റിയാദ്: സൗദി അറേബ്യയിലെ അക്കൗണ്ടിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന വിദേശികൾക്ക് കനത്ത തിരിച്ചടിയായി 44 തസ്തികകളിൽ സ്വദേശിവത്കരണം നടപ്പാക്കുന്നു. വാണിജ്യ മന്ത്രാലയവുമായി സഹകരിച്ചാണ് മാനവ വിഭവശേഷി മന്ത്രാലയം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. അഞ്ചോ അതിലധികമോ അക്കൗണ്ടന്റുമാർ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടിംഗ് ജോലികളിൽ 40 ശതമാനം സ്വദേശിവത്കരിക്കാനുള്ള ആദ്യ ഘട്ടം പ്രാബല്യത്തിലായ സാഹചര്യത്തിലാണ് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടത്.
ഫിനാൻഷ്യൽ മാനേജർ, അക്കൗണ്ടിംഗ് മാനേജർ, ഫിനാൻഷ്യൽ കൺട്രോളർ, സീനിയർ ഫിനാൻഷ്യൽ ഓഡിറ്റർ, സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് തുടങ്ങി 44 തസ്തികകളാണ് സ്വദേശിവത്കരണത്തിൻ്റെ പരിധിയിൽ വരുന്നത്. അഞ്ച് വർഷത്തിനുള്ളിൽ, അഞ്ച് ഘട്ടങ്ങളിലായി അക്കൗണ്ടിംഗ് ജോലികളിലെ സ്വദേശിവത്കരണം 70 ശതമാനത്തിലേക്ക് എത്തിക്കാനാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്.
Also Read: ലഹരി മാഫിയക്ക് കുവൈത്തിൽ രക്ഷയില്ല; കള്ളക്കടത്തിന് വധശിക്ഷ, കടുത്ത നിയമവുമായി രാജ്യം
രാജ്യത്തുടനീളമുള്ള എല്ലാ മേഖലകളിലും സ്വദേശി പൗരന്മാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും പുരുഷന്മാർക്കും കൂടുതൽ വൈവിധ്യമാർന്ന തൊഴിലവസരങ്ങൾ നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. സ്വദേശി ജീവനക്കാർക്കായി കുറഞ്ഞ വേതനവും ഇവിടെ നിശ്ചയിച്ചിട്ടുണ്ട്.
ബിരുദമോ തത്തുല്യമോ ഉള്ളവർക്ക് കുറഞ്ഞത് 6,000 റിയാലും, ഡിപ്ലോമയോ തത്തുല്യമോ ഉള്ളവർക്ക് കുറഞ്ഞത് 4,500 റിയാലുമാണ് ഏറ്റവും കുറഞ്ഞ വേതനം. നിയമപരമായ ശിക്ഷകൾ ഒഴിവാക്കുന്നതിനായി എല്ലാ സ്വകാര്യ സ്ഥാപനങ്ങളും പുതിയ സ്വദേശിവത്കരണ തീരുമാനം കർശനമായി പാലിക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു. തീരുമാനത്തിൻ്റെ വിശദാംശങ്ങളും സ്വദേശിവത്കരണ അനുപാതങ്ങളും വ്യക്തമാക്കുന്ന നടപടിക്രമ ഗൈഡ് മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.






