ലണ്ടൻ: ബ്രിട്ടനിൽ മെയ്, ജൂൺ മാസങ്ങളിലുണ്ടായ റെക്കോർഡ് ഭേദിച്ച ഉഷ്ണതരംഗങ്ങളിലെ മരണങ്ങളിൽ 40 ശതമാനത്തിലധികത്തിനും കാരണം മനുഷ്യനിർമ്മിത കാലാവസ്ഥാ വ്യതിയാനമാണെന്ന് പുതിയ പഠന റിപ്പോർട്ട്. ഇംഗ്ലണ്ടിലും വെയിൽസിലുമായി 2,700-ലധികം പേരാണ് കൊടും ചൂടിന്റെ രണ്ട് ഘട്ടങ്ങളിലായി മരിച്ചതെന്ന് ഗവേഷകർ കണക്കാക്കുന്നു. ലണ്ടനിലെ ഇംപീരിയൽ കോളേജ്, മെറ്റ് ഓഫീസ്, ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ & ട്രോപ്പിക്കൽ മെഡിസിൻ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ സംയുക്തമായാണ് ഈ വിശകലനം നടത്തിയത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഏകദേശം 35,000 ചെറിയ പ്രദേശങ്ങളിലെ ചരിത്രപരമായ താപനില രേഖകളും, മനുഷ്യന്റെ ഇടപെടലുകൾ ഇല്ലാത്ത ഒരു ലോകത്തെ സാഹചര്യങ്ങളും തമ്മിൽ താരതമ്യം ചെയ്താണ് ഗവേഷകർ ഈ കണ്ടെത്തലിൽ എത്തിച്ചേർന്നത്.
മെയ് മാസത്തിൽ വെസ്റ്റ് ലണ്ടനിൽ താപനില 35.1 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നപ്പോൾ, ജൂൺ 26-ഓടെ നോർഫോക്കിൽ താപനില റെക്കോർഡ് വേഗത്തിൽ 37.7 ഡിഗ്രി സെൽഷ്യസിലെത്തി. ഈ ആഗോളതാപന പ്രതിഭാസം ആരോഗ്യ-അടിയന്തര സേവനങ്ങളെ ഗുരുതരമായി ബാധിച്ചു. നിരവധി ആശുപത്രികൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ, ലണ്ടൻ ആംബുലൻസ് സർവീസ് ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ ദിവസങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മെയ് 21 നും 29 നും ഇടയിലുണ്ടായ ഉഷ്ണതരംഗത്തിൽ 550 അധിക മരണങ്ങൾ റിപ്പോർട്ട് ചെയ്തതിൽ 60 ശതമാനത്തോളവും (ഏകദേശം 330 മരണങ്ങൾ) കാലാവസ്ഥാ വ്യതിയാനം മൂലമാണ് സംഭവിച്ചത്. ജൂൺ 18 നും 28 നും ഇടയിലുണ്ടായ രണ്ടാമത്തെ ഉഷ്ണതരംഗത്തിലെ 2,200 മരണങ്ങളിൽ 40 ശതമാനവും (ഏകദേശം 800 മരണങ്ങൾ) മനുഷ്യനിർമ്മിതമായ താപവർദ്ധനവ് മൂലമാണുണ്ടായത്. അപകടകരമായി ചൂടുപിടിക്കുന്ന ഇപ്പോഴത്തെ കാലാവസ്ഥയുടെ യാഥാർത്ഥ്യവുമായി നാം അടിയന്തിരമായി പൊരുത്തപ്പെടണമെന്നും, ഇത് കൂടുതൽ വഷളാകുന്നത് തടയാൻ ആഗോളതലത്തിൽ ‘നെറ്റ് സീറോ എമിഷൻ’ കൈവരിക്കാനുള്ള ശ്രമങ്ങൾ ഇരട്ടിയാക്കണമെന്നും ഇംപീരിയൽ കോളേജിലെ ഗവേഷകയായ ഡോ. ക്ലെയർ ബാൺസ് മുന്നറിയിപ്പ് നൽകുന്നു.






