മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘പേട്രിയറ്റ്’ സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റം തുടരുന്നു. നീണ്ട 18 വർഷത്തെ കാത്തിരിപ്പിന് ശേഷം മമ്മൂട്ടിയും മോഹൻലാലും സ്ക്രീനിൽ ഒന്നിച്ചെത്തിയ ചിത്രം എന്ന നിലയിൽ വലിയ ആവേശത്തോടെയാണ് സിനിമാലോകം ഇതിനെ വരവേറ്റത്. ഇപ്പോൾ ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ പ്രകടനത്തെക്കുറിച്ച് സംവിധായകൻ മഹേഷ് നാരായണൻ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
തന്റെ കഥാപാത്രത്തെ ഫഹദ് പൂർണ്ണതയോടെയാണ് അവതരിപ്പിച്ചതെന്ന് മഹേഷ് നാരായണൻ വ്യക്തമാക്കി. സിനിമയിലെ ഫഹദിന്റെ കഥാപാത്രം ഒരു മോശം ബാല്യകാലത്തിലൂടെ കടന്നുപോയ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. “ഫഹദ് ഒരു സ്ഥിരം വില്ലനല്ല, അയാൾ അത്തരത്തിൽ മാറുന്നതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്. പെർഫോമൻസിന്റെ കാര്യത്തിൽ ഫഹദിന് ഒരു അളവുകോൽ നിശ്ചയിക്കാൻ കഴിയില്ല, അത്രത്തോളം സത്യസന്ധമായാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്” എന്ന് സംവിധായകൻ കൂട്ടിച്ചേർത്തു. ഫഹദിന്റെ പ്രകടനത്തിൽ ആർക്കെങ്കിലും പോരായ്മകൾ തോന്നുന്നുണ്ടെങ്കിൽ അത് തന്റെ സംവിധാനത്തിലെ പിഴവാകാമെന്നും അദ്ദേഹം പറഞ്ഞു.





