തൃശൂർ: ചാലക്കുടി വ്യാജ ലഹരി കേസിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസ് അറസ്റ്റിൽ. തന്നെ പരസ്യമായി അപമാനിച്ചതിന് പ്രതികാരം ചെയ്തുവെന്നാണ് ലിവിയ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
ബെംഗളൂരിൽ ജീവിക്കുന്ന തന്നെ പറ്റി ചില മോശം പരാമർശങ്ങൾ ഷീല സണ്ണി പലപ്പോഴായും നടത്തിയിരുന്നു. ഇത് മനോവിഷമം ഉണ്ടാക്കുകയും അതിൽ പ്രതികാരം ചെയ്യാനാണ് വ്യാജ സ്റ്റാമ്പുകൾ ബാഗിൽ വെച്ച് കള്ളക്കേസിൽ കുടുക്കിയതെന്ന് ലിവിയ മൊഴിയിൽ പറഞ്ഞു.
Also Read: നാളെ ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
വാങ്ങിയത് യഥാർത്ഥ ലഹരി ആയിരുന്നുവെങ്കിലും ലഹരി നൽകിയ ആഫ്രിക്കൻ വംശജൻ പറ്റിക്കുകയായിരുന്നു. ലിവിയയെ പ്രതി ചേർത്തുകൊണ്ട് കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ലിവിയയെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയതിന് ശേഷം വീണ്ടും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.
മറ്റാരെങ്കിലും ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണസംഘം ചോദിച്ചറിയും. കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ലിവിയ ജോസ് പിടിയിലാകുന്നത്. തുടർന്ന് ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരിയിൽ എത്തിച്ച ശേഷം കൊടുങ്ങല്ലൂരിൽ എത്തിക്കുകയായിരുന്നു.