സാദിഖലി തങ്ങൾ ലക്ഷ്യമിടുന്നതും അധികാര കസേരയോ ? യു.ഡി.എഫിന് ഭരണം ലഭിച്ചാൽ ഉപമുഖ്യമന്ത്രി ആയാലും അത്ഭുതപ്പെടേണ്ട !

സാദിഖലി തങ്ങൾ ലക്ഷ്യമിടുന്നതും അധികാര കസേരയോ ? യു.ഡി.എഫിന് ഭരണം ലഭിച്ചാൽ ഉപമുഖ്യമന്ത്രി ആയാലും അത്ഭുതപ്പെടേണ്ട !

സംസ്ഥാന പ്രസിഡന്റ് നാഷണല്‍ പ്രസിഡന്റിനെ നിയന്ത്രിക്കുന്ന ഒരൊറ്റ പാര്‍ട്ടിയേ ഈ രാജ്യത്ത് ഒള്ളൂ. അത് മുസ്ലിംലീഗാണ് മതേതര പാര്‍ട്ടിയാണെന്നാണ് വാദമെങ്കിലും പേരില്‍ മാത്രമല്ല കൊടിയിലും മതത്തിന്റെ അടയാളം കൊണ്ടു നടക്കുന്ന പാര്‍ട്ടിയാണിത്. യുഡിഎഫ് ഭരണ കാലത്ത് അഞ്ചാം മന്ത്രി സ്ഥാനം പിടിച്ചു വാങ്ങിയ ലീഗിപ്പോള്‍ കോണ്‍ഗ്രസ്സിനെ മുള്‍മുനയില്‍ നിര്‍ത്തി ഒരു രാജ്യസഭ സീറ്റു കൂടി സ്വന്തമാക്കിയിരിക്കുകയാണ്. നിയമസഭയിലെ അംഗസംഖ്യ വച്ച് യുഡിഎഫിന് ഒന്നും ഇടതുപക്ഷത്തിന് രണ്ടും അംഗങ്ങളെയാണ് രാജ്യസഭയിലേക്ക് പറഞ്ഞയക്കാന്‍ പറ്റുക. ഇതില്‍ യുഡിഎഫിന് ലഭിക്കുന്ന സീറ്റാണ് ലീഗിനായി വിട്ടു നല്‍കിയിരിക്കുന്നത്.

ലഭിച്ച ആ സീറ്റില്‍ മുസ്ലീംലീഗില്‍ പ്രവര്‍ത്തിച്ച് കാര്യമായി ഒരു പാരമ്പര്യവും ഇല്ലാത്ത ഒരു അഭിഭാഷകനെയാണ് ലീഗ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. ഹാരിസ് ബീരാനാണ് മുസ്ലിം ലീഗിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായിരിക്കുന്നത്. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തങ്ങള്‍ തീരുമാനിച്ചു അത് മറ്റുള്ളവര്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. വല്ലാത്തൊരു ഗതികേടു തന്നെയാണ്. രാജ്യസഭ സീറ്റിലേക്ക് ഇത്തവണ യുവത്വത്തിന് പ്രാധാന്യം നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന സാദിഖലി ശിഹാബ് തങ്ങള്‍ ഇത്തരം ഒരു ചതി ചെയ്യുമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പോലും കരുതിയിരുന്നില്ല. അവര്‍ കരുത്തിയിരുന്നത് യൂത്ത് ലീഗ് ഭാരവാഹികളെ ആരെയെങ്കിലും പരിഗണിക്കുമെന്നായിരുന്നു. എന്നാല്‍ ആ പ്രതീക്ഷയും ഇപ്പോള്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്.

ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി എം എ സലാം, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍സെക്രട്ടറി അഡ്വ. വി കെ ഫൈസല്‍ ബാബു, സംസ്ഥാന ജനറല്‍സെക്രട്ടറി പി കെ ഫിറോസ് എന്നിവരെ മറികടന്നാണ് ഹാരിസ് ബീരാന് രാജ്യസഭയിലേക്ക് അവസരം ലഭിച്ചിരിക്കുന്നത്. ഇത് ലീഗിനുള്ളില്‍ വലിയ അമര്‍ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. തുടക്കം മുതല്‍ തന്നെ സാദിഖലി തങ്ങള്‍ക്ക് ഹാരിസ് ബീരാനോടായിരുന്നു താല്‍പര്യം. ഒടുവില്‍ നേതൃയോഗത്തില്‍ തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ച് നിന്നതോടെ മറ്റുള്ളവര്‍ക്ക് വേണ്ടി വാദിച്ചവര്‍ നിരുപാധികം പിന്‍വാങ്ങുകയാണ് ഉണ്ടായത്. വ്യവസായിയായ പി.വി അബ്ദുള്‍ വഹാബ് ആണ് നിലവില്‍ ലീഗ് പ്രതിനിധിയായി രാജ്യസഭയില്‍ ഉള്ളത്. ഹാരിസ് ബീരാന്‍ കൂടി എത്തുന്നതോടെ അംഗസംഖ്യ രണ്ടാകും. വഹാബ് രാജ്യസഭയില്‍ എത്തിയതും എന്തെങ്കിലും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നില്ല. അന്നും സംസ്ഥാന ലീഗ് അദ്ധ്യക്ഷന്‍ തന്നെയാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വികാരം മാനിക്കാതെ വഹാബിനെ നിര്‍ദ്ദേശിച്ചിരുന്നത്.

യഥാര്‍ത്ഥത്തില്‍ മുസ്ലീംലീഗ് ആണ് രാജ്യത്തെ ഏകാധിപത്യ പാര്‍ട്ടിയെന്ന് പറഞ്ഞാലും ആ വാദത്തെ തള്ളിക്കളയാന്‍ കഴിയുകയില്ല. പാണക്കാട് കുടുംബത്തോട് പ്രബല മുസ്ലിം സമുദായത്തിനുള്ള ആദരവാണ് സ്വന്തം താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി അടുത്തകാലത്തു വന്ന ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍മാര്‍ നടപ്പാക്കി വന്നിരുന്നത്. ലീഗ് അദ്ധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്ന പാണക്കാട് തങ്ങള്‍ എന്തു പറഞ്ഞാലും അത് അനുസരിക്കുക എന്നല്ലാതെ നേതാക്കള്‍ക്കു മുന്നില്‍ മറ്റു വഴികള്‍ ഒന്നും തന്നെയില്ല. അഥവാ ഏതെങ്കിലും എതിര്‍ ശബ്ദം ഉയര്‍ത്തിയാല്‍ അവര്‍ പാര്‍ട്ടിക്ക് പുറത്താകുമെന്നതാണ് ചരിത്രം.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍ സ്വാധീനമുള്ള ആര്‍ക്കും ലീഗില്‍ നിന്നും ഏത് പദവിയും നേടിയെടുക്കാന്‍ ഒരു ബുദ്ധിമുട്ടും നിലവിലില്ല. അതിന് ലീഗില്‍ പ്രവര്‍ത്തിക്കണമെന്നു പോലും ഇല്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. മുന്‍ ലീഗ് അദ്ധ്യക്ഷന്‍മാര്‍ അങ്ങനെ കാര്യമായി രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാറില്ലന്ന ചരിത്രവും സാദിഖലി തങ്ങള്‍ ഇപ്പോള്‍ മറികടന്നിട്ടുണ്ട്. ഡല്‍ഹിയിലെ ഇന്ത്യാ മുന്നണിയോഗത്തിലും സംസ്ഥാനത്തെ പല രാഷ്ടീയ യോഗങ്ങളിലും സജീവമായാണ് സാദിഖലി ശിഹാബ് തങ്ങള്‍ പങ്കെടുക്കുന്നത്. നേരത്തെ ഈ യോഗങ്ങളില്‍ ലീഗിന്റെ മറ്റു നേതാക്കള്‍ മാത്രമാണ് പങ്കെടുത്തിരുന്നത്.

ഈ പോക്കു പോകുകയാണെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സാദിഖലി ശിഹാബ് തങ്ങള്‍ മത്സരിച്ചാല്‍ പോലും അത്ഭുതപ്പെടേണ്ടതില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അങ്ങനെ സംഭവിച്ചാല്‍ അതും മറ്റൊരു ചരിത്രമാകും. യുഡിഎഫിന് ഭരണം കിട്ടിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചാല്‍ പാണക്കാട്ട് നിന്നും ആ പദവിയിലേക്ക് ആരെങ്കിലും കടന്നുവരാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ കാണുന്നുണ്ട്. പതിവ് രീതികള്‍ പലതും തെറ്റിക്കുന്ന ലീഗ് രാഷ്ട്രീയത്തില്‍ ഇനി ഇതും കൂടി സംഭവിക്കാനേ ബാക്കിയൊള്ളൂ.

EXPRESS KERALA VIEW

Top