വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിലായതിന് പിന്നാലെ രാഷ്ട്രീയ സമരത്തിലേക്ക് നീങ്ങി സി.പി.ഐ.എം. കേസിൽ പോലീസും യു.ഡി.എഫും മാധ്യമങ്ങളും ചേർന്ന് ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ച് ഇന്ന് സി.പി.ഐ.എം വടകര റൂറൽ എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. പാർട്ടി പ്രവർത്തകർക്കെതിരെയുള്ള കള്ളക്കേസ് പിൻവലിക്കണമെന്നാണ് സി.പി.ഐ.എമ്മിന്റെ ആവശ്യം. മാർച്ച് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐയും വടകരയിൽ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
അതേസമയം, കേസിലെ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ വടകര സെഷൻസ് കോടതി തള്ളി. പ്രതിയെ രണ്ട് ദിവസത്തേക്ക് (നാളെ വൈകീട്ട് 5 മണി വരെ) പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കേസിൽ ഡിജിറ്റൽ തെളിവുകൾ വലിയ രീതിയിൽ നശിപ്പിക്കപ്പെട്ടതായി പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതി ജിതിൻ ഭാസ്കർ തന്റെ മൊബൈൽ ഫോൺ ഫാക്ടറി റീസെറ്റ് ചെയ്ത് തെളിവുകൾ പൂർണ്ണമായും നശിപ്പിച്ചതിനാൽ ജില്ലാ ഫോറൻസിക് വിഭാഗത്തിന് ഡേറ്റ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനാൽ ശാസ്ത്രീയ പരിശോധനകൾക്കായി ഫോൺ സംസ്ഥാന ഫോറൻസിക് ലബോറട്ടറിയിലേക്ക് അയക്കണമെന്നാണ് റിമാൻഡ് റിപ്പോർട്ടിലെ ആവശ്യം.
Also Read: കേരളം മാരിടൈം ശക്തിയാകുന്നു; ‘മിഷൻ സമുദ്ര’യിലൂടെ പുതിയ വികസനക്കുതിപ്പിന് തുടക്കം
ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ജിതിൻ ഭാസ്കറിലേക്ക് എത്തിയത്. ഇയാൾ വ്യക്തികൾക്കും ഇരുന്നൂറോളം വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്കും സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ജിതിൻ ഭാസ്കർ ‘വടകര സ്ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഈ സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത്. തുടർന്ന് മറ്റൊരു ഡി.വൈ.എഫ്.ഐ നേതാവായ റിബേഷ് രാമകൃഷ്ണൻ ഇത് ‘റെഡ് എൻകൗണ്ടർ’ എന്ന ഗ്രൂപ്പിലേക്കും പ്രചരിപ്പിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.





