പിഞ്ചുകുട്ടികളെ വരെ തടവിലാക്കുന്നു, ഇതൊക്കെ നെതന്യാഹുവിന്റെ മാത്രം നിയമം

അധികാരത്തിലേറാൻ നേരം കിട്ടാൻ പോകുന്ന ജനപ്രീതി കരസ്ഥമാക്കാനും, അധികാരം വിട്ട് ഇറങ്ങിപോകാൻ നേരം കെട്ടുപോകുന്ന പ്രീതി തിരികെ ലഭിക്കാനും വേണ്ടി അമേരിക്കൻ നേതാക്കളായ ബൈഡന്റെയും മറുഭാ​ഗത്തെ ട്രംപിന്റെയും മേൽനോട്ടത്തിൽ നടന്ന ഒരു ചരടുവലി പ്രഹസനം മാത്രമാണ് ഈ വെടിനിർത്തൽ കരാർ

പിഞ്ചുകുട്ടികളെ വരെ തടവിലാക്കുന്നു, ഇതൊക്കെ നെതന്യാഹുവിന്റെ മാത്രം നിയമം
പിഞ്ചുകുട്ടികളെ വരെ തടവിലാക്കുന്നു, ഇതൊക്കെ നെതന്യാഹുവിന്റെ മാത്രം നിയമം

യൽ അറബ് രാജ്യങ്ങൾ പലസ്തീൻ അഭയാർത്ഥികളെ ഏറ്റെടുക്കണമെന്നും ഗാസ മുനമ്പ് വൃത്തിയാക്കണമെന്നുമുള്ള നിർദ്ദേശങ്ങളുമായി രം​ഗപ്രവേശനം ചെയ്തിരിക്കുകയാണ് ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധത്തെക്കുറിച്ചും യുദ്ധാനന്തര അവസ്ഥയെ കുറിച്ചും ജോർദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവുമായും, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുമായും ഇക്കാര്യം ചർച്ച ചെയ്തുവെന്നും ട്രംപ് വ്യക്തമാക്കി. ഈജിപ്തും ജോർദാനും ഗാസയിലെ അഭയാർത്ഥികളെ കൊണ്ടുപോകാൻ തയ്യാറാകണമെന്നും ട്രംപ് പറഞ്ഞു. ‘ഗാസ ഇപ്പോൾ അക്ഷരാർത്ഥത്തിൽ ആകെ പൊളിഞ്ഞു പോയ ഒരു സൈറ്റാണെന്നും, എല്ലാം തകർന്നുവെന്നും, ആളുകൾ മരിച്ചുകിടക്കുന്ന പ്രദേശമായി അവിടം മാറിയെന്നും ട്രംപ് പറഞ്ഞു. അതിനാൽ ഗാസയിലെ അഭയാർത്ഥികളെ അറബ് രാജ്യങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകണമെന്നും, അവിടെ അവർക്ക് പാർപ്പിടം നിർമ്മിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അവിടെ അവർക്ക് സമാധാനത്തോടെ ജീവിക്കാമെന്നും ട്രംപ് പറയുന്നു.

അതേസമയം, ഈജിപ്തും ജോർദാനും ഗാസയിൽ നിന്ന് പലസ്തീനികളെ മാറ്റാനുള്ള ട്രംപിന്റെ ആശയം പാടെ നിരസിക്കുകയാണുണ്ടായത്. പലസ്തീനികളെ കുടിയിറക്കുന്നതിനെതിരെയാണ് തങ്ങളുടെ നിലപാടെന്നും അത് മാറ്റമില്ലാത്തതാണെന്നും ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദി വ്യക്തമാക്കി. പലസ്തീനികളെ അവിടെ നിന്നും കുടിയൊഴിപ്പിക്കരുതെന്നും, ഗാസയിലെ ജനസംഖ്യയെ പിഴുതെറിയാനുള്ള ശ്രമമാണ് ഇതെന്നും ഈജിപ്തും ചൂണ്ടിക്കാട്ടി. എന്നാൽ ട്രംപിന്റെ കുടിയൊഴിപ്പിക്കൽ പദ്ധതിക്കെതിരെ പലസ്തീൻ അതോറിറ്റിയും രംഗത്ത് വന്നിട്ടുണ്ട്. പലസ്തീൻ ജനത ഒരിക്കലും തങ്ങളുടെ ഭൂമിയോ പുണ്യസ്ഥലങ്ങളോ ഉപേക്ഷിച്ച് പോകില്ലെന്ന് പലസ്തീൻ അതോറിറ്റി പുറത്തിറക്കിയ വാർത്താകുറിപ്പിലൂടെ അറിയിച്ചു. 2023 ഒക്ടോബറിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പലസ്തീനിലെ ജനങ്ങൾ 90ശതമാനത്തിലധികം പലായനം ചെയ്യപ്പെട്ടെന്നും പലസ്തീൻ അതോറിറ്റി ചൂണ്ടിക്കാണിച്ചു. എന്നാൽ ജനുവരി 15-ന് ഇരുരാജ്യങ്ങളും വെടിനിർത്തലിന് സമ്മതിച്ചെങ്കിലും, തടവുകാരുടെ കൈമാറ്റ ക്രമീകരണം ഹമാസ് ലംഘിച്ചുവെന്നാണ് ഇസ്രയേലിന്റെ ആരോപണം.

Jordanian Foreign Minister Ayman Safadi

അതിനിടയിൽ , ഇസ്രയേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ കരാർ ഏകദേശം മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി വെച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുകയാണ് ഇറാനിയൻ മാധ്യമമായ പ്രസ്സ് ടിവി. വൈറ്റ് ഹൗസ് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല. യുദ്ധം ആരംഭിച്ചപ്പോൾ മുതൽ ബന്ധികളാക്കിയ ലെബനൻ തടവുകാരെ തിരികെ കൊണ്ടുവരാൻ ലെബനൻ, ഇസ്രയേൽ, അമേരിക്ക എന്നിവർ ചർച്ചകൾ നടത്തുമെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. നവംബറിൽ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ പ്രകാരം കഴിഞ്ഞ ദിവസം തെക്കൻ ലെബനനിൽ നിന്ന് ഇസ്രയേൽ സൈന്യം പിൻവാങ്ങേണ്ടതായിരുന്നു. എന്നാൽ അതിന് ഇതുവരെ ഇസ്രയേൽ സൈന്യം മുതിരാത്തത് അവരുടെ അനാസ്ഥ എത്രത്തോളമുണ്ടെന്നത് തുറന്ന് കാണിക്കുന്നുണ്ട്. കരാർ നിലവിൽ വന്നിട്ടും അത് കൃത്യമായി പാലിക്കാൻ ഇസ്രയേലിന് സാധിച്ചിട്ടില്ലെന്നത് മറ്റൊരു സത്യമാണ്.

Also Read : ഇസ്രയേൽ ഭരണകൂടം പ്രതിസന്ധിയിൽ, നെതന്യാഹുവിന് അധികാരം നഷ്ടപ്പെടുന്നു …

ഇത് നടപ്പിലാകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി. മാത്രമല്ല, യുദ്ധമുഖത്ത് നിന്നും തങ്ങളുടെ വീടുകളിലേക്ക് മടങ്ങാനിരുന്ന ലെബനൻ ജനതയ്ക്ക് നേരെ ഇസ്രയേൽ സൈന്യം വെടിയുതിർക്കുകയും 22 സാധാരണക്കാരെ കൊല്ലുകയും 120 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കടുത്ത നിയമലംഘനമാണ് ഇസ്രയേലിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായതെന്നതിൽ സംശയമൊന്നുമില്ല. എന്നാൽ തേറ്റുകൊടുക്കാൻ താൽപര്യമില്ലാത്ത പൗരൻമാർ ഇസ്രയേൽ ഭീഷണികൾ വകവയ്ക്കാതെ, തങ്ങളുടെ ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കും മടങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ്. ഇസ്രയേലും ഹിസ്ബുള്ള പ്രതിരോധ പ്രസ്ഥാനവും തമ്മിലുള്ള വെടിനിർത്തൽ കരാറിലാണ് പിൻവാങ്ങൽ വ്യവസ്ഥ ചെയ്തിരുന്നത്. പക്ഷെ അത് പാലിക്കാൻ ഇസ്രയേലിന് സാധിച്ചിട്ടില്ല.

Najib Mikati, Prime Minister of Lebanon

എന്തുകൊണ്ടാണ് ഇത്രയും കാലം നീണ്ട ചർച്ചകൾക്കൊടുവിലെടുത്ത ഒരു കരാർ ലംഘിക്കാൻ ഇസ്രയേൽ തീരുമാനിക്കുന്നതെന്ന് ഇതിൽ നിന്നെല്ലാം വ്യക്തമാണ്. അധികാരത്തിലേറാൻ നേരം കിട്ടാൻ പോകുന്ന ജനപ്രീതി കരസ്ഥമാക്കാനും, അധികാരം വിട്ട് ഇറങ്ങിപോകാൻ നേരം കെട്ടുപോകുന്ന പ്രീതി തിരികെ ലഭിക്കാനും വേണ്ടി അമേരിക്കൻ നേതാക്കളായ ബൈഡന്റെയും മറുഭാ​ഗത്തെ ട്രംപിന്റെയും മേൽനോട്ടത്തിൽ നടന്ന ഒരു ചരടുവലി പ്രഹസനം മാത്രമാണ് ഈ വെടിനിർത്തൽ കരാർ. അതിനിടയിൽ, ഇസ്രയേൽ ഗാസ വെടിനിർത്തൽ കരാർ ലംഘിക്കുകയും ഉപരോധിച്ച എൻക്ലേവിൽ യുദ്ധം പുനരാരംഭിക്കുകയും ചെയ്താൽ ഇസ്രയേൽ ലക്ഷ്യങ്ങൾക്കെതിരെ യെമൻ കടുത്ത തിരിച്ചടികൾ നൽകുമെന്ന് യെമനിലെ അൻസറുള്ള പ്രതിരോധ പ്രസ്ഥാനത്തിൻ്റെ നേതാവ് മുന്നറിയിപ്പ് നൽകിയതായി ഇറാൻ മാധ്യമമായ പ്രസ്സ് ടിവി റിപ്പോർട്ട് ചെയ്തു.

Also Read : വാക്ക് കൊടുത്തത് യുക്രെയ്ന്, പക്ഷെ അമേരിക്ക സഹായിക്കുന്നത് ഇസ്രയേലിനെ

യെമൻ തലസ്ഥാനമായ സനായിൽ നിന്ന് സംപ്രേക്ഷണം ചെയ്ത ടെലിവിഷൻ പ്രസംഗത്തിലാണ് അബ്ദുൾ -മാലിക് അൽ-ഹൂത്തി മുന്നറിയിപ്പ് നൽകിയത്. ഗാസയിലെ വെടിനിർത്തൽ കരാർ നടപ്പാക്കുന്നതും ജെനിനിലെയും വെസ്റ്റ് ബാങ്കിലെയും സംഭവവികാസങ്ങളും ഞങ്ങൾ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “സയണിസ്റ്റ് ഭരണകൂടം യുദ്ധം പുനരാരംഭിച്ചാൽ ഞങ്ങളും ഞങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കും,” അമേരിക്കയും, ഇസ്രയേലും, ലോക രാജ്യങ്ങൾക്ക് തന്നെ വെല്ലുവിളിയാണെന്നും, അദ്ദേഹം എടുത്ത് പറഞ്ഞു.

Abdul-Malik al-Houthi- Yeman

അമേരിക്കൻ തിന്മയ്ക്കും സയണിസ്റ്റ് പദ്ധതിക്കും എതിരെ ഞങ്ങൾ നിലകൊള്ളും. തിന്മയുടെയും യുദ്ധത്തിൻ്റെയും അടിമത്ത രാഷ്ട്രങ്ങളുടെയും ഏറ്റവും വലിയ അടയാളം അമേരിക്കയാണ്. അമേരിക്കയെയും സയണിസ്റ്റ് ഭരണകൂടത്തെയും പിന്തുടരുന്നത് അവരെ അടിമകളായി തുടരാൻ മാത്രമേ സഹായിക്കൂ എന്ന് അറബികളും മുസ്ലീങ്ങളും അറിയണമെന്നും അദ്ദേഹം വ്യക്തമാക്കി. ​ഗാസ വെടിനിർത്തൽ കരാർ നടപ്പാക്കുന്നത് വൈകിപ്പിച്ചതിന് ഇസ്രയേലിനെ പലസ്തീൻ ചെറുത്തുനിൽപ്പ് പ്രസ്ഥാനം വിമർശിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് നേതാവിന്റെ മുന്നറിയിപ്പ് പ്രസ്സ് ടിവി റിപ്പോർട്ട് ചെയ്തത്. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ നടപ്പാക്കിയതിനെ വംശഹത്യ യുദ്ധത്തിനും ഇസ്രയേൽ സൈന്യത്തിൻ്റെ ക്രൂരതകൾക്കും എതിരെയുള്ള പ്രതിരോധത്തിൻ്റെ ഫലമായാണ് അൻസറുള്ള പ്രസ്ഥാനം വിശേഷിപ്പിച്ചത്.

Also Read : കൂട്ടക്കുരുതിക്ക് കരുത്തുമായി ട്രംപ്, ഇസ്രയേലിലെത്തുക വീര്യമുള്ള ബോംബുകൾ

വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി കുറഞ്ഞത് 23 പലസ്തീൻ കുട്ടികളെയാണ് ഇസ്രയേൽ മോചിപ്പിച്ചത്. കുട്ടികൾക്കെതിരെ ഇസ്രയേൽ ആസൂത്രിതമായ നീക്കം നടത്തുന്നതായി പലസ്തീൻ സൈനിക കോടതികളിൽ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്ക് ആസ്ഥാനമായുള്ള അവകാശ ഗ്രൂപ്പായ ‘അദമീർ പ്രിസണർ സപ്പോർട്ട് ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് അസോസിയേഷൻ’ പറയുന്നതനുസരിച്ച്, നേരത്തെ 320 കുട്ടികളെ ഇസ്രയേൽ ജയിലുകളിൽ പാർപ്പിച്ചിരുന്നു. 2016-ൽ, 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളെ ക്രിമിനൽ കേസിൽ ജയിലിലടക്കാൻ അനുവദിക്കുന്ന ഒരു പുതിയ നിയമം ഇസ്രയേൽ കൊണ്ടുവന്നിരുന്നു. അതായത് അവരെ മുതിർന്നവരായി കോടതിയിൽ വിചാരണ ചെയ്യാനും ജയിൽ ശിക്ഷ നൽകാനും കഴിയും.

Gaza City

മുമ്പ്, 14 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് മാത്രമേ ജയിൽ ശിക്ഷ ലഭിക്കുകയുണ്ടായിരുന്നുള്ളു. കുട്ടിക്ക് 14 വയസ്സ് തികയുന്നതുവരെ ജയിൽ ശിക്ഷ ആരംഭിക്കാൻ കഴിയില്ല. എന്നാൽ 2016 ഓഗസ്റ്റ് 2-ന് ഇസ്രയേലി നെസെറ്റ് പാസാക്കിയ പുതിയ നിയമപ്രകാരം, “കൊലപാതകം, കൊലപാതകശ്രമം അല്ലെങ്കിൽ നരഹത്യ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട ഒരു പ്രായപൂർത്തിയാകാത്തയാളെ 14 വയസ്സിന് താഴെയാണെങ്കിൽപ്പോലും തടവിലിടാൻ” ഇസ്രയേലിന് സാധിക്കും. ‘സേവ് ദി ചിൽഡ്രൻ’ എന്ന എൻജിഒയുടെ കണക്കനുസരിച്ച്, കഴിഞ്ഞ 20 വർഷത്തിനിടെ 10,000 പലസ്തീൻ കുട്ടികളെയാണ് ഇസ്രയേൽ സൈനിക തടങ്കലിൽ വച്ചിട്ടുള്ളത്. കുട്ടികളെ അറസ്റ്റുചെയ്യാനുള്ള കാരണങ്ങൾ കല്ലെറിയൽ മുതൽ പെർമിറ്റില്ലാതെ സമ്മേളനത്തിൽ പങ്കെടുക്കുന്നത് വരെയാണ്.

Also Read : നമ്മുടെ കുട്ടികൾക്കും ജീവിക്കണ്ടേ..! ‘ചുവപ്പുനാട’യിൽ കുരുങ്ങുന്ന ജീവിതങ്ങൾ

അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും താമസിക്കുന്ന ഇസ്രയേലി കുടിയേറ്റക്കാർ ഇസ്രയേലി സിവിൽ നിയമത്തിന് വിധേയരാണ്. ഇതുപ്രകാരമാണ് പലസ്തീൻ കുട്ടികൾ ഇസ്രയേലിന്റെ ക്രൂരവലയിൽ അകപ്പെടുന്നത്. ഇതിനർത്ഥം അടിസ്ഥാനപരമായ നടപടിക്രമങ്ങളില്ലാതെ ധാരാളം പലസ്തീനികൾ, കുട്ടികളടക്കം ഇസ്രയേലിന്റെ കെണിയിലുണ്ടെന്നതാണ്. ഇങ്ങനെ അകപ്പെട്ട് പോകുന്ന പലസ്തീനികളുടെ എണ്ണം വളരെ കൂടുതലാണ്. കുട്ടികളെ വരെ ഇങ്ങനെ കുടുംബത്തിൽ നിന്നും പറിച്ചുകൊണ്ടുപോയി ജയിലിൽ പാർപ്പിക്കുന്ന ഇസ്രയേൽ നിയമങ്ങൾ ശരിക്കും വെളിവാക്കുന്നത് ആ രാജ്യത്തെ നീചമായ വ്യവസ്ഥിതിയെയും , അവിടുത്തെ അമേരിക്കൻ സ്വാധീനത്തിന്റെ പിടിപാടിനെയും തന്നെയാണ് എന്നതിൽ സംശയമില്ല..!

വീഡിയോ കാണാം…

Share Email
Top