‘കോൺഗ്രസ്സ് ഹാഫ് ബി.ജെ.പി, ഈ തിരഞ്ഞെടുപ്പോടെ ലീഗും തീരും’ തുറന്നടിച്ച് മുൻ എം.പി ടി.കെ ഹംസ

‘കോൺഗ്രസ്സ് ഹാഫ് ബി.ജെ.പി, ഈ തിരഞ്ഞെടുപ്പോടെ ലീഗും തീരും’ തുറന്നടിച്ച് മുൻ എം.പി ടി.കെ ഹംസ

മലപ്പുറത്തും പൊന്നാനിയിലും ഇത്തവണ 2004 ആവർത്തിക്കുമെന്ന് മുൻ മഞ്ചേരി എം.പി ടി.കെ ഹംസ. താൻ അന്നു വിജയിച്ച എല്ലാ സാഹചര്യവും ഇന്നും നിലനിൽക്കുന്നു എന്ന് പറഞ്ഞാണ് ഇത്തരമൊരു അവകാശവാദം ടി.കെ ഹംസ മുന്നോട്ട് വച്ചിരിക്കുന്നത്. കരുണാകരൻ്റെയും ആൻ്റണിയുടെയും മക്കൾ ബി.ജെ.പിയിൽ ചേക്കേറിയതിനെ രൂക്ഷമായി വിമർശിച്ച ഹംസ, ഹാഫ് ബി.ജെ.പിയാണ് കോൺഗ്രസ്സ് എന്നും തുറന്നടിക്കുകയുണ്ടായി. ഈ ലോകസഭ തിരഞ്ഞെടുപ്പിൽ തോറ്റാൽ അതോടെ മുസ്ലീംലീഗ് ഇല്ലാതാകുമെന്നു പറഞ്ഞ ഹംസ , മാറുന്ന മലപ്പുറത്തിൻ്റെ മുഖമാണ് തുറന്നു കാണിച്ചിരിക്കുന്നത്.

എക്സ്പ്രസ്സ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ നിന്ന് . . .

മലപ്പുറം – പൊന്നാനി മണ്ഡലങ്ങളിലെ ഇടതുപക്ഷ പ്രതീക്ഷകൾ എന്താണ് ?

മലപ്പുറം പൊന്നാനി ലോകസഭ മണ്ഡലങ്ങളിൽ 2004 – ആവർത്തിക്കും. അന്നഞ്ഞ സാഹചര്യങ്ങളുമായി 2024-ന് ഏറെ സാമ്യതകൾ ഉണ്ട്. അന്ന് ബി.ജെ.പിയാണ് രാജ്യം ഭരിച്ചിരുന്നത് ഇന്നും ബി.ജെ.പി തന്നെയാണ് രാജ്യം ഭരിക്കുന്നത്.

പൗരത്വ ഭേദഗതി, ഏക സിവിൽകോഡ് ഉൾപ്പെടെ ഇന്ന് പറയുന്ന പല കാര്യങ്ങൾക്കും തറക്കല്ലിട്ടത് അന്നാണ്. അതിൽ അന്ന് ന്യൂനപക്ഷങ്ങൾക്ക് വലിയ പരിഭ്രാന്തി ഉണ്ടായിരുന്നു. ബി.ജെ.പിയുടെ അത്തരം നീക്കങ്ങൾക്കെതിരെ അന്ന് ശക്തമായി പോരാട്ടായിത് ഇടതുപക്ഷമാണ്. ഇന്നും അത് തുടരുമ്പോൾ പ്രതീക്ഷയും കൂടുതലാണ്.

2004-ൽ എതിർത്ത സ്ഥാനാർത്ഥി ഇന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്. 15 കൊല്ലം പൊന്നാനിയിൽ നിന്നിട്ട് ജനങ്ങൾക്ക് ഒരു ഗുണവും കിട്ടാത്ത സ്ഥാനാർത്ഥിയാണ് ഇപ്പോൾ മലപ്പുറത്തേക്ക് വന്നിരിക്കുന്നത്. ഇവിടെ നിന്നും ഒഴിവാക്കിയ ആൾ പൊന്നാനിയിലേക്കും പോയി. ഇത് ജനങ്ങൾ തിരിച്ചറിയും. എനിക്ക് മുൻപ് ജനങ്ങൾ നൽകിയ പിന്തുണ ഇത്തവണ ഇടതുപക്ഷ സ്ഥാനാർത്ഥികൾക്കും ലഭിക്കും.ന്യൂനപക്ഷങ്ങൾ ഭയപ്പെടുന്ന കാര്യങ്ങൾ പാർലമെൻ്റിൽ വന്നപ്പോർ ലീഗ് എം.പിമാർ ഒരക്ഷരം മിണ്ടിയിട്ടില്ല. നിർണ്ണായക ചർച്ച നടക്കുമ്പോൾ ലീഗ് എം.പിമാർ കല്യാണത്തിന് പോയെന്നാണ് പറഞ്ഞത്. ഇതൊക്കെ ജനങ്ങൾ മനസ്സിലാക്കും. 2020-ലെ ജനങ്ങള 20 കൊല്ലം കഴിഞ്ഞ 2024-ലെ ജനങ്ങൾ. അനുഭവം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും ഒരുപാട് മാറ്റങ്ങൾ നാട്ടിൽ വന്നിട്ടുണ്ട്. അവർ ഇന്ന് ഗൗരവമായി ചിന്തിക്കുന്നുണ്ട്.

നരേന്ദ്ര മോദിയെ ശക്തമായി എതിർക്കാൻ രാഹുൽ ഗാന്ധി പോലും തയ്യാറാകുന്നില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുറേ ആളുകൾ കോടതിയിൽ പോയിട്ടുണ്ട്. കൂട്ടത്തിൽ ഒരു ഹരജി ലീഗും കൊടുത്തിട്ടുണ്ട്. അതിനപ്പുറമുള്ള പ്രാധാന്യം ലീഗിനില്ല. ഇത്തരം കാര്യങ്ങളിൽ പോരാടുന്നത് ഇടതുപക്ഷമാണെന്ന് ജനങ്ങൾക്ക് അറിയാം. അതുകൊണ്ടാണ് 2004 മലപ്പുറം ജില്ലയിലും ആവർത്തിക്കുമെന്ന് ഞാൻ പറയുന്നത്.

സമസ്ത ഉൾപ്പെടെയുള്ള മുസ്ലീം സംഘടനകളുടെ നിലപാട് ഇടതുപക്ഷത്തിന് എത്രമാത്രം ഗുണം ചെയ്യും ?

സമസ്തയുടെ സമീപനം ഇടതുപക്ഷത്തിന് അനുകൂലമാണ്. ലീഗിനെ അനുകൂലിക്കാൻ ഇപ്പോൾ ആർക്കും കഴിയാത്ത അവസ്ഥയുണ്ട്. ഇന്ത്യൻ സ്വാതന്ത്ര സമരത്തിനും ഭരണഘടനയ്ക്കും എതിരായിരുന്നു ലീഗ്.

പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ ശക്തമായ നിലപാടുകൾ ലീഗും കോൺഗ്രസ്സുമാണ് സ്വീകരിച്ചത് എന്നാണ് അവർ അവകാശപ്പെടുന്നത്, എന്താണ് മറുപടി ?

പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ എന്ത് പ്രതികരിച്ചു എന്നാണ് ലീഗ് പറയുന്നത്. രാഹുൽ ഗാന്ധിയുടെ ജാഥയിൽ ഒരക്ഷരം മിണ്ടിയിട്ടില്ല. പാർലമെൻ്റിൽ പ്രതികരിച്ചിട്ടുമില്ല. ബി.ജെ.പി പറയുന്ന പല കാര്യങ്ങളും സ്വകാര്യമായി നടന്നു കിട്ടിയാൽ കൊള്ളാം എന്നു വിശ്വസിക്കുന്ന ഹാഫ് ബി.ജെ.പിയാണ് കോൺഗ്രസ്സ്. അത് ഇന്നും ഇന്നലെയും അല്ല, മുൻപും അങ്ങനെയൊക്കെ തന്നെയാണ്. അത് മുൻപ് കോൺഗ്രസ്സിൽ പ്രവർത്തിച്ച എനിക്ക് അറിയാം.
അതിൻ്റെ ഉള്ളിലും വർഗ്ഗീയമായ കുത്താണ്.ആ കുത്തിൻ്റെ ആഘാതത്തിൽ നിന്നും തെറിച്ചു വീണ ഒരു പ്രവർത്തകനാണ് ഞാൻ. ഞാൻ കെ.പി.സിസി എക്സിക്യുട്ടീവ് മെമ്പറും നാല് കൊല്ലം മലപ്പുറം ഡി.സി.സി പ്രസിഡൻ്റുമായിരുന്നു. തെറിച്ചു വീണ എന്നെ താങ്ങിയത്യത് സി.പി.എം ആണ്.

കോൺഗ്രസ്സ് നേതാക്കൾ വ്യാപകമായി ബി.ജെ.പിയിലേക്ക് പോകുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം ?

കാറ് കിട്ടിയില്ലങ്കിൽ ബസിൽ കയറുക എന്നതാണ് നയം. വയനാട്ടിൽ പോകുന്നയാൾക്ക് കാറ് കിട്ടിയില്ലങ്കിൽ ബസിൽ കയറുക. രണ്ടായാലും അവർക്ക് അവിടെ എത്തിയാൽ മതി. രണ്ട് കൂട്ടരുടെയും യാത്ര സൗകര്യം ഒന്നു തന്നെയാണ്. കോൺഗ്രസ്സിൻ്റെ വണ്ടി പഞ്ചറാകുമ്പോൾ ബി.ജെ.പിയുടെ വണ്ടിയിൽ കയറും.ബി.ജെ.പി പൊളിഞ്ഞാൽ പോയവർ അന്നു തന്നെ തടിയെടുക്കും. അതൊക്കെ ആരാണെന്ന് ഞങ്ങൾക്ക് അറിയാം.

കരുണാകരൻ്റെയും ആൻ്റണിയുടെയും മക്കൾ ബി.ജെ.പിയിൽ എത്തിയത് ലീഗിനും തിരിച്ചടിയല്ലേ ?

കരുണാകരൻ്റെ സ്വഭാവം ശരിക്കും അറിയാവുന്നവർ ആണ് പത്മജയും മുരളിയും. ഇപ്പോൾ മുരളി പോകുന്നതിനു മുൻപ് പത്മജ പോയെന്നേ ഒള്ളൂ. കരുണാകരൻ മുടിചൂടാമന്നനായ കാലത്താണ് ഞാൻ കോൺഗ്രസ്സ് വിട്ടത്. കരുണാകരൻ ഉള്ളപ്പോൾ കോൺഗ്രസ്സ് വിട്ടയാളാണ് മുരളി.

മകൻ തെറ്റായ വഴിക്ക് പോയാൽ പോകല്ലേ എന്നു പറയില്ലേ മനുഷ്യൻ, മകനോട് സ്നേഹം ഉള്ളവനും രാജ്യ സ്നേഹം ഉള്ളവനും അതല്ലേ പറയുക ? ആൻ്റണി കുപ്പായം ഇട്ട് തലേക്കെട്ടും കെട്ടി മഞ്ഞ പുതപ്പിച്ച് പറഞ്ഞയച്ചു എന്നല്ലാതെ ഒരക്ഷരം പറഞ്ഞോ ? ഒന്നും പറഞ്ഞിട്ടില്ല, അതാണ് ആൻ്റണി.

എനിക്ക് 55 വർഷമായി ആൻ്റണിയെ അറിയാം.ആൻ്റണിയ്ക്ക് പരിപൂർണ്ണമായ ബോധ്യമുണ്ട് കോൺഗ്രസ്സ് ഇനി ഉണ്ടാകില്ല എന്നത്.

ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ലീഗിൻ്റെ അവസ്ഥ എന്താകും ?

ഭരണം ഇല്ലാത്ത സ്ഥിതിയിൽ ലീഗ് എത്ര കാലം നിൽക്കും എന്നത് കണ്ടറിയേണ്ട കാര്യമാണ്. പിണറായി വന്നതിനു ശേഷം
ലീഗിന് യാതൊരു രക്ഷയും കിട്ടിയിട്ടില്ല. ലോകസഭ തിരഞ്ഞെടുപ്പു കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പു വന്നാൽ , ഇടതുപക്ഷം തന്നെ തിരിച്ചു വരും. ലീഗിന് പാർലമെൻ്റ് സീറ്റ് കൂടി കിട്ടാതായാൽ പിന്നെ അവരെന്തിന് നിൽക്കണം. ഓൻ എന്ത് രാഷ്ട്രീയ പ്രവർതനമാണ് നടത്തുന്നത്. ലീഗ് എവിടെയെങ്കിലും പോരാട്ടം നടത്തിയിട്ടുണ്ടോ ? ഒന്നുമില്ല. വെറുതെ സമുദായത്തിൻ്റെ പേര് പറഞ്ഞ് നിലാ വെളിച്ചത്തിൽ കോഴി നടക്കുന്ന പോലെ നടക്കുക എന്നല്ലാതെ എന്താണ് ലീഗ് ചെയ്യുന്നത്. പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ലീഗ് അവസാനിച്ചു. വേറെ ഒന്നും പറയാനില്ല എനക്ക്.

ലീഗ് ഇടതുപക്ഷത്തേക്ക് വരാൻ തീരുമാനിച്ചാൽ, എന്തായിരിക്കും സി.പി.എം നിലപാട് ?

വരാൻ തീരുമാനിച്ചിട്ടില്ലല്ലോ, തീരുമാനിക്കാതെ അഭിപ്രായം പറയാൻ എനിക്ക് പറ്റില്ല. തീരുമാനിക്കട്ടെ അപ്പോൾ പറയാം.

കെജരിവാളിനെ അറസ്റ്റ് ചെയ്തവർ അടുത്തത് പിണറായിയെ ലക്ഷ്യമിടുമെന്ന് കരുതുന്നുണ്ടോ ?

കെജരിവാളിനെ ലക്ഷ്യമിടുന്നതിനു മുൻപ് കേന്ദ്ര സർക്കാർ പിണറായിയെ ലക്ഷ്യമിട്ടിരുന്നു. എന്നാൽ ഒരു തെളിവും അവർക്ക് കിട്ടിയിരുന്നില്ല. ഇന്ത്യൻ ഭരണഘടന മാറ്റണമെന്ന് പറയുന്നവർക്ക് നിലവിലുള്ള നിയമത്തോടോ വ്യവസ്ഥിതിയോടോ ബഹുമാനമില്ല. ഇങ്ങനെ ഉള്ളവർ കെജരിവാളിനെയും പിടിക്കും ആരെയും പിടിക്കും. ആ നിലയ്ക്കാണ് അവർ ഇപ്പോൾ പോകുന്നത്.
ആ തീരുമാനം വരുമ്പോൾ അപ്പോൾ എന്തു വേണമെന്ന് പാർട്ടി തീരുമാനിക്കും. മുൻകൂട്ടി പ്രവചിക്കാൻ പറ്റില്ല.

ഇടതുപക്ഷത്തിൻ്റെ പ്രധാന ശത്രു ആരാണ് ?

മുതലാളിത്വ – ജന്മിത്വ ഏകാധിപത്യ പ്രപണതകളാണ് ഇടതുപക്ഷത്തിൻ്റെ പ്രധാന ശത്രു. അത് ആരൊക്കെ കൊണ്ടു നടക്കുന്നു , അവരൊക്കെ ശത്രുക്കളാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ നയത്തിന് അനുസരിച്ച് പാർട്ടി തുടർന്നും മുന്നോട്ട് പോകും.

അഭിമുഖത്തിൻ്റെ പൂർണ്ണരൂപം എക്സ്പ്രസ്സ് കേരള വീഡിയോയിൽ കാണുക

Top