എം.എം ഹസ്സന്റെ ‘താല്‍പ്പര്യത്തില്‍’ അതൃപ്തി പ്രകടിപ്പിച്ച് കെ. സുധാകരന്‍

എം.എം ഹസ്സന്റെ ‘താല്‍പ്പര്യത്തില്‍’ അതൃപ്തി പ്രകടിപ്പിച്ച് കെ. സുധാകരന്‍

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട താല്‍ക്കാലിക കെപിസിസി അധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന എം.എം.ഹസനോട് അതൃപ്തി പ്രകടിപ്പിച്ച് കെ സുധാകരന്‍. തിരഞ്ഞെടുപ്പിന് ശേഷം താന്‍ മാറണോ എന്നു ചോദിക്കുക പോലും ചെയ്തില്ലെന്ന് കെപിസിസി അധ്യക്ഷനായി ഇന്ന് വീണ്ടും ചുമതലയേറ്റ സുധാകരന്‍ പറഞ്ഞു. ആരും ചോദിക്കാത്തതു കൊണ്ടാണ് ഇത്രയും നാള്‍ സ്ഥാനമേറ്റെടുക്കാതിരുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം മോശമല്ലാത്ത രീതിയില്‍ ഹസന്‍ കൊണ്ടുപോയിട്ടുണ്ടെന്നാണ് വിശ്വാസം. രാഹുല്‍ ഗാന്ധി വയനാട് എംപി സ്ഥാനം രാജിവയ്ക്കില്ല. കണ്ണൂരിലെ മത്സരം കടുപ്പമായിരുന്നില്ലെന്നും കെ.സുധാകരന്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്നും ആത്മവിശ്വാസമുള്ള രാഷ്ട്രീയക്കാരനാണ് താനെന്നും തിരഞ്ഞെടുപ്പിനു മുന്‍പു തന്നെ വിശദമായ പദ്ധതി രൂപപ്പെടുത്തിയിരുന്നെന്നും സുധാകരന്‍ വ്യക്തമാക്കി. അതനുസരിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കണക്കുക്കൂട്ടിയ രീതിയില്‍ തന്നെയാണ് തിരഞ്ഞെടുപ്പ് മുന്നോട്ടുപോയത്. മോദിയുടെയോ പിണറായിയുടെയോ കല്‍പ്പനകളോ ജല്‍പനങ്ങളോ ആരും മുഖവിലയ്‌ക്കെടുക്കില്ല. ജനങ്ങളുടെ ഹൃദയവുമായി ഒരു ബന്ധവുമില്ലാത്ത സങ്കല്‍പങ്ങളാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടേത്. ഇരുപതില്‍ ഇരുപത് സീറ്റും കിട്ടുമെന്ന് ഞങ്ങള്‍ നേരത്തേ പറഞ്ഞിരുന്നു. അതില്‍ ഇടയ്ക്ക് ചെറിയൊരു സംശയം വന്നു. ആ സംശയമൊക്കെ പിന്നീട് മാറി.

ഒന്നുരണ്ടു വിഭാഗങ്ങള്‍ ഞങ്ങളില്‍നിന്ന് അകന്നുപോയോ എന്നൊരു സംശയം മനസ്സിലുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളൊക്കെ ഇടപെട്ട് സംസാരിച്ച് അതു ശരിയാക്കി. അവര്‍ പോയിരുന്നെങ്കില്‍ വലിയൊരു വിഭാഗം വോട്ട് ഞങ്ങളില്‍നിന്നു പോകുമായിരുന്നു. എന്നാല്‍ അവരെ കൂട്ടിയോജിപ്പിച്ച് ഐക്യത്തോടെ പോകുന്നതില്‍ വിജയിച്ചെന്നും കെ സുധാകരന്‍ പറഞ്ഞു.

അധ്യക്ഷ പദവി കിട്ടിയിട്ട് കാലം കുറേയായി. വേണ്ടെങ്കില്‍ രാജിവയ്ക്കാം. വേണമെങ്കില്‍ തുടരാം. അങ്ങനെയൊരു രാഷ്ട്രീയ സാഹചര്യത്തില്‍ നില്‍ക്കുന്ന അധ്യക്ഷനാണ് ഞാന്‍. സ്ഥാനാര്‍ഥി ആയതുകൊണ്ട് മാത്രമാണ് പ്രസിഡന്റ് പദവിയിലൊരു വ്യതിചലനമുണ്ടായത്. അങ്ങനെയാണ് ആ പദവി ഹസനെ ഏല്‍പിക്കാന്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍, ‘ഞാന്‍ മാറണോ വേണ്ടയോ’ എന്ന് ഹസന്‍ എന്നോട് ചോദിക്കുകയെങ്കിലും ചെയ്യണം. ആ ചോദ്യം പോലും അദ്ദേഹത്തില്‍നിന്ന് ഉണ്ടായില്ല. എനിക്ക് അതില്‍ ഒരു പരാതിയുമില്ല. ഹസന്‍ ആ പദവിക്ക് അര്‍ഹതപ്പെട്ടയാളാണെന്നതില്‍ തര്‍ക്കമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Top