ്പെയിനിൽ വിശ്രമിക്കുന്നത്.
ഒരു പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു എങ്കിൽ, ഈ ലോക കപ്പിൽ ഒരു ഗോൾ മാത്രം വഴങ്ങി എന്ന് മേനി നടിക്കുന്ന സ്പെയിൻ ഗോൾ കീപ്പർക്ക് പോലും ആ ടീമിനെ രക്ഷിച്ചെടുക്കാൻ കഴിയുമായിരുന്നില്ല. അത്രയ്ക്കും മനോഹരമായ സേവിങ്ങാണ് അർജൻ്റിനയുടെ ഗോൾ കീപ്പർ മത്സരത്തിനുടനീളം കാഴ്ച വച്ചിരുന്നത്.
അർജൻ്റീനയ്ക്ക് പിഴച്ചത്, അവരുടെ കോച്ചിൻ്റെ തന്ത്രങ്ങളിലാണ് എന്നതാണ് വസ്തുത. അറ്റാക്കിങ് ഫുട്ബോൾ പുറത്തെടുക്കാതിരുന്നതും, ഫൈനൽ കളിക്കാനിറങ്ങിയ ടീമിൽ മാറ്റങ്ങൾ വരുത്തിയതുമാണ് തിരിച്ചടിയായിരിക്കുന്നത്.
അതുകൊണ്ട് , അർജൻ്റിന തീർന്നു എന്ന് കരുതി ആഹ്ലാദിക്കുന്നവർ, ഈ യാഥാർത്ഥ്യം കൂടി ഒന്ന് മനസ്സിലാക്കി വയ്ക്കുന്നത് നല്ലതാണ്.
ഈ ഫുട്മ്പോൾ ലോകത്ത്, ഒരേയൊരു രാജാവേ ഉള്ളൂ . അതാണ് അർജൻ്റീനയുടെ ക്യാപ്റ്റൻ ലയണൽ മെസി . അദ്ദേഹവുമായി താരതമ്യപ്പെടുത്താൻ ഇന്ന് ഈ കളിക്കളത്തിൽ ആരും തന്നെയില്ല. ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല. അത്തരം ഒരു അത്ഭുത പിറവിയാണ് മെസിയുടേത്. എല്ലാ പുരസ്‌കാരങ്ങളും ഇതിനകം തന്നെ അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു, ലോകത്ത് ഏറ്റവും അധികം ജനങ്ങളുടെ ആദരം പിടിച്ചു പറ്റിയ താരം കൂടിയാണ് മെസി.
ആ മെസി കുളിപ്പിച്ചതു കൊണ്ടോ, മെസിയുടെ ഒപ്പം ഫോട്ടോ എടുത്തതു കൊണ്ടോ, ഒരു താരത്തിനും മെസിയാകാൻ കഴിയുകയില്ല.
സ്പെയിൻ താരം ലാമിൻ യമാൽ എന്ന 19കാരനെ, എന്ത് കണ്ടിട്ടാണ് ഇത്രയധികം അർജൻ്റീന വിരുദ്ധർ ആഘോഷിക്കുന്നത് എന്നതും, നമ്മൾ സമഗ്രമായി പരിശോധിക്കേണ്ടതുണ്ട്. അതിൽ ഒരു പ്രധാന കാരണം, പലസ്തീന് അനുകൂലമായി മുസ്ലിം മതവിശ്വാസിയായ യമാൽ എടുത്ത അനുകൂല നിലപാടാണ് എന്ന കാര്യത്തിൽ തർക്കമില്ല. അങ്ങനെ പിന്തുണയ്ക്കുന്നത് ആരോഗ്യകരമായ ഒരു രീതിയുമല്ല.

അർജൻ്റീനയുടെ പ്രസിഡൻ്റ് ഇസ്രയേൽ അനുകൂലിയാണെന്നു കരുതി, ആ രാജ്യത്തെ ജനങ്ങളെയും ഫുട്ബോൾ ടീമിനെയും എങ്ങനെ അത്തരത്തിൽ വിലയിരുത്താൻ പറ്റും ? ഫുട്ബോളിനെ കളിയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്. അതല്ലാതെ, ഏതെങ്കിലും ഭരണാധികാരിയുടെ നിലപാടിന് അനുസരിച്ച് വിലയിരുത്തുന്നത് ശരിയല്ല.
അർജൻ്റീന ടീമിനെ ഇസ്രയേൽ അനുകൂലികളാക്കുന്ന തരത്തിൽ, ബോധപൂർവ്വമായ ക്യാപയിനുകളാണ് ഒരു വിഭാഗം സോഷ്യൽ മീഡിയകളിലൂടെയും മാധ്യമങ്ങളിലൂടെയും തുടക്കം മുതൽ പടച്ച് വിട്ടു കൊണ്ടിരിക്കുന്നത്. ഈ വിഭാഗം തന്നെയാണ് യമാലിനെ, അയാൾ അർഹിക്കാത്ത സ്ഥാനത്ത് പ്രതിഷ്ടിക്കാനും ശ്രമിച്ചിരിക്കുന്നത്.
ഇത്തരക്കാർ, ഇസ്രയേലിനൊപ്പം ചേർന്ന് പതിനായിരങ്ങളെ കൊന്നൊടുക്കിയ അമേരിക്കയുടെ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുഖത്ത് പോലും നോക്കാതെ, ലോകകപ്പ് വേദിയിൽ അപമാനിച്ച് വിട്ട അർജൻ്റീനൻ താരത്തിൻ്റെ പ്രവർത്തി കണ്ടില്ലന്നതും പറയാതിരിക്കാൻ കഴിയുകയില്ല. യമാൽ ഭാവിയുടെ വാഗ്ദാനമാകാം, ആകാതിരിക്കാം, എന്നാൽ അതിന്, മറ്റൊരു പ്രതിച്ഛായ നൽകി ആവശ്യമില്ലാത്ത ബൂസ്റ്റ് നൽകുന്നതും, മെസിയോട് താരതമ്യം ചെയ്യുന്നതും, ആര് തന്നെ ആയാലും, അത് ശരിയായ രീതിയല്ല. മലയാളത്തിലെ ചില മാധ്യമങ്ങളും, യൂട്യൂബ് ചാനലുകളും നെറികെട്ട ഇത്തരം പ്രചരണങ്ങൾക്ക് മുൻപന്തിയിൽ നിന്നിട്ടുണ്ട്. ഇവർ വ്യാപകമായി അർജൻ്റീനൻ ഫുടുമ്പോൾ ടീമിനെ ഇസ്രയേൽ പക്ഷപാതികളായി ചിത്രീകരിച്ച് പ്രചരണം നടത്തിയിട്ടും, ഫുട്ബോളിൻ്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയിൽ പോലും, ബഹുഭൂരിപക്ഷവും ഇത്തവണയും നെഞ്ചിലേറ്റിയത് ലയണൽ മെസിയെ തന്നെയാണെന്നതും ഒരു യാഥാർത്ഥ്യമാണ്.
ഈ ലോക കപ്പിലെ സ്പെയിൻ താരം യമാലിൻ്റെ ആകെ സമ്പാദ്യം ഒരേഒരു ഗോളുമാത്രമാണ്. അതും സൗദി അറേബ്യയ്ക്ക് എതിരെ ആയിരുന്നു. ഒരു അസിസ്റ്റ് നൽകാൻ പോലും യമാലിന് കഴിഞ്ഞിട്ടുമില്ല. ലോകകപ്പ് ഫൈനലിൽ അർജൻ്റീന ടീം നിറം മങ്ങി എന്ന് പറയുന്നവർ യമാലിൻ്റെ പ്രകടനവും വിലയിരുത്തണം. ഫൈനൽ മത്സരത്തിൽ ഏറ്റവും അധികം തിളങ്ങിയ താരം അർജൻ്റിനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് ആണെന്നത് നിസംശയം പറയാൻ പറ്റും. ഒരു ടീമായി ഒത്തൊരുമിച്ച് പ്രവർത്തിച്ച് വിജയിക്കുന്നതിൽ സ്പെയിനാണ് ഫൈനലിൽ വിജയിച്ചത്. അർജൻ്റീനയ്ക്ക് എവിടെയാണ് പിഴച്ചത് എന്നത് ,അവരുടെ കോച്ചിൻ്റെ കണ്ണീരിൽ തന്നെ അടയാളപ്പെടുത്തിയിട്ടുമുണ്ട്. അതുകൊണ്ട് അതേ കുറിച്ച് കൂടുതൽ പറയേണ്ട കാര്യവുമില്ല.
ഈ ഘട്ടത്തിൽ മറ്റൊരു കാര്യം എന്തായാലും പറയാതിരിക്കാൻ കഴിയുകയില്ല. അത് ഫിഫയുടെ നെറികേടിനെ കുറിച്ചാണ്. ലോകകപ്പിൽ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ രണ്ടു തവണ സ്വന്തമാക്കിയ താരമാണ് ലയണൻ മെസി. ലോകകപ്പ് ചരിത്രത്തിൽ തന്നെ, രണ്ട് തവണ ഈ കപ്പ് വാങ്ങിയ ഏക താരവും മെസി തന്നെയാണ്. തീർച്ചയായും, ഇത്തവണയും ആ ഗോൾഡൻ ബോളിന് അർഹൻ മെസി തന്നെ ആയിരുന്നു എന്നത് ഈ ലോകകപ്പ് വീക്ഷിച്ച ആർക്കും തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന കാര്യമാണ്. എന്നാൽ ഫിഫ മനപൂർവ്വം അത് മെസിക്ക് നൽകാതെ, സ്പെയിൻ താരം റോഡ്രിക്കാണ് നൽകിയിരിക്കുന്നത്. ടൂർണ്ണമെൻ്റിലെ ആകെ പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ മാത്രം, വ്യക്തിഗത മികവിന് നൽകുന്ന ഗോൾഡൻ ബോൾ, ഈ ടൂർണ്ണമെൻ്റിൽ അർജൻ്റീനയെ ഫൈനലിൽ എത്തിച്ചതിൻ്റെ വ്യക്തിഗത മികവ് മുൻ നിർത്തി മെസിക്കായിരുന്നു അവകാശപ്പെട്ടത്. സ്പെയിൻ, ഫൈനലിൽ എത്തിയതും കപ്പടിച്ചതും, റോഡ്രിക്കിൻ്റെ മാത്രം കഴിവു കൊണ്ടോ, പ്രത്യേക ഇടപെടൽ കൊണ്ടോ അല്ലന്നതും, ഈ ഘട്ടത്തിൽ നാം ഓർക്കേണ്ടതുണ്ട്. ഇതെല്ലാം എന്തിന് വേണ്ടി ആയിരുന്നു എന്നതിൻ്റെ ഉത്തരം തേടുമ്പോഴാണ്, അണയറയിൽ നടന്ന ഗൂഢാലോചനയും പുറത്ത് വരാൻ പോകുന്നത്.
ഫിഫ ബോയ് എന്ന മെസിക്ക് എതിരായ പ്രചരണം തന്നെ, ഗോൾഡൻ ബോളിൽ മെസി ഹാട്രിക് നേടുന്നത് ഒഴിവാക്കാൻ വേണ്ടിയായിരുന്നു എന്നതും സംശയിക്കേണ്ടിയിരിക്കുന്നു. ഈ പ്രചരണമാണ് ഫിഫയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത് എന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്.
ഇത്തവണ ഫിഫയുടെ ഗോൾഡൻ ബൂട്ടോ, ലോകകപ്പോ നേടിയില്ലന്നു കരുതി, ലയണൽ മെസി എന്ന ഇതിഹാസത്തിൻ്റെ താര പകിട്ടിന് ഒരിടിവും സംഭവിക്കുകയില്ല. 39-ാം വയസ്സിലും, പുട്ബോൾ രാജാവായി നിന്ന്, ഇങ്ങനെ നമ്മളെ ത്രസിപ്പിക്കാൻ മറ്റാർക്ക് കഴിയും എന്നതും വലിയ ഒരു ചോദ്യം തന്നെയാണ്.
EXPRESS VIEW
വീഡിയോ കാണാം…






