കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾക്ക് ഇനി പൊള്ളുന്ന വില; നിയമലംഘനങ്ങളിൽ കർശന നടപടിയുമായി എം.വി.ഡി

പുറത്തേക്ക് തള്ളിനിൽക്കുന്ന ടയറുകൾ, അമിത ശബ്ദവും പുകയും പുറന്തള്ളുന്ന പരിഷ്കരിച്ച എക്സ്ഹോസ്റ്റ് ഉപകരണങ്ങൾ തുടങ്ങി വാഹനത്തിൽ വരുത്തുന്ന എല്ലാത്തരം അനധികൃത മാറ്റങ്ങൾക്കും ഓരോ യൂണിറ്റിനും വെവ്വേറെ 5,000 രൂപ വീതം പിഴ നൽകേണ്ടി വരും

കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾക്ക് ഇനി പൊള്ളുന്ന വില; നിയമലംഘനങ്ങളിൽ കർശന നടപടിയുമായി എം.വി.ഡി
കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾക്ക് ഇനി പൊള്ളുന്ന വില; നിയമലംഘനങ്ങളിൽ കർശന നടപടിയുമായി എം.വി.ഡി

റോഡുകളിൽ ഡ്രൈവർമാരുടെ കണ്ണ് കൂസിക്കുന്ന ഹൈ-ബീം ലൈറ്റുകളും അനധികൃത രൂപമാറ്റങ്ങളും വരുത്തുന്ന വാഹന ഉടമകൾക്ക് കനത്ത തിരിച്ചടി നൽകാൻ മോട്ടോർ വാഹനവകുപ്പ് (എം.വി.ഡി) രംഗത്ത്. ഹൈക്കോടതി ഉത്തരവുകൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ എം.വി.ഐമാർക്കും വകുപ്പ് പ്രത്യേക നിർദേശം നൽകി. കുറ്റക്കാരായ വാഹനങ്ങൾക്കെതിരെ ഓഗസ്റ്റ് 20നകം എടുത്ത നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാനും കർശന ഉത്തരവുണ്ട്.

കോടതി നിർദേശപ്രകാരം മിന്നുന്ന പ്രകാശമുള്ള ലൈറ്റുകൾക്ക് യൂണിറ്റൊന്നിന് 5,000 രൂപയാണ് പിഴ ഈടാക്കുന്നത്. ഇത് ഒറ്റപ്പെട്ട ലൈറ്റുകളിൽ മാത്രം ഒതുങ്ങില്ല. പുറത്തേക്ക് തള്ളിനിൽക്കുന്ന ടയറുകൾ, അമിത ശബ്ദവും പുകയും പുറന്തള്ളുന്ന പരിഷ്കരിച്ച എക്സ്ഹോസ്റ്റ് ഉപകരണങ്ങൾ തുടങ്ങി വാഹനത്തിൽ വരുത്തുന്ന എല്ലാത്തരം അനധികൃത മാറ്റങ്ങൾക്കും ഓരോ യൂണിറ്റിനും വെവ്വേറെ 5,000 രൂപ വീതം പിഴ നൽകേണ്ടി വരും. മുൻകാലങ്ങളിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഇത്തരം കാര്യങ്ങളിൽ ചെറിയ ഇളവുകൾ ലഭിക്കാറുണ്ടായിരുന്നെങ്കിൽ, ഇനി മുതൽ നിയമലംഘനങ്ങളിൽ യാതൊരു വിട്ടവീഴ്ചയും ഉണ്ടാകില്ലെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

Also Read: ഹിമാലയൻ 450-ന് ബദലായി റോയൽ എൻഫീൽഡ് ഹിമാലയൻ 440; സെപ്റ്റംബറിൽ എത്തിയേക്കും?

അനധികൃത ലൈറ്റുകളുടെ ഉപയോഗം തടയുന്നതിനായി 2023 മുതൽ കോടതി നിരന്തരം ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ഈ മാസം അഞ്ചിന് അടൂരിൽ ചട്ടങ്ങൾ ലംഘിച്ച് ലൈറ്റുകൾ ഘടിപ്പിച്ച വാഹനത്തിന് ഉദ്യോഗസ്ഥർ 5,000 രൂപ പിഴയിട്ടിരുന്നു. എന്നാൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴയിട്ടെന്ന ആക്ഷേപത്തെത്തുടർന്ന് നടപടിയെടുത്ത രണ്ട് എം.വി.ഡി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവം വകുപ്പിനുള്ളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഏതായാലും റോഡ് സുരക്ഷ മുൻനിർത്തി കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾക്കും രൂപമാറ്റങ്ങൾക്കുമെതിരെയുള്ള പരിശോധനകൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം.

Share Email
Top