ഹോളിവുഡ് സിനിമാ രംഗങ്ങളെ വെല്ലുന്ന രീതിയിൽ പഴയ തലമുറയിലെ ഹ്യൂമനോയിഡ് റോബോട്ടുകളോട് വിടപറഞ്ഞ് ബിഎംഡബ്ല്യു. അമേരിക്കൻ റോബോട്ടിക്സ് കമ്പനിയായ ഫിഗറിന്റെ ഫിഗർ 02 റോബോട്ടുകളാണ് ബിഎംഡബ്ല്യു പ്ലാന്റിലെ സേവനത്തിനു ശേഷം ചരിത്രത്തിന്റെ ഭാഗമായത്. വിഖ്യാത ചലച്ചിത്രം ‘ടെർമിനേറ്റർ 2’ ലെ ഐതിഹാസികമായ ക്ലൈമാക്സിനെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ, ഉരുക്കിയ ലോഹം നിറഞ്ഞ ഭീമാകാരമായ ഫർണസിലേക്ക് റോബോട്ടുകളെ ഇറക്കിയാണ് കമ്പനി നശിപ്പിച്ചത്. സിനിമാറ്റിക് വിഷ്വലുകൾക്കപ്പുറം വലിയൊരു തന്ത്രപ്രധാന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ട്.
ഫിൻലൻഡിലെ ഇമാത്രയിലുള്ള 75 ടൺ ശേഷിയുള്ള ഇലക്ട്രിക് ആർക്ക് ഫർണസിലാണ് വിപ്ലവകരമായ ഈ പരീക്ഷണം നടത്തിയത്. തുടക്കത്തിൽ ക്രെയിൻ ഉപയോഗിച്ച് റോബോട്ടിനെ താഴ്ത്തിയെങ്കിലും, പിന്നീട് മറ്റ് റോബോട്ടുകൾ സ്വന്തമായി ഫർണസിലേക്ക് ചാടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇതിലൊരു റോബോട്ട് ടി-800 മാതൃകയിൽ തലകീഴായി ഉരുകിയ ലോഹത്തിലേക്ക് പതിക്കുന്നതും, വീഴുന്നതിന് തൊട്ടുമുമ്പ് തംസ് അപ്പ് കാണിക്കുന്നതും സിനിമാപ്രേമികളെയും സാങ്കേതിക ലോകത്തെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ടെർമിനേറ്റർ ചിത്രങ്ങളിലൂടെ ലോകമെമ്പാടും തരംഗം തീർത്ത അർണോൾഡ് സ്വാർട്സെനെഗറും മിത്ത് ബസ്റ്റേഴ്സ് മുൻ അംഗങ്ങളും ചേർന്നാണ് ഈ ആശയം മുന്നോട്ടുവെച്ചത്. ഫിൻലൻഡിലെ ചിത്രീകരണത്തിന് മുന്നോടിയായി സാൻജോസെയിലെ ഫിഗർ ആസ്ഥാനത്ത് വെച്ച് എയർ കുഷ്യനുകൾ ഉപയോഗിച്ച് റോബോട്ടുകളുടെ ചാട്ടം പ്രത്യേകമായി പരിശീലിക്കുകയും ചെയ്തിരുന്നു.
തികച്ചും നാടകീയമെന്ന് തോന്നാമെങ്കിലും, ഇത്തരത്തിലുള്ള ഒരു വിടവാങ്ങൽ ചടങ്ങിന് പിന്നിൽ വ്യക്തമായ സാങ്കേതിക കാരണങ്ങളുണ്ട്. പുതുതലമുറ എഫ്.03 റോബോട്ടുകൾക്കൊപ്പം പഴയ എഫ്.02 മോഡലുകൾ കൂടി നിലനിർത്തുന്നത് ഉൽപ്പാദന പ്രവർത്തനങ്ങളിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമായിരുന്നു. ഓരോ റോബോട്ടുകളെയും ഘട്ടംഘട്ടമായി അഴിച്ചെടുക്കുന്നത് അടുത്ത തലമുറയായ എഫ്.04 മോഡലിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന എൻജിനീയർമാരുടെ സമയവും അധ്വാനവും പാഴാക്കും. ഇതിലുപരി, റോബോട്ടുകളിൽ ഉപയോഗിച്ചിരുന്ന അതീവ സുരക്ഷയുള്ള ഇലക്ട്രോണിക്സ് ഭാഗങ്ങളും പകർപ്പവകാശമുള്ള ഹാർഡ്വെയറുകളും അനധികൃതമായി ചോരാതിരിക്കുകയെന്ന സുപ്രധാന ലക്ഷ്യവും കമ്പനിക്കുണ്ട്.
എങ്കിലും, ചാർജുള്ള ലിഥിയം അയേൺ ബാറ്ററികളോടെ റോബോട്ടുകളെ ഉരുകിയ ലോഹത്തിലേക്ക് തള്ളുന്നത് വലിയ സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്ന മുന്നറിയിപ്പുകളെ തുടർന്ന് അമേരിക്കയിലെയും മെക്സിക്കോയിലെയും പല പ്ലാന്റുകളും ഈ പദ്ധതിയിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ കർശനമായ സുരക്ഷാ മുൻകരുതലുകളോടെ ഫിൻലൻഡിലെ മെറ്റൽ ഫൗണ്ടറി ഈ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ സഹായമില്ലാതെ തികച്ചും യാഥാർത്ഥ്യബോധത്തോടെയാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. എത്ര എഫ്.02 റോബോട്ടുകളെ ഫിൻലൻഡിലേക്ക് അയച്ചുവെന്ന കൃത്യമായ വിവരങ്ങൾ ഫിഗർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം, ഫർണസിൽ ഉരുകിയ ലോഹം പിന്നീട് തിരികെ ശേഖരിച്ച് പ്രത്യേക സ്മരണികകൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി ഇപ്പോൾ.






