കാലുകൾ പറയും രഹസ്യങ്ങൾ; ശരീരത്തിന്റെ ആരോഗ്യം അറിയാൻ പാദങ്ങളിലേക്ക് നോക്കാം!

പാദങ്ങളിൽ അനുഭവപ്പെടുന്ന മരവിപ്പോ തണുപ്പോ രക്തപ്രവാഹം കുറയുന്നതിനെയോ നാഡികൾക്കുണ്ടാകുന്ന തകരാറിനെയോ സൂചിപ്പിക്കാം

കാലുകൾ പറയും രഹസ്യങ്ങൾ; ശരീരത്തിന്റെ ആരോഗ്യം അറിയാൻ പാദങ്ങളിലേക്ക് നോക്കാം!
കാലുകൾ പറയും രഹസ്യങ്ങൾ; ശരീരത്തിന്റെ ആരോഗ്യം അറിയാൻ പാദങ്ങളിലേക്ക് നോക്കാം!

മ്മുടെ ആരോഗ്യത്തിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുമ്പോൾ ശരീരം പാദങ്ങളിലൂടെ ചില മുന്നറിയിപ്പ് ലക്ഷണങ്ങൾ നൽകാറുണ്ട്. ഓരോ പാദത്തിലും 26 അസ്ഥികളും നൂറിലധികം പേശികളും ടെൻഡോണുകളും ലിഗമെന്റുകളും അടങ്ങിയിരിക്കുന്നു, ഇവയെല്ലാം ശരീരത്തിന്റെ സന്തുലിതാവസ്ഥയും ചലനവും നിലനിർത്താൻ ഒരുമിച്ച് പ്രവർത്തിക്കുന്നു. പാദങ്ങൾ പലപ്പോഴും രക്തചംക്രമണത്തെയും നാഡികളുടെ അവസ്ഥകളെയും പ്രതിഫലിപ്പിക്കാറുണ്ട്. പാദങ്ങളിൽ അനുഭവപ്പെടുന്ന മരവിപ്പോ തണുപ്പോ രക്തപ്രവാഹം കുറയുന്നതിനെയോ നാഡികൾക്കുണ്ടാകുന്ന തകരാറിനെയോ സൂചിപ്പിക്കാം. വിണ്ടുകീറിയ ഉപ്പൂറ്റികളും വരണ്ട ചർമ്മവും നിർജ്ജലീകരണത്തെയോ തൈറോയിഡ് അസന്തുലിതാവസ്ഥയെയോ ആണ് പലപ്പോഴും സൂചിപ്പിക്കുന്നത്. കണങ്കാലിലെ വീക്കം ചിലപ്പോൾ ഹൃദയം, വൃക്ക, അല്ലെങ്കിൽ കരൾ എന്നിവയുമായി ബന്ധപ്പെട്ട സമ്മർദ്ദത്തിന്റെ ലക്ഷണമാകാം. നഖത്തിന്റെ നിറത്തിലോ കട്ടിയിലോ ഉണ്ടാകുന്ന മാറ്റങ്ങൾ ഫംഗസ് അണുബാധയേയോ മറ്റ് അടിസ്ഥാന രോഗങ്ങളെയോ വെളിപ്പെടുത്തുന്നു.

പ്രമേഹമുള്ളവരിൽ ഇത്തരം ലക്ഷണങ്ങൾ കൂടുതൽ ഗുരുതരമായേക്കാം. പ്രമേഹം നാഡികളുടെ തകരാറ്, രക്തവിതരണം കുറയൽ, പാദത്തിലെ വൈകല്യങ്ങൾ, ശ്രദ്ധിക്കപ്പെടാത്ത പരിക്കുകൾ, അണുബാധകൾ, ഉണങ്ങാത്ത മുറിവുകൾ എന്നിവയിലേക്ക് നയിക്കുന്നു. ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അവസ്ഥ മോശമാവുകയും ചിലപ്പോൾ കാൽ മുറിച്ചു മാറ്റേണ്ടി വരികയും ചെയ്തേക്കാം. ഇന്ത്യയിൽ പ്രമേഹ രോഗികൾ വർധിച്ചുവരുന്നത് എങ്ങനെയെന്ന് ഇന്ത്യൻ ജേണൽ ഓഫ് എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.

Also Read: സീറ്റുകളേക്കാൾ ഇരട്ടി യാത്രക്കാർ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ട്രെയിനായി പരശുറാം എക്‌സ്പ്രസ്!

കാലിലെ പ്രശ്നങ്ങൾ എപ്പോഴും വാർദ്ധക്യവുമായി മാത്രം ബന്ധപ്പെട്ടതല്ല, മറിച്ച് ജീവിതശൈലി മാറ്റങ്ങളും ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു. ദീർഘനേരം ഒരേയിടത്ത് ഇരിക്കുന്നത് രക്തചംക്രമണം കുറയ്ക്കുന്നു. അനുയോജ്യമല്ലാത്ത പാദരക്ഷകൾ ധരിക്കുന്നത് സന്ധികളെയും പേശികളെയും ബുദ്ധിമുട്ടിക്കുകയും പാദങ്ങളിൽ അമിത സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യുന്നു. അമിതവണ്ണം കാലിലെ സമ്മർദ്ദം വർദ്ധിപ്പിക്കുമ്പോൾ, ശാരീരിക പ്രവർത്തനങ്ങളുടെ കുറവ് പേശികളെ ദുർബലപ്പെടുത്തുന്നു. ഇത്തരം ലക്ഷണങ്ങൾ ആരംഭത്തിൽ തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ ചെറിയ മുറിവുകൾ പോലും ഗുരുതരമായ വൃണങ്ങളായി മാറാനും സന്ധികൾക്ക് കാഠിന്യം അനുഭവപ്പെട്ട് ചലനശേഷി കുറയാനും സാധ്യതയുണ്ട്. അതിനാൽ മുറിവുകൾ, നീർവീക്കം, നിറവ്യത്യാസം തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

Share Email
Top