അർജന്റീനൻ ഫുട്ബോൾ അസോസിയേഷനെതിരെ എഫ്ബിഐ അന്വേഷണം; വൻ സാമ്പത്തിക തട്ടിപ്പെന്ന് റിപ്പോർട്ട്

ക്ലോഡിയോ ടാപിയയുടെ നേതൃത്വത്തിലുള്ള അർജന്റീനൻ ഫുട്ബോൾ അസോസിയേഷൻ വൻതോതിൽ സാമ്പത്തിക തിരിമറികൾ നടത്തിയെന്നാണ് പ്രധാന ആരോപണം

അർജന്റീനൻ ഫുട്ബോൾ അസോസിയേഷനെതിരെ എഫ്ബിഐ അന്വേഷണം; വൻ സാമ്പത്തിക തട്ടിപ്പെന്ന് റിപ്പോർട്ട്
അർജന്റീനൻ ഫുട്ബോൾ അസോസിയേഷനെതിരെ എഫ്ബിഐ അന്വേഷണം; വൻ സാമ്പത്തിക തട്ടിപ്പെന്ന് റിപ്പോർട്ട്

ബ്യൂണസ് ഐറിസ്: നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളിൽ അർജന്റീനൻ ഫുട്ബോൾ അസോസിയേഷനെ (എഎഫ്എ)തിരെ അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. അർജന്റീനൻ മാധ്യമമായ ‘ലാ നാസിയോൺ’ റിപ്പോർട്ട് ചെയ്തതിനെ ഉദ്ധരിച്ച് ഫോക്സ് സ്പോർട്സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഫിഫ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ഈജിപ്തുമായി നടന്ന മത്സരത്തിലെ റഫറിയിംഗുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെയാണ് എഎഫ്എയെ പ്രതിസന്ധിയിലാക്കി എഫ്ബിഐ അന്വേഷണവും വരുന്നത്.

സാമ്പത്തിക തിരിമറികൾ നിരീക്ഷണം

ക്ലോഡിയോ ടാപിയയുടെ നേതൃത്വത്തിലുള്ള അർജന്റീനൻ ഫുട്ബോൾ അസോസിയേഷൻ വൻതോതിൽ സാമ്പത്തിക തിരിമറികൾ നടത്തിയെന്നാണ് പ്രധാന ആരോപണം. എഎഫ്എയുടെ അമേരിക്കയിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് എഫ്ബിഐ പ്രധാനമായും അന്വേഷിക്കുന്നത്. അസോസിയേഷൻ തങ്ങളുടെ സാമ്പത്തിക സംവിധാനത്തിലൂടെ കോടിക്കണക്കിന് ഡോളർ എങ്ങനെ കൈകാര്യം ചെയ്തുവെന്നും, ഇതിൽ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഏജൻസി പരിശോധിക്കുന്നുണ്ട്.

Also Read:ഇതൊരു സവിശേഷ മനുഷ്യൻ; മെസ്സിയെ വാനോളം പുകഴ്ത്തി ഡേവിഡ് ബെക്കാം

കഴിഞ്ഞ ആഴ്ച ബിസിനസുകാരനായ ഗില്ലെർമോ ടോഫോണിയെ എഫ്ബിഐ ചോദ്യം ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, അസോസിയേഷന്റെ വിദേശ വാണിജ്യ കരാറുകൾ കൈകാര്യം ചെയ്തിരുന്ന എഎഫ്എയിലും ടൂർപ്രോഡ് എൻ്റർ എൽഎൽസിയിലും ക്ലോഡിയോ ടാപിയ, പാബ്ലോ ടോവിഗ്ഗിനോ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിവുള്ള സാക്ഷികളെ എഫ്ബിഐ അന്വേഷിക്കുന്നുണ്ട്. ഏകദേശം 42 മില്യൺ ഡോളറോളം വരുന്ന വരുമാനം ഫ്ലോറിഡയിലുള്ള ഷെൽ കമ്പനികളിലൂടെ എഎഫ്എ കൈകാര്യം ചെയ്തതായും ആരോപണമുണ്ട്.

ആരോപണങ്ങൾ നിഷേധിച്ച് എഎഫ്എ

അതേസമയം, തങ്ങൾക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളെല്ലാം അർജന്റീനൻ ഫുട്ബോൾ അസോസിയേഷൻ മാനേജ്മെന്റ് പൂർണ്ണമായും നിഷേധിച്ചു. പുറത്തുവന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് എഎഫ്എ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ഈ സംഭവവികാസങ്ങളിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

Share Email
Top