ലോകം, ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് പോകുമെന്ന പ്രതീതി ആദ്യം സൃഷ്ടിക്കപ്പെട്ടത്, ഗാസയ്ക്ക് നേരെ നടന്ന ഇസ്രയേല്‍ ആക്രമണത്തോടെയാണ്. ഗാസയ്ക്കും പലസ്തീനികള്‍ക്കും ശക്തമായ പിന്തുണ നല്‍കി, ഇറാനും അവര്‍ പിന്തുണയ്ക്കുന്ന ഹൂതികളും ഹിസ്ബുള്ളയും ശക്തമായി നിലയുറപ്പിച്ചത് പശ്ചിമേഷ്യയിലാകെ ഭയത്തിന്റെ വലിയ ആശങ്കകളാണ് വിതച്ചത്. ഇസ്രയേലിന് നേരെ ഇറാനും, ഇറാന് നേരെ ഇസ്രയേലും മിസൈലുകള്‍ തൊടുത്ത് വിടുന്നതില്‍ വരെ കാര്യങ്ങള്‍ എത്തിയെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങള്‍ ഇതുവരെ എത്തിയിട്ടില്ല.
Also Read: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം വന്‍ ‘ദുരന്തത്തിന്’ സാധ്യത; മുന്നറിയിപ്പുമായി ആണവ നിരീക്ഷണ സംഘം
ഇറാനെ ഇസ്രയേലിന് ആക്രമിക്കണമെങ്കില്‍, അമേരിക്കയുടെ പിന്തുണ അനിവാര്യമാണ്. അത്തരമൊരു പിന്തുണ അമേരിക്ക ഇസ്രയേലിന് നല്‍കിയാല്‍, പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങളും ആക്രമിക്കപ്പെടും. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് തന്നെയാണ് അമേരിക്ക, ഇസ്രയേലിനെ പിന്തിരിപ്പിക്കുന്നത്. അതായത്, ഇറാനുമായി ഒരു യുദ്ധമുണ്ടായാല്‍, അമേരിക്കയും അനുഭവിക്കേണ്ടി വരുമെന്നത് വ്യക്തം. മാത്രമല്ല, ജൂത രാഷ്ട്രമായ ഇസ്രയേല്‍, ഇറാനെ ആക്രമിക്കാന്‍ തുനിഞ്ഞാല്‍, അത് അമേരിക്കയുടെ സഖ്യകക്ഷികളായ അറബ് രാജ്യങ്ങളെയും പ്രതിരോധത്തിലാക്കും. ഇതും സൗദി അറേബ്യയും ഖത്തറും ഉള്‍പ്പെടെയുള്ള അറബ് – ഇസ്ലാമിക രാജ്യങ്ങള്‍ അമേരിക്കയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍, ഇസ്ലാംമത വിശ്വാസികളുടെ അഭിമാനം കാത്ത് സൂക്ഷിക്കാന്‍ പോരാടുന്നത് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനാണ് എന്നാണ് ലോകത്തെ ഭൂരിപക്ഷം വരുന്ന ഇസ്ലാം മതവിശ്വാസികളും കരുതുന്നത്. ഇതുവരെ ഒരു വിട്ടുവീഴ്ചക്കും, അമേരിക്കയുമായോ, ഇസ്രയേലുമായോ ഇറാന്‍ തയ്യാറായിട്ടില്ല. ഗാസ, ലെബനാന്‍, യെമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ അക്രമിച്ച ഇസ്രയേല്‍, അമേരിക്കന്‍ പിന്തുണയോടെ നാളെ, ഇറാനെയും ആക്രമിക്കുമെന്ന് തിരിച്ചറിഞ്ഞു തന്നെയാണ്, ഇറാന്‍ അവരുടെ ആയുധക്കരുത്ത് വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഭൂഗര്‍ഭ അറകളിലെ വന്‍ ആയുധ ശേഖരം ഇറാന്‍ പുറത്ത് വിട്ടത് ലോക രാജ്യങ്ങളെയാകെ അമ്പരപ്പിക്കുന്നതായിരുന്നു.
ഈ സാഹചര്യത്തില്‍ ഇറാന്‍ ആണവ ശക്തിയാകും മുന്‍പ് തന്നെ അവരെ ആക്രമിക്കണമെന്നതാണ് ഇസ്രയേലിന്റെ അജണ്ട. എന്നാല്‍, റഷ്യയുടെ സഹായത്തോടെ, ഇതിനകം തന്നെ, ഇറാന്‍ ആണവായുധം വികസിപ്പിച്ചിട്ടുണ്ടാകാമെന്നാണ്, അമേരിക്ക കരുതുന്നത്. ഈ പശ്ചാത്തലത്തില്‍, ഇറാനെ ആക്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ്, അമേരിക്ക നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഉപരോധം കൊണ്ട് ഇറാനെ വരുതിയിലാക്കാം എന്ന നയമാണ്, ഡോണള്‍ഡ് ട്രംപും സ്വീകരിച്ചിരിക്കുന്നത്. ഇസ്രയേല്‍ അനുകൂലികളായ സി.ഐ.എയും അമേരിക്കന്‍ സേനയിലെ ഒരു വിഭാഗവും, ട്രംപിന്റെ ഈ നിലപാടിന് എതിരാണ്. ഇപ്പോള്‍ ഇറാനെ ആക്രമിച്ചില്ലെങ്കില്‍, പിന്നെ ഒരിക്കലും, അത്തരമൊരു സാഹസം ചിന്തിക്കാന്‍ പോലും പറ്റില്ലെന്നതാണ്, ഈ വിഭാഗത്തിന്റെ നിലപാട്.

ആഭ്യന്തര വിഷയത്തില്‍പ്പെട്ട് ഉഴലുന്ന ട്രംപിനെ സംബന്ധിച്ചും ശ്രദ്ധതിരിച്ച് വിടാന്‍ ഇപ്പോള്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന അവസ്ഥയിലാണുള്ളത്. ട്രംപിന്റെ കുടിയേറ്റക്കാര്‍ക്ക് എതിരായ നിലപാട് ലോസ് ഏഞ്ചല്‍സ് തെരുവുകളില്‍ വന്‍ സംഘര്‍ഷത്തിനാണ് വഴിവച്ചിരിക്കുന്നത്. സ്വന്തം ജനതയെ നേരിടാന്‍, അമേരിക്കയുടെ മണ്ണില്‍ തന്നെ സൈന്യത്തെ നിയോഗിക്കേണ്ട ഗതികേടിലാണ് ട്രംപ് ഭരണകൂടമുള്ളത്. ഇറാനെതിരായ നീക്കങ്ങള്‍ക്ക് വേഗത വര്‍ദ്ധിക്കുന്നതും, ഈ പശ്ചാത്തലത്തിലാണ്. പുതിയ സാഹചര്യത്തെ നല്ല അവസരമായി കാണുന്ന ഇസ്രയേല്‍, അമേരിക്കയെ കൂട്ട് പിടിച്ച് ഇറാനെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കുന്ന തിരക്കിലാണ് ഇപ്പോഴുള്ളത്. എന്നാല്‍, ഇസ്രയേലിന്റെ തന്ത്രപ്രധാനമായ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയ ഇറാന്‍, ഏത് ആക്രമണത്തെയും നേരിടുമെന്ന ഉറച്ച നിലപാടിലാണുള്ളത്.
Also Read: റഷ്യയെ തളര്‍ത്താന്‍ 500% താരിഫ്; ട്രംപ് എതിര്‍ത്തതോടെ ബില്‍ കീറിയെറിഞ്ഞ് അമേരിക്കന്‍ കോണ്‍ഗ്രസ്
ഇരു ഭാഗത്തും പിരിമുറുക്കം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ക്കും, ഇപ്പോള്‍ ലോകം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ജാപ്പനീസ് ദ്വീപായ ഒകിനാവയിലെ അമേരിക്കന്‍ വ്യോമതാവളത്തിലെ സംഭരണ ഡിപ്പോയില്‍ ഉണ്ടായ സ്‌ഫോടനമാണ് അതില്‍ പ്രധാനം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വന്‍ നാശനഷ്ടമുണ്ടാവുകയും ചെയ്ത ഈ സ്‌ഫോടനത്തിനു പിന്നില്‍, ഇറാന്റെയോ അവരുടെ സായുധ ഗ്രൂപ്പുകളുടേയോ പങ്കുണ്ടോ എന്നാണ് സി.ഐ.എയും മൊസാദും സംശയിക്കുന്നത്. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്ത നീക്കം നടത്തിയാല്‍, ഈ വ്യോമതാവളവും അവരുടെ സൈനിക നീക്കങ്ങള്‍ക്ക് പ്രധാന ഘടകമാണ്. കാരണം, ഇറാന് എതിരായ ഏതൊരു നീക്കവും ഉത്തര കൊറിയ, ചൈന, റഷ്യ തുടങ്ങിയ ഇറാന്‍ അനുകൂല രാജ്യങ്ങളെയും പ്രകോപിപ്പിക്കും. ഇറാനെ ആക്രമിക്കാനുള്ള നീക്കത്തിനെതിരെ, റഷ്യ ഇതിനകം തന്നെ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

റഷ്യയിലെ വ്യോമതാവളങ്ങള്‍ക്ക് നേരെ യുക്രെയ്ന്‍ നടത്തിയ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത്, നാറ്റോയാണെന്ന പുതിയ വിവരം കൂടി പുറത്ത് വന്ന പശ്ചാത്തലത്തില്‍, യൂറോപ്പിനെയും നാറ്റോ രാജ്യങ്ങളായ ജര്‍മ്മനി, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളെയും ആക്രമിക്കാനുള്ള പദ്ധതികളാണ് റഷ്യ തയ്യാറാക്കിയിരിക്കുന്നത്. ആക്രമണം നടന്നശേഷം, ധൃതിപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ വിളിച്ച ട്രംപ് ഈ ആക്രമണത്തില്‍, അമേരിക്കയ്ക്ക് പങ്കില്ലെന്ന ജാമ്യമെടുത്തത്, പുടിന്റെ പദ്ധതി തിരിച്ചറിഞ്ഞു തന്നെയാണ്. വ്യോമതാവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് ശേഷം റഷ്യന്‍ സൈന്യം, യുക്രെയ്‌നില്‍ വ്യാപക ആക്രമണം നടത്തി കനത്ത നാശം വിതച്ചെങ്കിലും, അതൊന്നുമല്ല തിരിച്ചടിയെന്നും, യഥാര്‍ത്ഥ പ്രതികാരം സംഭവിക്കാന്‍ പോകുന്നേയുള്ളൂ എന്നുമാണ്, റഷ്യന്‍ അനുകൂല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന മുന്നറിയിപ്പ്, ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തില്‍, പുടിനും വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.
റഷ്യ, ഇങ്ങനെ നാറ്റോയ്ക്ക് എതിരെ ആക്രമണത്തിന് കോപ്പ് കൂട്ടുമ്പോള്‍, മറുഭാഗത്ത് ചൈനയും പുതിയ സൈനിക നീക്കത്തിനാണ് ഒരുങ്ങുന്നത്. തായ്വാനെ ആക്രമിച്ച് കീഴ്‌പ്പെടുത്തുക എന്നതാണ് ചൈനയുടെ അജണ്ട. സംഘര്‍ഷം മൂര്‍ച്ചിച്ചാല്‍, ജപ്പാനും അവരുടെ ടാര്‍ഗറ്റാകും. ദക്ഷിണ കൊറിയയുമായും ജപ്പാനുമായും ശത്രുതയിലുള്ള ഉത്തര കൊറിയയും, വീണുകിട്ടുന്ന അവസരത്തിനായാണ് കാത്ത് നില്‍ക്കുന്നത്. ജപ്പാനും തായ്വാനും ദക്ഷിണ കൊറിയയും അമേരിക്കയുടെ സഖ്യകക്ഷിയായതിനാല്‍, ഈ രാജ്യങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത അമേരിക്കയ്ക്കാണ് ഉള്ളത്. അതായത്, ഇറാനെ ഇസ്രയേല്‍ ആക്രമിച്ചാല്‍, ലോകത്തിന്റെ പലഭാഗത്തും സംഘര്‍ഷം പൊട്ടിപ്പുറപ്പെടാനാണ് സാധ്യത. അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഉപയോഗിക്കാതെ, ഇറാന് എതിരെ ചെറിയ ഒരാക്രമണം നടത്താന്‍ പോലും, ഇസ്രയേലിന് കഴിയില്ല.

ഇറാനെ പോലുള്ള ഒരു സൈനിക ശക്തിയെ ആക്രമിച്ച് കീഴ്‌പ്പെടുത്താനുള്ള കരുത്തും, നിലവില്‍ ഇസ്രയേലിനില്ല. അതുകൊണ്ടു തന്നെ, ആക്രമണം നടക്കുകയാണെങ്കില്‍, ഇരു രാജ്യങ്ങളും സംയുക്തമായാണ് ഇറാനെ ആക്രമിക്കുക. ഈ പശ്ചാത്തലത്തിലാണ്, ജപ്പാനിലെ അമേരിക്കന്‍ സൈനിക ക്യാംപിന് നേരെയുണ്ടായ ആക്രമണത്തെയും വിലയിരുത്തേണ്ടത്. ജൂണ്‍ 9 ന് പ്രാദേശിക സമയം രാവിലെ 11:20 ഓടെയാണ് കഡേന വ്യോമതാവളത്തില്‍ സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ജാപ്പനീസ് സ്വയം പ്രതിരോധ സേനയിലെ അംഗങ്ങള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇക്കാര്യം സൈന്യം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. പൊട്ടിത്തെറിക്കാത്ത യുദ്ധോപകരണങ്ങള്‍ സൂക്ഷിക്കാന്‍, ഈ സൗകര്യം ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. എസ്.ഡി.എഫിന്റെ പൊട്ടിത്തെറിക്കാത്ത ആയുധ നിര്‍മാര്‍ജന സംഘമാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്.
Also Read: അതീവ രഹസ്യയുദ്ധവിമാനങ്ങളായ ‘ഏരിയ 51’നെ മറച്ചുവെക്കാന്‍ അമേരിക്കയുടെ ‘അന്യഗ്രഹജീവി നാടകം’
ഏഷ്യ-പസഫിക് മേഖലയിലെ അമേരിക്കന്‍ സൈന്യത്തിന്റെ ഏറ്റവും വലിയ വ്യോമതാവളത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത് എന്നത് സ്‌ഫോടനത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ജാപ്പാന്റെയും അമേരിക്കയുടെയും സൈനിക ഉദ്യോഗസ്ഥര്‍, നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നത് തുടരുന്നതിനാല്‍ കഡേന വ്യോമതാവളം ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. ജപ്പാനിലെ ഒകിനാവ പ്രിഫെക്ചറില്‍ സ്ഥിതി ചെയ്യുന്ന കഡേന എയര്‍ ബേസ്, ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും വലുതും തന്ത്രപരമായി പ്രാധാന്യമുള്ളതുമായ യുഎസ് വ്യോമസേനാ സംവിധാനമാണ്. ‘പസഫിക്കിന്റെ താക്കോല്‍’ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ഈ താവളം, 2,000 ഹെക്ടറിലധികം വിസ്തൃതിയുള്ളതും, ഏകദേശം 20,000 പേരെ ഉള്‍ക്കൊള്ളുന്നതുമാണ്. അമേരിക്കന്‍ വ്യോമസേനയുടെ 18-ാം വിംഗിന്റെ ആസ്ഥാനം കൂടിയാണിത്.

എഫ്-22 റാപ്റ്ററുകള്‍, ബി-52 സ്ട്രാറ്റജിക് ബോംബറുകള്‍ തുടങ്ങിയ നൂതന അമേരിക്കന്‍ വിമാനങ്ങളുടെ മാറിമാറിയുള്ള വിന്യാസവും ഈ ബേസില്‍ പതിവായി നടക്കുന്നുണ്ട്. കൂടാതെ, ഉത്തര കൊറിയ, തായ്വാന്‍, ദക്ഷിണ ചൈനാകടല്‍ എന്നിവയുള്‍പ്പെടെയുള്ള പ്രാദേശിക ഹോട്ട്സ്പോട്ടുകള്‍ നിരീക്ഷിക്കുന്നതിലും, നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഈ രാജ്യങ്ങളുടെ സുരക്ഷിതത്ത്വം ഉറപ്പ് വരുത്തുന്ന കേന്ദ്രത്തില്‍ നടന്ന സ്‌ഫോടനം, വരാനിരിക്കുന്ന വന്‍ സ്‌ഫോടനങ്ങളുടെ സാമ്പിള്‍ വെടിക്കെട്ടായാണ് യുദ്ധവിദഗ്ദരും വിലയിരുത്തുന്നത്. റഷ്യ, ഇറാന്‍, ചൈന, ഉത്തര കൊറിയ രാജ്യങ്ങള്‍ ഒരു സംയുക്ത സേനയായി മാറുന്നത്, അമേരിക്കയ്ക്കും നാറ്റോ രാജ്യങ്ങള്‍ക്കും വന്‍ പ്രഹരമായി മാറുമെന്ന് തന്നെയാണ് യുദ്ധ വിദഗ്ദരുടെ വിലയിരുത്തല്‍.
ഇതിനിടെ, റഷ്യന്‍ സായുധ സേന, 26 അമേരിക്കന്‍ അബ്രാംസ് ടാങ്കുകള്‍ നശിപ്പിച്ചതായ വിവരവും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. ഓരോ ടാങ്കിനും കോടികള്‍ വിലമതിക്കുന്ന ഈ ടാങ്കുകളുടെ തകര്‍ച്ച, നാറ്റോ ചേരിക്ക് വന്‍ പ്രഹരമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ, അമേരിക്കയില്‍ നിന്നും യുക്രെയ്‌നിന് ലഭിച്ച 31 ടാങ്കുകളില്‍, അഞ്ചെണ്ണം മാത്രമേ, നിലവില്‍ യുക്രെയ്‌നിന്റെ കൈവശമുള്ളൂ. 2023 ജനുവരിയില്‍, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ്, അമേരിക്കയുടെ അഭിമാനമായ 31 എം1 അബ്രാംസ് ടാങ്കുകള്‍ യുക്രെയ്‌നിന് കൈമാറാന്‍ തീരുമാനിച്ചിരുന്നത്.

അമേരിക്കയുടെ പ്രധാന യുദ്ധ ടാങ്കാണ് അബ്രാംസ്. M1 ജനറല്‍ അബ്രാംസിന്റെ സീരിയല്‍ നിര്‍മ്മാണം 1980 ലാണ് ആരംഭിച്ചിരുന്നത്. ആധുനികവല്‍ക്കരണത്തിന് വിധേയമായി, 2020 ല്‍, നവീകരിച്ച അബ്രാംസ് M1A2 SEP V3 ടാങ്കുകള്‍, അമേരിക്കന്‍ സൈന്യത്തിന് കൈമാറിയതോടെ, യുദ്ധത്തിലെ മുന്നണിപ്പോരാളിയായാണ്, അമേരിക്കന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. ആ മുന്നണിപ്പോരാളിയെയാണ് റഷ്യന്‍ സൈന്യം യുക്രെയ്ന്‍ മണ്ണില്‍ ഇപ്പോള്‍ തവിട് പൊടിയാക്കിയിരിക്കുന്നത്. ജപ്പാനിലെ അമേരിക്കന്‍ വ്യോമ താവളത്തിലെ സ്‌ഫോടനത്തിന് തൊട്ട് പിന്നാലെ തന്നെയാണ്, ഈ വാര്‍ത്തയും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്.
Express View
വീഡിയോ കാണാം