ഇറാൻ: ചെറിയ ഇടവേളയ്ക്ക് ശേഷം ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിപണന പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും പ്രതിസന്ധിയിലേക്ക്. മേഖലയിലെ സമുദ്രസുരക്ഷാ ഭീഷണി ഏറ്റവും ഉയർന്ന നിലയിലാണെന്ന് ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ജൂലൈ 10 വെള്ളിയാഴ്ച പുറത്തിറക്കിയ മുന്നറിയിപ്പിലൂടെ അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിൽ ജൂൺ മാസത്തിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാർ തകർന്നതിന് പിന്നാലെയാണ് ഹോർമുസിലെ സ്ഥിതിഗതികൾ വീണ്ടും വഷളായത്. മേഖലയിലെ നാവിക സഞ്ചാരത്തിന് ഇറാൻ ഏർപ്പെടുത്താൻ ശ്രമിക്കുന്ന നിയന്ത്രണങ്ങളും ഇതിനെതിരെ അമേരിക്ക നടത്തുന്ന സൈനിക ഇടപെടലുകളും അന്താരാഷ്ട്ര ചരക്ക് നീക്കത്തെ മന്ദഗതിയിലാക്കിയിരിക്കുകയാണ്.
Also Read: ആകാശമധ്യേ വിമാനത്തിന്റെ ജനൽ തകർന്നു; യാത്രികൻ പുറത്തേക്ക് തെറിച്ചു, തലനാരിഴയ്ക്ക് രക്ഷ!
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങൾ കണക്കിലെടുത്ത്, ചരക്കുകപ്പലുകളുടെ സഞ്ചാരം അതീവ ജാഗ്രതയോടെ വേണമെന്ന് നാവിക ഏജൻസികൾ കർശന നിർദ്ദേശം നൽകി. അൽ-റയ്യാൻ, ഗാസ് ലോഗ് ഷാങ്ഹായ് തുടങ്ങിയ പ്രധാനപ്പെട്ട എൽഎൻജി ടാങ്കറുകൾ കഴിഞ്ഞ ജൂലൈ ഒൻപതാം തീയതി ഹോർമുസിന് പുറത്ത് കണ്ടിരുന്നു. അൽ-സമ്‌രിയ, അൽ-ഗട്ടാര കപ്പലുകളെ ജൂൺ 18, 19 തീയതികളിലും അൽ-ദഫ്‌നയെ ജൂൺ 29-നുമാണ് അവസാനമായി കണ്ടത്. ജൂലൈ ഒൻപത് വ്യാഴാഴ്ചയോടെ ഭീമൻ ക്രൂഡ് വാഹക കപ്പലായ നിസ്സോസ് കീ ഹോർമുസിൽ പ്രവേശിച്ചതായാണ് റിപ്പോർട്ട്.
ജൂൺ 28-ന് ശേഷം കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം റെക്കോർഡ് താഴ്ചയിലാണ്. ജൂലൈ ഒൻപത് വ്യാഴാഴ്ച പത്തുകപ്പലുകൾ മാത്രമാണ് കടന്നുപോയത്. ജൂലൈ എട്ട് ബുധനാഴ്ച ഇത് 14-ഉം ജൂലൈ ആറ് തിങ്കളാഴ്ച 22-ഉം ആയിരുന്നു. ആഗോളതലത്തിൽ എണ്ണ, ഗ്യാസ് വിതരണത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഈ പാതയിലെ തടസ്സം ലോകമെമ്പാടുമുള്ള ഇന്ധന വിലയെയും വിതരണ ശൃംഖലയെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. സമുദ്രയാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര നാവിക സേനകൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും, വെടിനിർത്തൽ ലംഘനത്തോടെ വീണ്ടും ഉയർന്ന സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ ആശങ്കപ്പെടുത്തുകയാണ്.






