സംസ്ഥാനത്ത് പകർച്ചവ്യാധികൾ വീണ്ടും ഭീഷണിയാകുന്നു. തിരുവനന്തപുരത്ത് എംപോക്സ് (Mpox) സ്ഥിരീകരിച്ചത് ആരോഗ്യമേഖലയിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ എട്ട് പേർക്കാണ് സംസ്ഥാനത്ത് എംപോക്സ് ബാധിച്ചത്. ഇതിനു പിന്നാലെ ഷിഗെല്ലയും ഡെങ്കിപ്പനിയും അടക്കമുള്ള രോഗങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.
ഇന്ന് മാത്രം സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് (9), തൃശൂർ (3), തിരുവനന്തപുരം (2), കണ്ണൂർ (2), കൊല്ലം (1), എറണാകുളം (1), മലപ്പുറം (1) എന്നിങ്ങനെയാണ് രോഗബാധ. ഈ വർഷം ഇതുവരെ 186 പേർക്ക് ഷിഗെല്ല ബാധിച്ചു, ഇതിൽ 110 കേസുകളും ജൂൺ മാസത്തിൽ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് (33), വയനാട് (18), തൃശൂർ (9), ആലപ്പുഴ (3) എന്നീ നാല് ജില്ലകളിൽ ഷിഗെല്ല ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മലപ്പുറം, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, കണ്ണൂർ ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒപ്പം ഇന്ന് 68 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തൃശൂർ നാട്ടികയിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരണപ്പെട്ടു. കൂടാതെ, ഒരാൾക്ക് കൂടി അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്.
ALSO READ :‘മഹത്തായ ഒരു പരാജയം’..! ഇറാനിയൻ പത്രങ്ങൾ ആഹ്ലാദിക്കുന്നു, ട്രംപിനെ പരിഹസിക്കുന്നു
മഴക്കാലം തുടങ്ങിയതോടെ പകർച്ചവ്യാധികൾക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. ഷിഗെല്ലയുടെ വർദ്ധനവും എംപോക്സ് സാന്നിധ്യവും മുൻനിർത്തി, ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. ശുചിത്വത്തിൽ ഒട്ടും വിട്ടുവീഴ്ച വരുത്താതെയും ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടിയും രോഗവ്യാപനത്തെ തടയാൻ നമുക്ക് സാധിക്കും. അനാവശ്യ ഭീതി വേണ്ടെങ്കിലും ജാഗ്രത അനിവാര്യമാണ്. ആരോഗ്യരംഗത്തെ ഈ വെല്ലുവിളികളെ അതിജീവിക്കാൻ എല്ലാവരുടെയും സഹകരണം അത്യന്താപേക്ഷിതമാണ്. ഓരോ ചെറിയ ലക്ഷണത്തെയും ഗൗരവമായി കാണുക, കൃത്യസമയത്ത് വൈദ്യസഹായം തേടുക എന്നത് ജീവൻ രക്ഷിക്കാൻ അനിവാര്യമാണ്. ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങളോട് പൂർണ്ണമായി സഹകരിച്ചുകൊണ്ട് നമുക്ക് ഈ പകർച്ചവ്യാധി കാലത്തെ അതിജീവിക്കാം.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






