ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി തൃണമൂൽ കോൺഗ്രസിനുള്ളിലെ അധികാരപ്പോര് രൂക്ഷമാകുന്നു. പാർട്ടി ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്ന് മമത ബാനർജിയെ നീക്കം ചെയ്തതായി പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം പ്രഖ്യാപിച്ചു. മുതിർന്ന എംഎൽഎ അരൂപ് റോയിയെ “യഥാർത്ഥ” തൃണമൂൽ കോൺഗ്രസിന്റെ പുതിയ ചെയർപേഴ്‌സണായി തിരഞ്ഞെടുത്താണ് വിമതർ മമതക്കെതിരെ പരസ്യ കലാപം പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച നടന്ന പ്രത്യേക സെഷനിലൂടെയാണ് പുതിയ ദേശീയ വർക്കിംഗ് കമ്മിറ്റിയെ വിമതർ പ്രഖ്യാപിച്ചത്. തുടക്കം മുതൽ പാർട്ടിയിലുള്ള അരൂപ് റോയിയെ ചെയർപേഴ്‌സണായി നിയമിച്ചതായും, 29 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തതായും ഋതബ്രത പത്രസമ്മേളനത്തിൽ അറിയിച്ചു. ദീദി (മമത ബാനർജി) പാർട്ടിക്ക് ഉപദേഷ്ടാവായി തുടരാമെന്ന് അവർ ആഗ്രഹം പ്രകടിപ്പിച്ചു. പാർട്ടി ഭരണഘടന പ്രകാരമാണ് ഈ നീക്കമെന്നും, ഉടൻ തന്നെ ജില്ലാ കമ്മിറ്റികളും മുന്നണി സംഘടനകളും രൂപീകരിക്കുമെന്നും ഇവർ അവകാശപ്പെട്ടു. പുതിയ നേതൃത്വം തങ്ങളുടെ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും വ്യക്തമാക്കി. അരൂപ് ബിശ്വാസ്, ജാവേദ് ഖാൻ, രതിൻ ഘോഷ്, ഫിർഹാദ് ഹക്കിം എന്നിവരെ വൈസ് പ്രസിഡൻ്റുമാരായും മറ്റ് ചിലരെ ജനറൽ സെക്രട്ടറിമാരായും നിയമിച്ചു.
അതേസമയം, വിമതരുടെ വാദങ്ങൾ മമത വിഭാഗം തള്ളിക്കളഞ്ഞു. പാർട്ടിയുടെ നേതൃഘടനയിൽ മാറ്റം വരുത്താൻ വിമതർക്ക് യാതൊരു അധികാരവുമില്ലെന്നും മമതയാണ് പാർട്ടിയുടെ അധ്യക്ഷയെന്നും മുൻ മന്ത്രി മദൻ മിത്ര തുറന്നടിച്ചു. ജൂൺ 3-ന് 80-ൽ 60 എംഎൽഎമാർ നേതൃത്വത്തിനെതിരെ രംഗത്തുവന്നതോടെയാണ് പാർട്ടിക്കുള്ളിലെ പ്രതിസന്ധി തുടങ്ങിയത്. ഇതിനു പിന്നാലെ, കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ലോക്സഭാ എംപിമാർ മറ്റൊരു പാർട്ടിയിൽ ലയിക്കാൻ സ്പീക്കറെ സമീപിച്ചതും സ്ഥിതി കൂടുതൽ വഷളാക്കി.






