മദ്യപിക്കുന്നതിന് സുരക്ഷിതമായ അളവുണ്ടോ? കാലങ്ങളായി മദ്യപാനികൾ ചോദിക്കുന്ന ഈ ചോദ്യം ശാസ്ത്രീയമായി അപ്രസക്തമായിരിക്കുന്നു. ചെറിയ അളവിൽ പോലും മദ്യപിക്കുന്നത് ശരീരത്തിന് ദോഷകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ആഴ്ചയിൽ ഒരിക്കലോ മാസത്തിൽ ഒരിക്കലോ കുടിച്ചാൽ എന്ത് സംഭവിക്കാനാണ്, ദിവസവും അൽപം വീതം ആയാൽ കുഴപ്പമുണ്ടോ തുടങ്ങിയ സംശയങ്ങൾക്ക് മറുപടി നൽകുകയാണ് മുംബൈയിൽ നിന്നുള്ള ഓർത്തോപീഡിക് സർജനും ‘ന്യൂട്രിബൈറ്റ് വെൽനെസ്’ സ്ഥാപകനുമായ ഡോ. മനൻ വോറ.
മാസത്തിലൊരിക്കൽ മദ്യപിച്ചാൽ
മാസത്തിലൊരിക്കൽ മദ്യപിക്കുന്നത് പോലും തലച്ചോറിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുമെന്ന് ഡോക്ടർ മനൻ വോറ പറയുന്നു. ഈ ഒറ്റ ദിവസം പോലും കരളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയും ക്ലാസിക് ഹാങ് ഓവർ ലക്ഷണങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഈ ദിവസങ്ങളിൽ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും നിർജലീകരണം സംഭവിക്കുകയും ചെയ്യും. മദ്യത്തിന്റെ അംശം പുറംതള്ളാൻ കരളിന് അധികമായി പ്രവർത്തിക്കേണ്ടിവരുന്നതിനാൽ തൊട്ടടുത്ത ദിവസം ക്ഷീണം, തലവേദന, അസ്വസ്ഥമായ ഉറക്കം എന്നിവ അനുഭവപ്പെടാം.
Also Read: ബ്രെഡ് ഫ്രിഡ്ജിൽ വെച്ച് കഴിക്കൂ, ഷുഗർ പേടിക്കാതെ! പ്രതിരോധ സ്റ്റാർച്ചിന്റെ രഹസ്യം
ആഴ്ചയിൽ ഒരിക്കലുള്ള ശീലം
ആഴ്ചയിൽ ഒരിക്കൽ മദ്യപിക്കുന്നത് കരളിന് അമിത ജോലിഭാരം നൽകുന്നു. ഇത് ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. തുടർച്ചയായ ഈ അമിത ജോലി കാരണം കരളിന് കൂടുതൽ വിശ്രമം ലഭിക്കാതെ വരികയും, ഫാറ്റി ലിവർ രോഗം നേരത്തെ വരാനുള്ള സാധ്യത കൂടുകയും ചെയ്യും. ആഴ്ചയിൽ ഒരിക്കലുള്ള മദ്യപാനം ഹാങ്ഓവറിനെ കൂടുതൽ വഷളാക്കാനും സാധ്യതയുണ്ട്.
ആഴ്ചയിൽ മൂന്ന് മുതൽ അഞ്ച് തവണ വരെ
ആഴ്ചയിൽ പല തവണ മദ്യപിക്കുന്നത് ശരീരത്തിന് സ്വയം വീണ്ടെടുക്കാനുള്ള സമയം പോലും നിഷേധിക്കുന്നതിന് തുല്യമാണ്. ഇത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമായി വർദ്ധിക്കാൻ കാരണമാവുകയും ചെയ്യും. രാത്രികളിലെ ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നു, കൂടാതെ കരൾ വീർക്കാനും ഇത് കാരണമാകുന്നു.
എല്ലാ ദിവസവുമുള്ള ഉപയോഗം
എല്ലാ ദിവസവും മദ്യപിക്കുന്നത് വ്യക്തിയെ ഉയർന്ന അപകടാവസ്ഥയിലേക്കാണ് തള്ളിവിടുന്നത് എന്ന് ഡോ. വോറ മുന്നറിയിപ്പ് നൽകുന്നു. ഇത് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും കാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ലിവർ ഫൈബ്രോസിസ് അല്ലെങ്കിൽ ലിവർ സിറോസിസ് ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിക്കുന്നു. കൂടാതെ, ഹൃദയത്തിന്റെയും പാന്‍ക്രിയാസിന്റെയും ആരോഗ്യത്തെയും ഇത് ഗുരുതരമായി ബാധിക്കും. മദ്യപിക്കുന്നതിന് പ്രായഭേദമന്യേ സുരക്ഷിതമായ അളവില്ലെന്നും, കൂടുതൽ മദ്യപിക്കുന്തോറും അപകടസാധ്യതകൾ വർദ്ധിക്കുകയാണെന്നും ഡോ. മനൻ വോറ ശക്തമായി ഊന്നിപ്പറയുന്നു.






