പത്തനംതിട്ടയില്‍ പോളിങ് ശതമാനത്തില്‍ ഇടിവ്; ദോഷകരമായി ബാധിക്കില്ലെന്ന് മുന്നണികള്‍

പത്തനംതിട്ടയില്‍ പോളിങ് ശതമാനത്തില്‍ ഇടിവ്; ദോഷകരമായി ബാധിക്കില്ലെന്ന് മുന്നണികള്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇക്കുറി ആന്റോ ആന്റണിയോ തോമസ് ഐസക്കോ അനില്‍ ആന്റണിയോ. മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്. പോളിങ് ശതമാനത്തില്‍ 2019 നെ അപേക്ഷിച്ച് വന്‍ ഇടിവ് സംഭവിച്ചെങ്കിലും ദോഷകരമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് മുന്നണികള്‍. പത്തനംതിട്ടയില്‍ പോളിങ് ശതമാനം 2019 ലെ 74.24 ല്‍ നിന്ന് 61.49 ലേക്കാണ് കൂപ്പ് കുത്തിയത്. ഇതോടെ മുന്നണികള്‍ക്ക് നെഞ്ചിടിപ്പായി.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി പ്രതീക്ഷിച്ചതിലും കൂടുതല്‍ വോട്ടുകള്‍ പിടിച്ചാല്‍ യുഡിഎഫിന് അത് ക്ഷീണമാകും. ക്രൈസ്തവ സഭകള്‍ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ആന്റോ ആന്റണിയെ പിന്തുണച്ചിരുന്നു. ഇക്കുറി അനില്‍ ആന്റണിക്ക് കൂടുതല്‍ ക്രൈസ്തവ വിഭാഗ വോട്ടുകള്‍ കിട്ടുകയാണെങ്കില്‍ യുഡിഎഫിന് അത് ക്ഷീണവും എല്‍ഡിഎഫിന് അത് നേട്ടവുമാകും. പൂഞ്ഞാര്‍ കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ ക്രൈസ്തവ വോട്ടുകള്‍ ഇക്കുറി തങ്ങള്‍ക്കാണെന്ന് ഇടത് പക്ഷം കണക്ക് കൂട്ടുന്നു.

2019 ല്‍ ശബരിമല വിഷയം കത്തി നിന്നപ്പോഴാണ് ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത്. ഇക്കുറി ആ സാഹചര്യമല്ല മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. കിഫ്ബി , ക്ഷേമ പെന്‍ഷന്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍, വിലക്കയറ്റം, റബ്ബര്‍ വിലയിടിവ് തുടങ്ങയവയെല്ലാം ചര്‍ച്ചയായി. പോളിങ് ശതമാനം 70 ന് മുകളില്‍ എത്തുമെന്ന് തന്നെയായിരുന്നു മുന്നണികളുടെ പ്രതീക്ഷ. 65 ല്‍ താഴെ പോകുമെന്ന് മുന്നണികള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പോളിങ് ശതമാനം കുറഞ്ഞത് ദോഷകരമായി ബാധിക്കില്ല എന്ന വിലയിരുത്തലിലാണ് മുന്നണികള്‍.

Top