തെരഞ്ഞെടുപ്പ് നടത്തിപ്പിൽ വീഴ്ച്ച, അന്വേഷണം വേണം; വി.ഡി. സതീശൻ

തെരഞ്ഞെടുപ്പ് നടത്തിപ്പിൽ വീഴ്ച്ച, അന്വേഷണം വേണം; വി.ഡി. സതീശൻ

കൊച്ചി: തെരഞ്ഞെടുപ്പ് നടത്തിപ്പിൽ വന്ന വീഴ്ചയെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. സ്വതന്ത്രവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്. വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ഇന്നലെ മണിക്കൂറുകളോളം ക്യൂ നിൽക്കുകയും മടങ്ങി പോയി പിന്നീട് തിരിച്ചെത്തിയിട്ടും വോട്ട് ചെയ്യാനാകാത്ത സാഹചര്യമുണ്ടായി.

രണ്ട് വോട്ടുകൾക്ക് ഇടയിലുണ്ടായ കാലതാമസം തെരഞ്ഞെടുക്കപ്പെട്ട ബൂത്തുകളിൽ മാത്രം ഉണ്ടായത് എന്തുകൊണ്ടാണെന്നും വിലയിരുത്തപ്പെടണം. പോളിങ് രാത്രി പത്തു വരെ നീളാനുള്ള കാരണമെന്താണ്? മനപൂർവമായി വോട്ടിങ് വൈകിപ്പിച്ചതാണോയെന്ന് അന്വേഷിക്കണം. സംസ്ഥാനത്ത് വ്യാപകമായി വോട്ടിങ് മെഷീനുകൾ കേടാകുന്ന സാഹചര്യവുമുണ്ടായി. അത് നന്നാക്കാനെടുത്ത സമയമെങ്കിലും പോളിങിൽ നീട്ടിക്കൊടുക്കണമായിരുന്നു.

ചില സ്ഥലങ്ങളിൽ ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരും ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം അതത് സമയത്ത് അറിയിച്ചിട്ടും തിരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലും ഉണ്ടായില്ല. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നു. കേരളത്തിൽ ഒരിക്കലും ഇതുപോലൊരു തിരഞ്ഞെടുപ്പ് നടക്കാൻ പാടില്ല. നിരവധി പേർക്ക് വോട്ട് ചെയ്യാൻ സാധിക്കാതെ വീടുകളിലേക്ക് പോകേണ്ടി വന്നത് എന്തുകൊണ്ടാണ്.

കോടികൾ ചെലവഴിച്ച് ജനങ്ങളെ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ക്യാമ്പയിനുകളും പരസ്യങ്ങളും ചെയ്തിട്ടാണോ വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കാതിരുന്നത്. വർഷങ്ങളായി ചിട്ടയോടെ തിരഞ്ഞെടുപ്പ് നടത്തിയിട്ടുള്ള പാരമ്പര്യം നമ്മുടെ രാജ്യത്തിനുണ്ട്. അതാണ് ഇന്നലെ ഇല്ലാതാക്കിയത്. ആർക്കും ഉത്തരവാദിത്തം ഇല്ലാത്ത രീതിയിലേക്കാണ് പോയത്. അതുകൊണ്ട് തന്നെ ഇതേക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണം.

Top