നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി ‘കാപ്പ’ ചുമത്തപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ കുപ്രസിദ്ധ മോഷ്ടാവ് വീണ്ടും പൊലീസ് പിടിയിലായി. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശിയായ മുജീബിനെയാണ് (39) സ്കൂട്ടർ മോഷ്ടിച്ച കേസിൽ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ 14-ന് ഉച്ചയ്ക്ക് മാനാഞ്ചിറയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ചെലവൂർ സ്വദേശിയുടെ ആക്ടീവ സ്കൂട്ടറുമായാണ് ഇയാൾ കടന്നുകളഞ്ഞത്. വാഹന ഉടമയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച ടൗൺ പൊലീസ്, സംഭവസ്ഥലത്തെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കി നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും കുന്ദമംഗലത്തുനിന്ന് വലയിലാക്കിയതും.
കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൗഡിയായ മുജീബിന്റെ പേരിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി മോഷണത്തിനും പിടിച്ചുപറിക്കുമായി പന്ത്രണ്ടോളം കേസുകൾ നിലവിലുണ്ട്. തുടർച്ചയായ ക്രിമിനൽ പ്രവർത്തനങ്ങൾ കാരണം കാപ്പ നിയമപ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലായിരുന്ന ഇയാൾ, ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെയാണ് വീണ്ടും പഴയ ‘പണി’ തന്നെ തുടങ്ങിയത്. ടൗൺ പൊലീസ് എസ്.ഐ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അതിസാഹസികമായി ഈ സ്ഥിരം കുറ്റവാളിയെ വീണ്ടും അകത്താക്കിയത്.






